വ്യാപാരികള്‍ക്കു സഹായം: സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പിലായില്ല
കല്‍പ്പറ്റ: പ്രളയത്തില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായ വ്യാപാരികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പായില്ല. പ്രളയം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടെങ്കിലും ആനുകൂല്യം നല്കാന് സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ പറയുന്നു.
ജില്ലയില്‍ 300 വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണമായും 200ല്‍പരം കടകള്‍ ഭാഗികമായും പ്രളയത്തില്‍ നശിച്ചു. കോട്ടത്തറ, വെണ്ണിയോട്, പൊഴുതന, അച്ചൂര്, വൈത്തിരി, പനമരം, നിരവില്‍പ്പുഴ, പേര്യ എന്നിവിടങ്ങളില്‍ മാത്രം 30 കോടിയിലധികം രൂപയുടെ നഷ്ടമാണ് വ്യാപാരികള്‍ക്കുണ്ടായത്. സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും വ്യാപാരികള്‍ക്ക് സഹായം പ്രഖ്യാപിക്കുകയുണ്ടായി. പത്തു ലക്ഷം രൂപയുടെ പലിശ രഹിത വായ്പ ഉള്‍പ്പെടെ സഹായമാണ് പ്രഖ്യാപിച്ചത്.
വ്യാപാരികളില്‍നിന്നു നാശനഷ്ടത്തിന്റെ കണക്ക് കൃത്യമായി ശേഖരിച്ചെങ്കിലും പ്രഖ്യാപനം സര്‍ക്കാര്‍ തന്നെ അട്ടിമറിച്ചുവെന്നു വ്യാപാരി സംഘടനാ നേതാക്കള്‍ പറഞ്ഞു. ബാങ്കുകളില്‍നിന്നു വായ്പയെടുത്ത് കച്ചവടം തുടങ്ങിയവരാണ് കാലവര്‍ഷത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ നശിച്ചവരില്‍ ഏറെയും. വ്യാപാരം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇവരില്‍ പലരും.
തൊഴിലും, വ്യാപാരവും നഷ്ടപ്പെട്ട വ്യാപാരികളുടെ കടബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും വ്യാപാരികളെ സഹായിക്കാന്‍ കേന്ദ്ര നിയമത്തില്‍ വ്യവസ്ഥയില്ലെന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ തിരുത്തണമെന്നുമാണ് ഏകോപന സമിതി നേതാക്കളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."