മാധ്യമരംഗത്തെ നിശബ്ദ കൂട്ടക്കശാപ്പ്
മന്ത്രി ഐ.കെ ഗുജ്‌റാളിന്റെ മുഖത്തുനോക്കി ഇന്ദിരാഗാന്ധി പൊട്ടിത്തെറിക്കുകയായിരുന്നു, 'ആകാശവാണിയുടെയും ദൂരദര്‍ശന്റെയും എല്ലാ വാര്‍ത്തകളുടെയും സ്‌ക്രിപ്റ്റ് പ്രക്ഷേപണത്തിനു മുമ്പ് എനിക്ക് ഇവിടെ കിട്ടണം!'
അടിയന്തരാവസ്ഥയ്ക്കു തൊട്ടുമുന്‍പുള്ള കാലമായിരുന്നു അത്. രാജ്യത്തിന്റെ ഔദ്യോഗികമാധ്യമങ്ങള്‍ തനിക്കു വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ല എന്ന് ഇന്ദിരാഗാന്ധിക്കു തോന്നി. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രിയായ ഐ.കെ ഗുജ്‌റാളിനെ വിളിച്ചുവരുത്തി നിര്‍ത്തിപ്പൊരിച്ചത് ആ തോന്നലിന്റെ ഭാഗമായിരുന്നു. പക്ഷേ, ഗുജ്‌റാള്‍ ശാന്തനായാണ് പ്രതികരിച്ചത്, ' സോറി മാഡം, ആകാശവാണി വാര്‍ത്തകളുടെ സ്‌ക്രിപ്റ്റ് എനിക്കുപോലും മുന്‍കൂട്ടി ലഭിക്കാറില്ല!' പക്ഷേ, ആ മറുപടി ഇന്ദിരയെ കൂടുതല്‍ ചൊടിപ്പിച്ചു. 'നിങ്ങള്‍ക്കു കിട്ടിയാലും ഇല്ലെങ്കിലും ശരി, പ്രധാനമന്ത്രിയായ എനിക്കതു കണ്ടേ തീരൂ!'-ഇന്ദിര തീര്‍ത്തുപറഞ്ഞു.
ഇന്ത്യയെന്ന മഹാരാജ്യത്തിലെ മാധ്യമങ്ങളെ മുഴുവന്‍ ഇന്ദിരാഗാന്ധിയും മകന്‍ സഞ്ജയ്ഗാന്ധിയും ചേര്‍ന്ന് എങ്ങനെ നിശബ്ദമാക്കിയെന്നതിന്റെ ദീര്‍ഘവിവരണം കൂമി കപൂര്‍ എഴുതിയ The Emergency: A Personal History എന്ന പുസ്തകത്തിലുണ്ട്. ഇന്ദിരയുടെ ഒരു ഉറ്റ സുഹൃത്ത് അക്കാലത്ത് ഗുജ്‌റാളിനെ വിളിച്ചിട്ടു പറഞ്ഞത്രെ, 'അടിയന്തിരാവസ്ഥയെച്ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നതയുണ്ടെന്നാണ് ആ ബി.ബി.സി ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വേഗം അയാളെ അറസ്റ്റു ചെയ്ത് പാന്റും ഷര്‍ട്ടും അഴിച്ചെടുത്ത് ജയിലിലിടൂ..!' അപ്പോഴും ഗുജ്‌റാള്‍ പറഞ്ഞത്രെ, 'സുഹൃത്തേ, അറസ്റ്റ് എന്റെ വകുപ്പല്ല. നിങ്ങള്‍ ആഭ്യന്തരമന്ത്രാലയത്തിലേക്ക് വിളിക്കൂ.'
അടിയന്തിരാവസ്ഥയുടെ ഓര്‍മയ്ക്കു നാലു പതിറ്റാണ്ട് തികയാറാകുമ്പോള്‍ സെന്‍സര്‍ഷിപ്പല്ല മാധ്യമങ്ങളെ കീഴടക്കാനുള്ള വഴിയെന്ന് ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയനേതൃത്വത്തിന് അറിയാം. രാഷ്ട്രീയാധികാരത്തെ നേരിട്ടു മാധ്യമങ്ങള്‍ക്കുമേല്‍ ചുമത്തി പേടിപ്പിച്ചല്ല വാര്‍ത്തകളെ വരുതിയിലാക്കേണ്ടതെന്ന് ഇന്ന് ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തിരിച്ചറിഞ്ഞിട്ടുണ്ട്. പകരം പ്രത്യക്ഷമായും പരോക്ഷമായും ലാഭക്കൊയ്ത്തിന്റെ വിപണിയായ മാധ്യമരംഗത്ത് വന്‍ മുതല്‍മുടക്ക് നടത്തുകയാണ് ഇന്നത്തെ രാഷ്ട്രീയനേതാക്കള്‍. മൂലധനവും രാഷ്ട്രീയാധികാരവും ഉപയോഗിച്ച് ഒരു തുള്ളി ചോരപൊടിയാതെ നടത്തുന്ന ഈ കശാപ്പാണ് ഇന്ന് ഇന്ത്യന്‍ മാധ്യമമേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
ഇന്ത്യയിലെ മൂന്നിലൊന്ന് ന്യൂസ്ചാനലുകളും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെയോ നേതാക്കളുടെയോ ഉടമസ്ഥതയിലുള്ളതാണെന്ന് 'ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് ' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഏതു രാഷ്ട്രീയപാര്‍ട്ടിക്കും നേതാവിനും നിലനില്‍പിന് ഒരു ചാനല്‍ ഇന്ന് അത്യാവശ്യമാണ്. നേരിട്ടുള്ള ഈ മാധ്യമവ്യവസായത്തിനു പുറമേ രാഷ്ട്രീയക്കാര്‍ക്ക് അവരുടെ അധികാരം ഉപയോഗിച്ച് സ്വാധീനം ചെലുത്താന്‍ കഴിയുംവിധം ദുര്‍ബലമായിട്ടുണ്ട് പേരുകേട്ട പല മാധ്യമസ്ഥാപനങ്ങളുടെയും വാര്‍ത്താമുറികള്‍. അഭിമാനകരമായൊരു പ്രൊഫഷന്‍ എന്ന നിലയില്‍നിന്നു രാഷ്ട്രീയ-വ്യവസായ താത്പര്യങ്ങള്‍ക്ക് അനുകൂലമായി വാര്‍ത്തകള്‍ സൃഷ്ടിക്കുകയോ വളച്ചൊടിക്കുകയോ ചെയ്യേണ്ട അവസ്ഥയിലേക്കു മാധ്യമപ്രവര്‍ത്തകരും മാറിയിരിക്കുന്നു.
രാഷ്ട്രീയതാല്‍പര്യങ്ങള്‍ക്കു പുറത്ത് മാധ്യമവ്യവസായത്തില്‍ നിക്ഷേപം നടത്തുന്ന വന്‍കിട കമ്പനികള്‍ ആകട്ടെ പലപ്പോഴും അവരുടെ വ്യാപാരലക്ഷ്യങ്ങള്‍ക്കായി മാധ്യമങ്ങളെ ഉപയോഗിക്കുന്നു. മറ്റു പല രംഗങ്ങളിലെ ലാഭകേന്ദ്രീകൃത നിക്ഷേപംപോലെ വേഗത്തില്‍ സാമ്പത്തികലാഭം കിട്ടാനുള്ള ഒരു മാര്‍ഗം മാത്രമായി അവര്‍ മാധ്യമങ്ങളെയും കാണുന്നു.
ലോകത്തിലെ മറ്റു പല രാജ്യങ്ങളിലെയും മാധ്യമമേഖലയുമായി താരതമ്യം ചെയ്താല്‍ ഏറെ വ്യത്യാസങ്ങളുണ്ട് ഇന്ത്യന്‍ മാധ്യമമേഖലയുടെ ചരിത്രത്തിനും വര്‍ത്തമാനത്തിനും. ദേശീയ സ്വാതന്ത്ര്യസമരധാരയുടെ ഊര്‍ജം ഉള്‍ക്കൊണ്ടു വളര്‍ന്ന മാധ്യമമേഖലയാണ് ഇന്ത്യയുടേത്. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് നമ്മള്‍ പത്രങ്ങള്‍ തുടങ്ങിയത്. അച്ചടിമാധ്യമരംഗവും ടെലിവിഷനും ഓണ്‍ലൈനും ഒരുപോലെ വളരുന്ന രാജ്യമാണിത്. പല രാജ്യങ്ങളിലും പ്രിന്റ്‌മേഖല പിന്നോട്ടടിക്കുമ്പോള്‍ ഇന്ത്യയില്‍ ഇപ്പോഴുമതു വളര്‍ച്ചയിലാണ്. സമ്പന്നമായ നമ്മുടെ ഭാഷാവൈവിധ്യത്തിനു നന്ദി പറയാം.
പക്ഷേ, സമരാവേശത്തില്‍ പത്രവായന തുടങ്ങിയ ഒരു ജനത സ്വാതന്ത്ര്യപ്രാപ്തിയുടെ ഏഴു പതിറ്റാണ്ടിനുശേഷം പിന്തിരിഞ്ഞുനോക്കുമ്പോള്‍ എന്താണു കാണുന്നത്? ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ മാധ്യമലോകത്തിന്റെ ഭാവി എന്താണ്? തീര്‍ച്ചയായും ആശങ്കകളാണു കൂടുതല്‍. പരസ്യവരുമാന കേന്ദ്രീകൃതമായ മാധ്യമ വ്യവസായത്തിനപ്പുറം മറ്റു ജനകീയ സമാന്തര മാധ്യമധാരകളൊന്നും കാര്യമായി വേരുറപ്പിച്ചിട്ടില്ല. മാധ്യമരംഗത്ത് നമുക്ക് എടുത്തുകാട്ടാന്‍ നോണ്‍ പ്രോഫിറ്റ് മാതൃകകളൊന്നുമില്ല. ഉദാരീകരണത്തോടെ തുറന്നുകിട്ടിയ ഇന്ത്യന്‍ മാധ്യമവിപണിയില്‍ ചുവടുറപ്പിക്കുന്നത് അത്രയും കോര്‍പറേറ്റ് ഭീമന്മാരാണ്.
82,000 പ്രസിദ്ധീകരണങ്ങളും മുന്നൂറോളം എഫ്.എം സ്റ്റേഷനുകളും എണ്ണൂറോളം ചാനലുകളുമുള്ള ഈ രാജ്യത്ത് പക്ഷേ ജനം എന്ത് അറിയണമെന്നു തീരുമാനിക്കുന്നത് ഇപ്പോഴും വിരലിലെണ്ണാവുന്ന കോര്‍പറേറ്റ് ഭീമന്മാര്‍തന്നെയാണ്. ഫലം ഇന്ത്യയുടെ ഗ്രാമങ്ങളും അവിടുത്തെ ജീവിതവും വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെടാതിരിക്കുകയും നഗരകേന്ദ്രീകൃതമായ ഒരു വാര്‍ത്താസംസ്‌കാരത്തെ വളരെ സ്വാഭാവികമെന്ന മട്ടില്‍ നാം സ്വീകരിക്കുകയും ചെയ്യുന്നു.
പലരും കരുതുന്നത് പുതുതായി വളരുന്ന സമൂഹമാധ്യമങ്ങളും ഓണ്‍ലൈന്‍ മാധ്യമമേഖലയും വാര്‍ത്തയിലെ സാധാരണക്കാരന്റെ ഇടം കൂട്ടുമെന്നാണ്. പക്ഷേ, ഇതുവരെയുള്ള സാഹചര്യം ഈ പ്രതീക്ഷ അസ്ഥാനത്താക്കുന്നതാണ്. അച്ചടി-ദൃശ്യ മാധ്യമമേഖലയിലെ ഭീമന്മാര്‍തന്നെയാണ് ഇന്ന് ഓണ്‍ലൈന്‍ വാര്‍ത്താരംഗത്ത് ചുവടുറപ്പിക്കുന്നത്. വെറും ക്ലിക്കുകളിലും ഹിറ്റിലും മാത്രം അധിഷ്ഠിതമായ കച്ചവടമാതൃകകള്‍ തന്നെയാണ് ഓണ്‍ലൈന്‍ വാര്‍ത്താരംഗത്തും സൃഷ്ടിക്കപ്പെടുന്നത്. ഒറ്റപ്പെട്ട ചില വേറിട്ട പോര്‍ട്ടലുകള്‍ ആകട്ടെ ഭരണകൂടത്തിന്റെ വേട്ടയാടലിലും സാമ്പത്തിക പ്രശ്‌നങ്ങളിലുംപെട്ട് അവസാനിക്കുകയും ചെയ്യുന്നു.
'Journalism is an act of faith in the future' എന്നു പറഞ്ഞത് അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകയായ Ann Curry ആണ്. മൂന്നു പതിറ്റാണ്ടിലേറെ യുദ്ധഭൂമികളില്‍ നടന്ന്, മനുഷ്യന്റെ കണ്ണീരിനും ചോരയ്ക്കും നടുവില്‍നിന്നു വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത അനുഭവപരിചയമാണ് അവരെക്കൊണ്ട് അതു പറയിച്ചത്. ലോകത്തെവിടെയും മാധ്യമപ്രവര്‍ത്തകര്‍ എഴുതിയും പറഞ്ഞും ചെയ്യുന്നത് അതുതന്നെയാണ്, കൂടുതല്‍ നല്ല ഒരു നാളേക്കായുള്ള വിശ്വാസം സൃഷ്ടിക്കുക.
വമ്പിച്ച മൂലധനവും മാനവശേഷിയും വരുമാനവും ആവശ്യമുള്ള വ്യവസായം ആയിരിക്കെത്തന്നെ ഏതൊരു മാധ്യമവും മറ്റൊരു വ്യവസായത്തിനുമില്ലാത്ത ഒരു സാമൂഹികദൗത്യം ഏറിയോ കുറഞ്ഞോ നിര്‍വഹിക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകന്‍ ഓരോ ദിവസവും സംവദിക്കുന്നത് സമൂഹത്തോടാണ് എന്നതുകൊണ്ടുതന്നെ അവന്റെ/അവളുടെ ഒരു ചെവി എപ്പോഴും സമൂഹത്തിലേക്ക് തുറന്നിരിക്കണം. സ്വയം കറക്ട് ചെയ്യാനുള്ള ഉപകരണമായി വിമര്‍ശനങ്ങളെ കാണാനും ഗുണപരമായി സംവദിക്കാനും മാധ്യമ പ്രവര്‍ത്തകര്‍ക്കു കഴിയണം. മാധ്യമ നൈതികത സംബന്ധിച്ച ഏതൊരു ചര്‍ച്ചയില്‍നിന്നും മാധ്യമപ്രവര്‍ത്തകര്‍ ഓടിയൊളിക്കേണ്ടതില്ല. മാത്രമല്ല, മാധ്യമസത്യസന്ധത വലിയൊരു മുദ്രാവാക്യമായി ഉയര്‍ത്തുകയും നിലനിര്‍ത്തുകയും ചെയ്യേണ്ട തൊഴില്‍പരമായ ബാധ്യതകൂടി ഈ കാലത്തു മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ട്.
(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."