പാഠപുസ്തകം അച്ചടിക്കാന്‍ ഗുണനിലവാരമില്ലാത്ത കടലാസ്
കാക്കനാട്: പാഠപുസ്തകം അച്ചടിക്കാന്‍ ഗുണനിലവാരമില്ലാത്ത കടലാസ് ഉപയോഗിച്ച് കെ.ബി.പി.എസില്‍ കോടികളുടെ തിരിമറി. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നിലവാരമുള്ള കടലാസ് ഉപയോഗിക്കാന്‍ കെ.ബി.പി.എസ് മാനേജ്‌മെന്റിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. വെള്ളൂര്‍ ന്യൂസ്പ്ലിന്റ് ലാബില്‍ നടത്തിയ പരിശോധനയിലാണ് നിലവാരംകുറഞ്ഞ കടലാസുകളാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയത്.
50,000 മുതല്‍ 56,000 രൂപ വരെ മെട്രിക് ടണ്ണിന് വിലവരുന്ന പേപ്പറിനാണ് മാനേജ്‌മെന്റ് ഓര്‍ഡര്‍ നല്‍കുന്നത്. എന്നാല്‍, തമിഴ്‌നാട്ടിലെ വന്‍കിട പേപ്പര്‍ കമ്പനികള്‍ നിലവാരംകുറഞ്ഞ പേപ്പറുകളാണ് കെ.ബി.പി.എസില്‍ എത്തിക്കുന്നത്. ഗോഡൗണില്‍ എത്തുന്ന പേപ്പറിന്റെ നിലവാരം പരിശോധിക്കാന്‍ മാനേജ്‌മെന്റ് തയാറാകാത്തതില്‍ ദുരൂഹതയുണ്ടെന്ന് തൊഴിലാളികളും ആരോപണമുയര്‍ത്തിയിട്ടുണ്ട്. അടുത്ത അധ്യയന വര്‍ഷത്തെ പാഠപുസ്തകം അച്ചടിക്കാന്‍ മെട്രിക് ടണ്ണിന് 10,000 രൂപ വരെ കൂടുതല്‍ വിനിയോഗിക്കാനും മാനേജ്‌മെന്റിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
കടലാസിന്റെ ഗുണനിലവാരം സംബന്ധിച്ച് തൊഴിലാളികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടത്. റീലുകള്‍ ഇടയ്ക്കിടെ പൊട്ടുന്നത് അച്ചടി ജോലിയെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. പ്രിന്റിങ് ആന്‍ഡ് സ്റ്റേഷനറി വകുപ്പായിരുന്നു മുന്‍ കാലങ്ങളില്‍ പാഠപുസ്തകം അച്ചടിക്കാന്‍ കടലാസ് വാങ്ങി നല്‍കിയിരുന്നത്. എന്നാല്‍, അടുത്തകാലത്ത് പാഠപുസ്തക വിതരണത്തോടൊപ്പം കടലാസ് വാങ്ങി ഉപയോഗിക്കാനുള്ള അനുവാദവും സര്‍ക്കാര്‍ കെ.ബി.പി.എസിന് നല്‍കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം പാഠപുസ്തകം അച്ചടിക്കാന്‍ 24.82 കോടിയുടെ കടലാസാണ് വാങ്ങിയത്. ഈ വര്‍ഷം പുസ്തകങ്ങളുടെ ഒന്നാം വാല്യം അച്ചടിക്കാന്‍ 25 കോടിയുടെ കടലാസ് വാങ്ങി. രണ്ടാം വാല്യത്തിന്റെ അച്ചടിയാണ് കെ.ബി.പി.എസില്‍ പുരോഗമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."