മുക്കിക്കോല്ലരുത് ഈ ജനതയെ
2017 ഓഗസ്റ്റ് 7 വൈകുന്നേരം. മധ്യപ്രദേശിലെ ധാര്‍ ജില്ലയിലെ ചിക്കല്‍ദ ഗ്രാമത്തിലേക്ക് രണ്ടായിരത്തോളം പൊലിസുകാര്‍ സര്‍വസന്നാഹങ്ങളുമായി കുതിച്ചെത്തുന്നു. ഒരു സമരപന്തലും അതിന്റെ മുന്നില്‍ പ്രതിരോധം തീര്‍ത്ത് ഒരുകൂട്ടം സാധാരണ മനുഷ്യരും സര്‍വായുധങ്ങളുമായെത്തിയ പൊലിസ് പടയും നേര്‍ക്കുനേര്‍ നിന്ന മണിക്കൂറുകള്‍.
നര്‍മദാ നദിക്കു കുറുകെ ഗുജറാത്തില്‍ നിര്‍മിച്ച സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ ഏറ്റവും കൂടിയ ഉയരമായ 138.68 മീറ്ററിലുള്ള ഷട്ടറുകള്‍ അടച്ചതില്‍ പ്രതിഷേധിച്ചും ജലനിരപ്പ് ഉയരുന്നതുമൂലം കിടപ്പാടങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്കു ന്യായമായ പുനരധിവാസം ആവശ്യപ്പെട്ടും കഴിഞ്ഞ ജൂലൈ 27 മുതലാണ് മനുഷ്യാവകാശ പ്രവര്‍ത്തക മേധാപട്കറും നര്‍മദാ തീരഗ്രാമങ്ങളില്‍നിന്നുള്ള മറ്റു പതിനൊന്നു പേരും ചേര്‍ന്ന് അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുന്നത്. ഇവരെ സമരത്തില്‍നിന്നു പിന്തിരിപ്പിക്കാന്‍ ഒരു തരത്തിലും സാധ്യമാകാത്തതിനാലാണു രണ്ടായിരത്തോളം പൊലിസുകാര്‍ പടക്കോപ്പുകളുമായി തുരത്തിയോടിക്കാനെത്തിയത്.
പൊലിസ് പടയെത്തുന്ന വിവരമറിഞ്ഞ ജനങ്ങള്‍ നേരത്തെ സമരപന്തലിനു ചുറ്റും തടിച്ചുകൂടിയിരുന്നു. നര്‍മദാ തീരത്തെ ജനങ്ങളുടെ അതിജീവനത്തിനു വേണ്ടിയുള്ള സമരത്തെ സംരക്ഷിക്കാനായി നിരാഹാരമിരിക്കുന്നവര്‍ക്കു മുന്‍പില്‍ ഗ്രാമവാസികള്‍ പ്രതിരോധം തീര്‍ത്തു നിരന്നുനിന്നു. നിരാഹാരമിരിക്കുന്നവരെ അറസ്റ്റ് ചെയ്യുക എന്ന ലക്ഷ്യത്തോടെയെത്തിയ വന്‍ പൊലിസ് സംഘത്തിന് ആ ചെറിയ ആള്‍ക്കൂട്ടത്തിന്റെ മനോധൈര്യത്തിനു മുന്നില്‍ പതറേണ്ടിവന്നു. ഏതാനും മീറ്ററുകള്‍ മാത്രം അകലെ സമരപന്തലില്‍ നിരാഹാരമിരിക്കുന്നവരുടെ അടുത്തെത്താന്‍ അവര്‍ക്ക് വേണ്ടിവന്നത് 80 മിനിറ്റാണ്. തുടര്‍ന്ന് ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചുകയറിയ പൊലിസുകാര്‍ സമരപന്തലും കസേരകളും തകര്‍ത്തു. ആണിതറച്ച ലാത്തിക്കും ഭരണകൂടത്തിന്റെ മുഷ്ടിക്കുമിരയായി നിരവധിപേര്‍ക്കു മാരകമായി പരുക്കേറ്റു. മുദ്രാവാക്യങ്ങളും മര്‍ദനമേറ്റവരുടെ നിലവിളികളുമായി ഭീതിജനകമായ നിമിഷങ്ങള്‍. ഒടുവില്‍ സമരക്കാരെ വകഞ്ഞുമാറ്റി മേധാപട്കര്‍ അടക്കം നിരാഹാരമിരുന്നവരെ പൊലിസ് അറസ്റ്റ് ചെയ്യുകയും ഇന്‍ഡോറിലെ ബോംബെ ആശുപത്രിയിലേക്കു നീക്കുകയും ചെയ്തു. പൊലിസിന്റെ കടുത്ത നിയന്ത്രണമുള്ളതിനാല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ അടുത്തേക്ക് ബന്ധുക്കളാര്‍ക്കും പ്രവേശനം പോലും അനുവദിച്ചില്ല.
അതിനിടെ, നേരത്തെ സമരം നടന്നിടത്ത് പുതുതായി 10 പേര്‍ നിരാഹാരം ആരംഭിച്ചു സമരം വീണ്ടും ശക്തമാക്കി. ഈ കുറിപ്പ് എഴുതുന്ന ദിവസം (ഓഗസ്റ്റ് ഒന്‍പത്) വൈകുന്നേരത്തോടെ മേധാപട്കറെ ആശുപത്രിയില്‍നിന്ന് പൊലിസ് മോചിപ്പിച്ചു. ബാക്കിയുള്ള സമരക്കാര്‍ ഇപ്പോഴും ആശുപത്രിയില്‍ പൊലിസ് കസ്റ്റഡിയില്‍ കഴിയുകയാണ്. പൊലിസ് കസ്റ്റഡിയില്‍നിന്നു മോചിതയായ മേധാപട്കര്‍ ആശുപത്രിയില്‍നിന്നു നേരെ പോയത് ബാര്‍വാനിയിലുള്ള നര്‍മദാ ബച്ചാവോ ആന്തോളന്റെ കാര്യാലയത്തിലേക്കാണ്. എന്നാല്‍, 35ഓളം പൊലിസ് വാഹനങ്ങള്‍ അവരെ പിന്തുടരുകയും നാടകീയമായി അവരുടെ വാഹനം തടഞ്ഞുനിര്‍ത്തി ഡ്രൈവറെ പിടിച്ചു പുറത്തിറക്കുകയും ചെയ്തു. വാഹനത്തിന്റെ നിയന്ത്രണം ഒരു പൊലിസ് ഉദ്യോഗസ്ഥന്‍ ഏറ്റെടുത്തു. പിന്നീട് അവരെ കൊണ്ടുപോയത് ധര്‍ ജില്ലയിലേക്കാണ്. അവിടെ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റിന്റെ മുന്‍പില്‍ ഹാജരാക്കി 151 വകുപ്പ് ചാര്‍ത്തി മേധാപട്കറെ ജയിലിലടച്ചു.
ഇതെഴുതുമ്പോളും മേധാപട്കര്‍ ജയിലില്‍ നിരാഹാരസമരം തുടരുകയാണ്. അവരെ കാണാന്‍ അഭിഭാഷകനെ പോലും പൊലിസ് അനുവദിച്ചിട്ടില്ല. നിയമങ്ങള്‍ ഭരണകൂടത്തിനും അവരുടെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കും വേണ്ടി ദുരുപയോഗപ്പെടുത്തപ്പെടുമ്പോള്‍ രണ്ട് ആഴ്ചയിലേറെയായി നിരാഹാരം തുടരുന്ന, ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സമരങ്ങളിലൊന്നിന്റെ നായികയ്ക്കു മുന്‍പില്‍ എന്തു മനുഷ്യാവകാശം, എന്തു ന്യായം, എന്തു നീതി.
നേരത്തെ ഓഗസ്റ്റ് ഏഴിനു നടന്ന പൊലിസ് അതിക്രമത്തിനെതിരേ പരാതി നല്‍കിയിരുന്നെങ്കിലും പൊലിസ് പരാതി സ്വീകരിക്കാനോ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനോ തയാറായിരുന്നില്ല. പകരം നര്‍മദാ ബച്ചാവോ ആന്തോളന്റെ ഭാഗമായ 35 സമരക്കാര്‍ക്കും കണ്ടാലറിയാവുന്ന മറ്റ് 2,500 പേര്‍ക്കുമെതിരേ കേസെടുത്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു പൊലിസ് ചെയ്തത്. എകപക്ഷീയമായ 'നീതിനിര്‍വഹണത്തി'ന്റെയും പച്ചയായ നിയമലംഘനത്തിന്റെയും ഏറ്റവും ഒടുവിലത്തെ ഉദാഹരണം.
സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ നടന്ന ഈ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തില്‍ നര്‍മദാ സമരത്തിന്റെ 32 വര്‍ഷം നീണ്ട അതിജീവന പോരാട്ട ചരിത്രം ചുരുക്കി ഓര്‍മിക്കുന്നത് നല്ലതാണ്.
നര്‍മദാ നദിയും സര്‍ദാര്‍ സരോവര്‍ അണക്കെട്ടും
സ്വാതന്ത്ര്യാനന്തരം വന്ന നെഹ്‌റു സര്‍ക്കാരാണ് 1947ല്‍ നര്‍മദാ നദിയിലെ വെള്ളം എങ്ങനെ ഉപയോഗിക്കാമെന്നു പഠിക്കാന്‍ ഒരു കമ്മിഷനെ നിയോഗിക്കുന്നത്. ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന നദിയിലെ ജലവിതരണ തര്‍ക്കം പരിഹരിക്കുന്നതിന് 1969 ഒക്ടോബര്‍ ആറിനു നര്‍മദാ നദീജല തര്‍ക്ക പരിഹാര സമിതി( Nardmada Water Dispute Tribunal ) നിലവില്‍ വന്നു. 1979 ഡിസംബര്‍ 12ന് കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
അങ്ങനെ നദീജല തര്‍ക്ക പരിഹാര സമിതി ആവശ്യപ്പെട്ടതനുസരിച്ച് 1979ല്‍ രൂപംകൊണ്ടതാണ് നര്‍മദാതീര വികസന പദ്ധതി. 30 വലിയ അണക്കെട്ടുകളും 135 ഇടത്തരം അണക്കെട്ടുകളും 3000 ചെറു അണക്കെട്ടുകളും നിര്‍മിക്കാനായിരുന്നു അന്വേഷണ സമിതി നിര്‍ദേശിച്ചത്. അത് സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു. 1984ല്‍ പദ്ധതിയുടെ നിര്‍മാണം ആരംഭിച്ചു. നര്‍മദാതീര വികസന പദ്ധതിയുടെ പ്രധാന പ്രൊജക്ടുകളിലൊന്നായിരുന്നു സര്‍ദാര്‍ സരോവര്‍ എന്ന ഭീമന്‍ അണക്കെട്ട്. ഇത് നിര്‍മിക്കുന്നതു മൂലം ഗുജറാത്തില്‍ 20 ലക്ഷം ഹെക്ടര്‍ പ്രദേശത്തും രാജസ്ഥാനില്‍ 75,000 ഹെക്ടര്‍ പ്രദേശത്തും കാര്‍ഷികാവശ്യങ്ങള്‍ക്ക് ജലമെത്തിക്കാന്‍ സാധിക്കുമെന്നായിരുന്നു സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ അവകാശപ്പെട്ടിരുന്നത്. അതോടൊപ്പം വൈദ്യുത ഉല്‍പാദനവും 50 ലക്ഷം ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും അവര്‍ വാഗ്ദാനം നല്‍കി.
എന്നാല്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ നിര്‍മാണഘട്ടം മുതല്‍ പദ്ധതിക്കെതിരേ രംഗത്തുവന്നു. മൂന്നു ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരുമെന്നും ഏഴുലക്ഷം പേരുടെ ഉപജീവനമാര്‍ഗം ഇല്ലാതാകുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. 1985ല്‍ മേധാപട്കറും സംഘവും പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. വലിയ വിഭാഗം ജനങ്ങള്‍ പദ്ധതിയുടെ ഇരകളാകുമെന്ന ആശങ്ക വ്യാപകമായി. അടിസ്ഥാന പാരിസ്ഥിതിക നിബന്ധനകളുടെ ലംഘനം, സൂക്ഷ്മ പഠനങ്ങളുടെയും ആസൂത്രണത്തിന്റെയും അഭാവം എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പദ്ധതി നിര്‍ദേശം മരവിപ്പിച്ചു.
നര്‍മദാ ബച്ചാവോ ആന്തോളന്‍
അതിനിടക്ക് സര്‍ദാര്‍ സരോവര്‍ പദ്ധതിക്കുവേണ്ടി ലോകബാങ്ക് 450 മില്യന്‍ ഡോളര്‍ വായ്പ നല്‍കാന്‍ തീരുമാനിച്ചു. ജനങ്ങളെ പുനരധിവസിപ്പിക്കാതെ നിലവിലുള്ള വിളകള്‍ക്ക് നഷ്ടപരിഹാരം നല്‍കി പ്രശ്‌നം പരിഹരിക്കാനായിരുന്നു ആദ്യ തീരുമാനം. പദ്ധതിയുടെ വിശദാംശങ്ങള്‍ അറിയാന്‍ മേധാപട്കര്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചപ്പോഴാണ് ഈ വിവരങ്ങള്‍ അറിയുന്നത്.
അവര്‍ ഗവേഷണ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് പദ്ധതിബാധിതരായ ജനങ്ങളെ സംഘടിപ്പിക്കാനും പ്രക്ഷോഭം നയിക്കാനും തീരുമാനിച്ചു. അങ്ങനെയാണ് 1985ല്‍ നര്‍മദാ ബച്ചാവോ ആന്തോളന്‍(എന്‍.ബി.എ) രൂപീകരിക്കപ്പെടുന്നത്.
എന്‍.ബി.എ മധ്യപ്രദേശില്‍നിന്ന് ആരംഭിച്ച് നര്‍മദ താഴ്‌വരയില്‍ അവസാനിക്കുന്ന വിധത്തില്‍ അയല്‍ സംസ്ഥാനങ്ങളിലൂടെ 36 ദിവസം നീണ്ട ഐക്യദാര്‍ഢ്യ മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ചിനെ ക്രൂരമായി അടിച്ചമര്‍ത്താനാണ് പൊലിസ് ശ്രമിച്ചത്. പദ്ധതി നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മേധാപട്കര്‍ നടത്തിയ 22 ദിവസം നീണ്ട നിരാഹാര സമരം ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. 'ജല്‍ സത്യഗ്രഹ് ' ഉള്‍പ്പെടേയുള്ള വിവിധ സമരമുറകള്‍ എന്‍.ബി.എ പരീക്ഷിച്ചു. 1991ല്‍ ലോകബാങ്ക് സ്വതന്ത്ര അന്വേഷണം നടത്താന്‍ തീരുമാനിച്ചു. ലോകബാങ്കിന്റെയും ഇന്ത്യാ ഗവണ്‍മെന്റിന്റെയും നയങ്ങള്‍ക്കു വിരുദ്ധമാണു പദ്ധതിയെന്ന് കണ്ടെത്തി 1995ല്‍ ലോകബാങ്ക് വായ്പ നല്‍കാനുള്ള തീരുമാനം പിന്‍വലിച്ചു. അണക്കെട്ട് നിര്‍മാണം നിര്‍ത്തിവയ്ക്കാനും പുനരധിവാസപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനും 1995ല്‍ കോടതി സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിച്ചു. എന്നാല്‍, നീണ്ട നിയമനടപടികള്‍ക്കൊടുവില്‍ നിര്‍മാണ പ്രവര്‍ത്തനം തുടരാന്‍ 1999ല്‍ കോടതി അനുവദിക്കുകയായിരുന്നു.
രാജ്യത്തെ മനുഷ്യാവകാശ-പരിസ്ഥിതി പ്രവര്‍ത്തകരും ശാസ്ത്രജ്ഞരും ബുദ്ധിജീവികളും പൊതുജനങ്ങളുമെല്ലാം അഹിംസാത്മകമായ പ്രക്ഷോഭരീതി അവലംബിച്ച് 32 വര്‍ഷമായി തുടരുന്ന ഈ ജനകീയ മുന്നേറ്റത്തിന്റെ ഭാഗമായി. ഗുജറാത്തിലെ ആര്‍ച്ച് വാഹിനി, നര്‍മദ അന്‍സര്‍ ഗ്രസ്ഥസമിതി, മധ്യപ്രദേശ് ആസ്ഥാനമായുള്ള നര്‍മദ ഖാദി നവനിര്‍മാണ്‍ സമിതി, മഹാരാഷ്ട്രയിലെ നര്‍മദ ധരണ്‍ ഗ്രസ്ഥസമിതി തുടങ്ങിയ സംഘടനകളും ഇപ്പോള്‍ എന്‍.ബി.എയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്.
നീതി നിഷേധിക്കപ്പെടുന്ന ജീവിതങ്ങള്‍
40,000ത്തിലധികം കുടുംബങ്ങള്‍, 192 ഗ്രാമങ്ങള്‍, ഒരു ചെറുനഗരം. സര്‍ദാര്‍ സരോവറില്‍ ഷട്ടറുകള്‍ അടച്ചാല്‍ വെള്ളത്തിനടിയിലാകുന്നവയുടെ ഏകദേശ കണക്കാണിത്(നര്‍മദാ ബച്ചാവോ ആന്തോളന്‍ നടത്തിയ സര്‍വേ ആണ് ഈ കണക്കിന് ആധാരം). നൂറിലധികം ഹൈന്ദവ-മുസ്‌ലിം ആരാധനാലയങ്ങളും ആയിരക്കണക്കിനു വൃക്ഷങ്ങളും കൃഷിനിലങ്ങളുമെല്ലാം ഇതോടൊപ്പം വെള്ളത്തിനടിയിലാകും. വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു ജീവിതസംസ്‌കാരത്തിനാണ് അതോടെ അന്ത്യംകുറിക്കപ്പെടാന്‍ പോകുന്നത്.
സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ മുഴുവന്‍ ഷട്ടറുകളും കഴിഞ്ഞ ജൂണ്‍ 18ന് അടച്ചതോടെയാണ് നര്‍മദാ തീരത്ത് ഒരിടവേളയ്ക്കു ശേഷം ജനകീയപ്രക്ഷോഭം വീണ്ടും ശക്തിപ്പെട്ടത്. ഷട്ടറുകള്‍ അടച്ചതോടെ ജലനിരപ്പ് പതിയെ ഉയരാന്‍ തുടങ്ങി. അണക്കെട്ടുമൂലം വെള്ളത്തിനടിയിലാകുന്ന വീടുകള്‍ക്കും ഭൂമിക്കും മറ്റു വസ്തുക്കള്‍ക്കും ആവശ്യമായ നഷ്ടപരിഹാരവും ന്യായമായ പുനരധിവാസവും ജൂലൈ 30നകം സാധ്യമാക്കണമെന്നും ശേഷം ഗ്രാമത്തില്‍നിന്ന് ഒഴിപ്പിക്കണമെന്നും നേരത്തെ സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ യാതൊരു തരത്തിലുമുള്ള പുനരധിവാസവും സാധ്യമാക്കാതെയാണ് സര്‍ദാര്‍ സരോവറിന്റെ ഏറ്റവും കുടിയ ഉയരമായ 138.68 മീറ്ററില്‍ ഉള്ള ഷട്ടറുകള്‍ ജൂലൈ 31നു മുന്‍പുതന്നെ അടച്ചത്. അതോടെ നേരത്തെ സൂചിപ്പിച്ച പ്രകാരം അത്രയും കുടുംബങ്ങളും ഗ്രാമങ്ങളും നഗരവും എപ്പോള്‍ വേണമെങ്കിലും ജലം വന്നു വിഴുങ്ങുമെന്ന ഭീതിയിലാണു കഴിയുന്നത്.
കണ്ണില്‍ പൊടിയിടാനൊയി പുനരധിവാസമെന്ന പേരില്‍ ഒരുവിധ സൗകര്യങ്ങളുമില്ലാത്ത ഏതാനും ഷെഡ്ഡുകള്‍ മധ്യപ്രദേശിലെ ശിവരാജ് സിങ് ചൗഹാന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ നിര്‍മിച്ചിട്ടുണ്ട്. ഇതു ചൂണ്ടിക്കാട്ടി പ്രദേശത്തെ ജനങ്ങളുടെ പുനരധിവാസത്തിന് ആവശ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്നാണ് ചൗഹാന്‍ സമൂഹ മാധ്യമങ്ങളിലൂടെ അവകാശപ്പെട്ടത്. വര്‍ഷങ്ങളായി കൃഷിചെയ്യുന്ന പാടങ്ങളും നോക്കിവളര്‍ത്തുന്ന കന്നുകാലികളും ആരാധനാലയങ്ങളുമെല്ലാം നഷ്ടപ്പെട്ടു പോകുന്നതിന്റെ വേദനയുമായാണ് വര്‍ഷങ്ങള്‍ക്കിപ്പുറവും നര്‍മദാ തീരത്തെ ജനത കഴിഞ്ഞുകൂടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."