ബ്രസീല്‍ പ്രസിഡന്റിനെതിരേ ഇംപീച്ച്‌മെന്റിന് സെനറ്റ് അനുമതി
ബ്രസീലിയ: അധികാര ദുര്‍വിനിയോഗം നടത്തിയ ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസെഫിനെതിരേ ഇംപീച്ച്‌മെന്റിന് ബ്രസീല്‍ സെനറ്റിന്റെ അംഗീകാരം. ഇംപീച്ച്‌മെന്റ് നടപടികളുമായി മുന്നോട്ടുപോകണമോ വേണ്ടയോ എന്നായിരുന്നു സെനറ്റില്‍ ചര്‍ച്ചയായത്.
വോട്ടിങ്ങില്‍ 59 അംഗങ്ങള്‍ ഇംപീച്ച്‌മെന്റ് വേണമെന്ന് വോട്ട് ചെയ്തു. 21 സെനറ്റര്‍മാരാണ് ദില്‍മയ്ക്ക് അനുകൂല നിലപാടെടുത്തത്. നാലു കുറ്റങ്ങളാണ് സെനറ്റില്‍ ദില്‍മയ്‌ക്കെതിരേ ഉന്നയിക്കപ്പെട്ടത്.
ഇതില്‍ മൂന്നിലും ദില്‍മ കുറ്റക്കാരിയാണെന്നാണ് സെനറ്റ് പറയുന്നത്. മാരത്തണ്‍ സെഷനാണ് ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് വേണ്ടി സെനറ്റില്‍ നടന്നത്.
കഴിഞ്ഞ മെയ് 12നാണ് ദില്‍മയെ സെനറ്റ് സസ്‌പെന്‍ഡ് ചെയ്തത്. ബജറ്റില്‍ കൃത്രിമം കാണിച്ച് പൊതുഖജനാവിലെ പണം ദുര്‍വ്യയം ചെയ്തതായാണ് പ്രസിഡന്റിനെതിരേ ആരോപണം ഉയര്‍ന്നത്. ആരോപണങ്ങള്‍ ദില്‍മ നിഷേധിച്ചിരുന്നു. ഈ മാസം 25ന് ഒളിംപിക്‌സ് അവസാനിക്കുന്നതോടെ ഇംപീച്ച്‌മെന്റ് നടപടികള്‍ തുടങ്ങും. അഞ്ചുദിവസമാണ് ഇതു നീണ്ടുനില്‍ക്കുക.
വോട്ടിങ്ങും ഫലപ്രഖ്യാപനവും അഞ്ചുദിവസത്തില്‍ പൂര്‍ത്തിയാകും. 2018 ലാണ് ബ്രസീലില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. അതുവരെ വൈസ് പ്രസിഡന്റിനായിരിക്കും പ്രസിഡന്റിന്റെ ചുമതല. ഒളിംപിക്‌സിന്റെ സമാപന ചടങ്ങിലും വൈസ് പ്രസിഡന്റ് ടെമെര്‍ ആണ് പങ്കെടുക്കുക. 2014 ലെ ലോകകപ്പിന്റെ ചടങ്ങുകളില്‍ ദില്‍മ റൂസെഫായിരുന്നു പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."