വിശ്വാസികളുടെ ചോര്‍ച്ച തടയാന്‍ സി.പി.എം
തിരുവനന്തപുരം: ആരാധനാലയങ്ങളിലെ ഭരണസമിതികള്‍ പാര്‍ട്ടി പ്രവര്‍ത്തകരെയും അനുഭാവികളെയും ഉപയോഗിച്ചു പിടിച്ചടക്കാന്‍ വീണ്ടും സി.പി.എം നിര്‍ദേശം. ഇക്കാര്യത്തില്‍ പാര്‍ട്ടി കീഴ്ഘടകങ്ങള്‍ക്കു നിര്‍ദേശം നല്‍കിയതായാണു വിവരം.
ക്ഷേത്രങ്ങള്‍ക്കു പുറമെ മുസ്‌ലിം, ക്രിസ്ത്യന്‍ പള്ളികളിലേയും ഭരണസമിതികളുടെ പ്രധാന സ്ഥാനങ്ങളില്‍ പാര്‍ട്ടി അംഗങ്ങളെയോ അനുഭാവികളെയോ നിയമിക്കാന്‍ നടപടിയെടുക്കണമെന്നാണ് സി.പി.എം തീരുമാനം. ഇത്തരത്തില്‍ മുന്‍പും പാര്‍ട്ടി കീഴ്ഘടകങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഇപ്പോള്‍ ബി.ജെ.പിയില്‍നിന്നടക്കം ഉയരുന്ന ശക്തമായ വെല്ലുവിളിയുടെ കൂടി പശ്ചാത്തലത്തിലാണു പുതിയ തീരുമാനം. ശബരിമല വിഷയത്തില്‍ ഉയര്‍ന്ന വിവാദങ്ങളും പുതിയ സംഭവവികാസങ്ങളും പാര്‍ട്ടിയെ വിശ്വാസികളുമായി ബന്ധപ്പെട്ട നിലപാടുകളില്‍ പുനരാലോചനയ്ക്കു നിര്‍ബന്ധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും തുടര്‍ന്നു നടന്ന സംസ്ഥാന കമ്മിറ്റി യോഗവും ചര്‍ച്ച ചെയ്തതിനുശേഷമായിരുന്നു ഇത്തരത്തില്‍ ഒരു തീരുമാനത്തിലെത്തിയത്.
ഇക്കാര്യത്തില്‍ ജില്ലാ, ഏരിയാ ഘടകങ്ങളിലേക്കു നിര്‍ദേശം അയച്ചുതുടങ്ങിയിട്ടുണ്ട്. തീരുമാനം നടപ്പാക്കാന്‍ ബാധ്യതയുള്ള ബ്രാഞ്ചുകളിലേക്കു വരുംദിവസങ്ങളില്‍ അറിയിപ്പും നല്‍കും. മുന്‍പ് തീരുമാനിച്ചതില്‍നിന്നു വ്യത്യസ്തമായി കൂടുതല്‍ ശ്രദ്ധയോടെ പുതിയ തീരുമാനം നടപ്പാക്കണമെന്ന നിര്‍ദേശമാകും ബ്രാഞ്ചുതലത്തിലുള്ള സി.പി.എം അണികള്‍ക്കു നല്‍കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."