ജില്ലാ ആശുപത്രി മാസ്റ്റര്‍പ്ലാന്‍ പ്രവൃത്തികള്‍ ഒന്നരവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും: ആരോഗ്യ മന്ത്രി
കണ്ണൂര്‍: ജില്ലാ ആശുപത്രി സൂപ്പര്‍ സ്‌പെഷാലിറ്റി നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി തയാറാക്കിയ മാസ്റ്റര്‍പ്ലാന്‍ പ്രകാരമുള്ള പ്രവൃത്തികള്‍ ഒന്നര വര്‍ഷത്തിനകം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ.കെ ശൈലജ. ഇതുമായി ബന്ധപ്പെട്ട് ജില്ലാ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കിഫ്ബി അനുവദിച്ച 76 കോടിയില്‍ 56 കോടി രൂപ ഇതിനകം ലഭ്യമായി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയായി. ഒന്നാംഘട്ടം പൂര്‍ത്തിയാക്കുന്ന മുറക്ക് ബാക്കി തുകയും അധികം തുക ആവശ്യമെങ്കില്‍ അതും കിഫ്ബി വഴി ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.
കോസ്റ്റല്‍ സോണ്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ വിവിധ എന്‍.ഒ.സികള്‍ ലഭിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ കാലതാമസമാണ് പ്രവൃത്തി ഇത്രയും വൈകിച്ചത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായ സ്ഥിതിക്ക് പുതിയ കെട്ടിടത്തിനുള്ള തറക്കല്ലിടന്‍ ഉടന്‍ നിര്‍വഹിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിലെ പല കെട്ടിടങ്ങളും പൊളിച്ചുമാറ്റിയും ചിലത് നവീകരിച്ചും പുതിയവ നിര്‍മിച്ചുമാണ് മാസ്റ്റര്‍പ്ലാന്‍ നടപ്പിലാക്കേണ്ടത് എന്നതിനാല്‍ രോഗികള്‍, പൊതുജനങ്ങള്‍, വിവിധ വകുപ്പുകള്‍, ജീവനക്കാര്‍ തുടങ്ങിയവരുടെയെല്ലാം സഹകരണം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.ജില്ലാ ആശുപത്രിയിലെ ലേബര്‍ റൂം സൗകര്യങ്ങള്‍ 'ലക്ഷ്യ' (ലേബര്‍ റൂം ക്വാലിറ്റി ഇംപ്രൂവ്‌മെന്റ് ഇനീഷ്യേറ്റീവ്) നിലവാരത്തിലേക്ക് എത്തിക്കുന്ന പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണെന്ന് യോഗം വിലയിരുത്തി. മാന്യമായ പ്രസവാനുഭവം അമ്മമാര്‍ക്ക് നല്‍കുന്നതാണ് പദ്ധതി. ഇതിന്റെ ഭാഗമായി ഗര്‍ഭിണികള്‍ക്ക് കൂടുതല്‍ സ്വകാര്യത നല്‍കുന്നതിന് പ്രസവമുറി പ്രത്യേക ക്യൂബിക്കിളുകളായി തിരിക്കുകയും ലേബര്‍ ടേബിളിന് പ്രകരം സൗകര്യപ്രദമായ കിടക്കകള്‍ ഒരുക്കുകയും ചെയ്തിട്ടുണ്ട്. പ്രസവവേളയില്‍ ഭര്‍ത്താവിന് കൂടി മുറിയില്‍ പ്രവേശനം നല്‍കുന്നതടക്കം കാതലായ മാറ്റങ്ങളാണ് ലക്ഷ്യ പദ്ധതി നടപ്പിലാവുന്നതോടെ യാഥാര്‍ഥ്യമാവുക.
ആധുനിക ശസ്ത്രക്രിയാ മുറികള്‍ ഒരുക്കുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. കൂടുതല്‍ ജീവനക്കാരെ നിയോഗിക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും യോഗം വിലയിരുത്തി. ദേശീയ ആരോഗ്യ മിഷനും സംസ്ഥാന ആരോഗ്യ വകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിക്ക് മൂന്നു കോടി രൂപയാണ് വകയിരുക്കിയിരിക്കുന്നത്. കേന്ദ്ര ഫണ്ടുപയോഗിച്ച് നിര്‍മിക്കുന്ന ആധുനിക ട്രോമാ കെയര്‍ യൂനിറ്റിന് ഇതിനകം 1.6 കോടി രൂപ ലഭിച്ചതായും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായും യോഗം വിലയിരുത്തി. ജില്ലാ ആശുപത്രിയിലെ നവീകരിച്ച കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ കെ.പി ജയബാലന്‍, കേണല്‍ പത്മനാഭന്‍, ഡോ. വി.കെ രാജീവന്‍, ഡോ. ദിലീപ്, ഡോ. ഇ. മോഹനന്‍, ഡോ. രാജേഷ്, ഡോ. ആശിഷ് ബെന്‍സ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."