നഗരസഭാ ടാക്സി സ്റ്റാന്‍ഡ് പരാധീനതകളില്തന്നെ
പാലക്കാട്: നഗരസഭാ ടാക്സിസ്റ്റാന്‍ഡിന് പറയാന്‍ പരാധീനതകള്‍ മാത്രം. മുനിസിപ്പല്‍ സ്റ്റാന്‍ഡിനു മുന്നില്‍ റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നുള്ള ടാക്സി സ്റ്റാന്‍ഡിനു നഗരസഭാ ടാക്സി സ്റ്റാന്‍ഡെന്നു പേരുണ്ടെങ്കിലും നഗരസഭയുടെ ഭാഗത്തുനിന്നു യാതൊരു പിന്തുണയും ലഭിക്കുന്നില്ല.
തകര്‍ന്നു വീഴാറായ കെട്ടിടത്തിനു താഴെയാണ് നിവൃത്തിയില്ലാതെ പല വണ്ടികളും നിര്‍ത്തിയിടുന്നത്. ആദ്യക്കാലത്ത് ഇവിടെ ഓഫിസ് മുറിയും കുടിവെള്ളം, ജീവനക്കാരന് എന്നിവയൊക്കെയുണ്ടായിരുന്നുവെങ്കിലും പിന്നീടതൊക്കെ ഇല്ലാതായി.
ടാക്സി സ്റ്റാന്‍ഡിനകത്ത് മഴപെയ്താല്‍ ചെളിക്കെട്ടാണ്. ദുര്‍ഗന്ധവും പതിവാകും. 20-30 വണ്ടികള്‍ നിര്‍ത്തിയിടുന്ന സ്റ്റാന്‍ഡിലിപ്പോള്‍ വിരലിലെണ്ണാവുന്ന വണ്ടികള്‍ മാത്രമാണുള്ളത്. നഗരത്തില്‍ ജില്ലാ ആശുപത്രിയ്ക്കു സമീപം എസ്.ബി.ഐ ജങ്ഷന്, മിഷന് സ്കൂള്‍ ജങ്ഷന്, ഒലവക്കോട് എന്നിവടങ്ങളിലൊക്കെ ടാക്സി സ്റ്റാന്ഡുകളുണ്ടെങ്കിലും മുനിസിപ്പല്‍ ടാക്സി സ്റ്റാന്‍ഡാണ് പ്രധാനപ്പെട്ടത്. അപകട ഭീഷണിയുള്ള മുനിസിപ്പല്‍ സ്റ്റാന്‍ഡ് അടച്ചതിനെത്തുടര്‍ന്ന് ടാക്സി സ്റ്റാന്‍ഡിലെ വണ്ടികള്‍ മാറ്റിയെങ്കിലും നാളുകള്‍ കഴിഞ്ഞതോടെ വീണ്ടും സജീവമായി. റെയില്‍വേ കാല്നടപ്പാലത്തിനിരുവശത്തുമായിട്ടുള്ള ടാക്സി സ്റ്റാന്‍ഡിനകം സമീപത്തെ വ്യാപാരികളുടെ ഇരുചക്രവാഹന പാര്‍ക്കിങ് കേന്ദ്രമാണ്. മുനിസിപ്പല്‍ സ്റ്റാന്‍ഡിലേയ്ക്ക് ബസുകള്‍ കുറച്ചെണ്ണം തിരിച്ചെത്തിയെങ്കിലും ടാക്സി സ്റ്റാന്റിനോട് മുഖം തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."