അപകടത്തില്‍ മരിച്ച മലയാളി യുവതിയുടെ ഭര്‍ത്താവില്‍ നിന്ന് രണ്ട് ലക്ഷം ദിര്‍ഹം ബ്ലഡ് മണി ഈടാക്കി
റാസല്‍ഖൈമ: യു.എ.ഇ റാസല്‍ഖൈമയില്‍ കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരിച്ച മലയാളി യുവതിയുടെ ഭര്‍ത്താവില്‍ നിന്ന് രണ്ട് ലക്ഷം ദിര്‍ഹം ബ്ലഡ് മണി ഈടാക്കിയെന്ന് റിപ്പോര്‍ട്ട്. ഞായറാഴ്ച റാസല്‍ഖൈമയിലെ ഖിറാനിലുണ്ടായ വാഹനാപകടത്തില്‍ പാലക്കാട് ഒറ്റപ്പാലം ദീപ്തി നിവാസില്‍ പ്രവീണിന്റെ ഭാര്യ ദിവ്യ(25)യാണ് മരിച്ചത്. പ്രവീണും ഭാര്യ ദിവ്യയും രണ്ട് വയസുള്ള മകനും ഷാര്‍ജയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് തിരിച്ചുവരവെയാണ് അപകടമുണ്ടായത്. വാഹനമോടിക്കുന്നതിനിടെ താന്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പ്രവീണ്‍ സമ്മതിച്ചതിനെ തുടര്‍ന്നാണ് യുവതിയുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം ദിര്‍ഹം ബ്ലഡ് മണി നല്‍കാന്‍ അറ്റോര്‍ണി ജനറല്‍ ഉത്തരവിട്ടത്. ഇതിന് പുറമെ 2500 ദിര്‍ഹം പിഴയും ചുമത്തിയിട്ടുണ്ട്.
ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ യുവതിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. അപകടത്തെ തുടര്‍ന്ന് ഭര്‍ത്താവിനെ നാല് മണിക്കൂറോളം പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നുവെന്നും ബ്ലഡ് മണിയും പിഴയും അടച്ച ശേഷമാണ് വിട്ടയച്ചതത്രെ.
സഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പണം സമാഹരിച്ചാണ് കോടതിയില്‍ അടച്ചതെന്നും ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് ഈ തുക ലഭിക്കുന്നതിനായി പിന്നീട് കേസ് ഫയല്‍ ചെയ്യുമെന്നും സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു. അപകടം സംബന്ധിച്ച് പൊലിസ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചശേഷമായിരിക്കും ഇത്. റോഡരികിലെ ലാംപ് പോസ്റ്റിലേക്ക് വാഹനം ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. വിവരം ലഭിച്ചതിന് പിന്നാലെ ട്രാഫിക് പെട്രോള്‍, ആംബുലന്‍സ്, പാരാമെഡിക്കല്‍ സംഘങ്ങള്‍ സ്ഥലത്തെത്തിയെങ്കിലും ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ദിവ്യ മരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."