കെ.എസ്.ആര്.ടി.സി അനുവദിച്ച ഫ്രാഞ്ചൈസിയില്‍ നിന്നു യാത്രികര്‍ക്ക് ടിക്കറ്റ് ലഭിക്കുന്നില്ല
തലശ്ശേരി: സ്വകാര്യ വ്യക്തിക്ക് തലശ്ശേരിയില്‍ കെ.എസ്.ആര്.ടി.സി അനുവദിച്ച ഫ്രാഞ്ചൈസിയില്‍ നിന്നു യാത്രികര്‍ക്ക് ടിക്കറ്റ് ലഭിക്കുന്നില്ല. കഴിഞ്ഞ നാലുദിവസമായി ദീര്‍ഘദൂര കെ.എസ്.ആര്.ടി.സി റൂട്ടുകളായ ബംഗളൂരു, തിരുവനന്തപുരം, മധുര എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റുകളാണ് ലഭിക്കാതായത്. നാലുമാസം മുന്‍പാണ് ഫ്രാഞ്ചൈസി തുറന്നത്.
റിസര്‍വേഷന്‍ ടിക്കറ്റ് യാത്രികര്‍ക്കു നല്‍കുന്നത് സംബന്ധിച്ച് കെ.എസ്.ആര്.ടി.സിയും ഫ്രാഞ്ചൈസിയും തമ്മിലുള്ള കരാര്‍ തുക ഫ്രാഞ്ചൈസിക്ക് ലഭിക്കാത്തതിനാലാണ് ടിക്കറ്റ് വിതരണം ചെയ്യാന്‍ കഴിയാത്തതെന്ന് ഫ്രാഞ്ചൈസി ഉടമ പറയുന്നു.
സ്വകാര്യ ബസുകള്‍ക്കുള്ള ടിക്കറ്റ് ബുക്കിങ് നടത്തുന്നവര്ക്കുതന്നെയാണ് കെ.എസ്.ആര്.ടി.സിയുടെ റിസര്‍വേഷന്‍ ടിക്കറ്റ് നല്‍കുന്നതിനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. ടിക്കറ്റുകള്‍ക്ക് യഥാക്രമം 10, 20 രൂപയാണ് കമ്മിഷന്.
നേരത്തെ ഇത്തരം കമ്മിഷന് തുകകള്‍ കെ.എസ്.ആര്.ടി.സിയുടെ വരുമാന വര്‍ധനവിലെ പ്രധാന ഇനവുമായിരുന്നു. എന്നാല്‍ ടിക്കറ്റ് വില്‍പ്പന സ്വകാര്യ ഫ്രാഞ്ചൈസികള്‍ക്ക് നല്‍കാനുള്ള അനുമതി സര്‍ക്കാര്‍ തീരുമാനിച്ചതോടെ റിസര്‍വേഷന്‍ ടിക്കറ്റ് വില്‍പ്പനയിലുള്ള കമ്മിഷന് തുകയും കോര്പറേഷന് ലഭിക്കാതെ സ്വകാര്യ വ്യക്തികള്‍ക്ക് ലഭിക്കുകയാണ്.
പ്രതിസന്ധിയെത്തുടര്‍ന്നാണ് സ്വകാര്യ വ്യക്തികള്‍ക്ക് ഫ്രാഞ്ചൈസികള്‍ നല്‍കുക വഴി ദീര്‍ഘദൂര കെ.എസ്.ആര്.ടി.സി ടിക്കറ്റുകള്‍ വിതരണം ചെയ്തു തുടങ്ങിയത്.
മിന്നല്‍ സര്‍വിസ് കെ.എസ്.ആര്.ടി.സി ആരംഭിച്ചെങ്കിലും തലശ്ശേരിയില്‍ സ്റ്റോപ്പില്ലാത്തതിനാല്‍ യാത്രക്കാര്‍ക്ക് കണ്ണൂരിനെ ആശ്രയിക്കുകയേ വഴിയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."