റണ്‍വേ വികസനം കഴിയാതെ കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതിയില്ലെന്ന് വ്യോമയാനമന്ത്രി
ന്യൂഡല്‍ഹി: ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി റണ്‍വേ വികസനം കഴിയാതെ കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറക്കുന്നതിനുള്ള അനുമതി പുന:സ്ഥാപിക്കാനാവില്ലെന്ന് കേന്ദ്രവ്യോമയാന മന്ത്രി അശോക് ഗജപതി രാജു.
ഇക്കാര്യമാവശ്യപ്പെട്ട് തന്നെ കണ്ട മലബാര്‍ മേഖലയില്‍ നിന്നുള്ള യു.ഡി.എഫ് എം.പിമാരെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കോഴിക്കോട് വിമാനത്താവള റണ്‍വേ ടേബിള്‍ടോപ്പ് രീതിയിലുള്ളതാണെന്നും മംഗലാപുരം അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരം റണ്‍വേകളില്‍ വലിയ വിമാനം ഇറങ്ങാന്‍ അനുമതി നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചതാണെന്നും മന്ത്രി വ്യക്തമാക്കി.
കോഴിക്കോട് നിന്നു കോയമ്പത്തൂര്‍ മുബൈ വഴി ഡല്‍ഹിയിലേക്കും തിരിച്ചും ഉണ്ടായിരുന്ന എയര്‍ഇന്ത്യയുടെ സര്‍വിസ് പുനരാരംഭിക്കുന്നകാര്യം പരിഗണിക്കാമെന്നും മന്ത്രി എം.പിമാര്‍ക്ക് ഉറപ്പ് നല്‍കി. വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ കഴിയാത്തത് മൂലം പ്രവാസി മലയാളികള്‍ ഏറെ ദുരിതമാണ് അനുഭവിക്കുന്നതെന്ന് എം.പിമാര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
ഹജ്ജ് തീര്‍ഥാടകരും വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നു. പലര്‍ക്കും ഇതുമൂലം കൊച്ചി അടക്കമുള്ള വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഈ പശ്ചാത്തലത്തില്‍ താല്‍ക്കാാലികമായി വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനുള്ള അനുമതി പുന:സ്ഥാപിക്കണമെന്ന നിര്‍ദേശം എം.പിമാര്‍ മുന്നോട്ടുവച്ചു. കോഴിക്കോട് വിമാനത്താവളത്തിന്റെ ആഭ്യന്തര ടെര്‍മിനലിലെ സ്ഥലവും ഇതിനായി ഉപയോഗപ്പെടുത്താമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ വിമാനാത്താവള വികസനം പൂര്‍ത്തിയാക്കിയ ശേഷം വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനുള്ള അനുമതി പുന:സ്ഥാപിക്കാമെന്ന് മന്ത്രി എം.പിമാരെ അറിയിക്കുകയായിരുന്നു.
വിമാനത്താവള റണ്‍വേ വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ചും ചര്‍ച്ച നടന്നു. വികസനത്തിന് ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കാമെന്നും സംസ്ഥാന സര്‍ക്കാരുമായി ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാമെന്നും അശോക് ഗജപതി രാജു അറിയിച്ചു. രണ്ടാം ഘട്ട റണ്‍വേ വികസനത്തിന് 248 ഏക്കര്‍ ഭൂമിയും, രണ്ടാം ആഗമന ടെര്‍മിനലിനും പാര്‍ക്കിങ് ബേയ്ക്കും 137 ഏക്കര്‍ ഭൂമിയുമാണ് ആവശ്യമായുള്ളത്. നിലവില്‍ റണ്‍വേയുടെ നീളം 9000 അടിയാണ്. ഇത് 14000 അടിയായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. വ്യോമയാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച ശുഭപ്രതീക്ഷ നല്‍കുന്നതാണെന്നും വിമാനത്താവളം നേരിടുന്ന വികസന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മന്ത്രിയുടെ ഇടപെടല്‍ സഹായകരമാകുമെന്നും കോഴിക്കോട് എം.പി എം.കെ.രാഘവന്‍ പറഞ്ഞു. യു.ഡി.എഫ് എം.പിമാരായ ഇ.അഹമ്മദ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.കെ.രാഘവന്‍, ഇ.ടി.മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുല്‍ വഹാബ് എന്നിവരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."