പാര്‍ലമെന്റില്‍ കൊമ്പുകോര്‍ത്ത് കോണ്‍ഗ്രസും ബി.ജെ.പിയും
ന്യൂഡല്‍ഹി: മന്മോഹന് സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്തെ കുറിച്ച് പ്രതിപാദിക്കുന്ന 'ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍' എന്ന സിനിമയെച്ചൊല്ലി ലോക്സഭയില്‍ കോണ്‍ഗ്രസ്-ബി.ജെ.പി വാക്ക്പോര്. ചിത്രത്തിന്റെ ട്രെയിലര്‍ ബി.ജെ.പി ഇന്നലെ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവച്ചതോടെയാണ് വിഷയം സഭയിലെത്തിയത്. സിനിമയെ അനുകൂലിച്ചും പ്രതികൂലിച്ചും കോണ്‍ഗ്രസ്-ബി.ജെ.പി അംഗങ്ങള്‍ രംഗത്തെത്തി.
യു.പി.എ ഭരണകാലത്ത് കോണ്‍ഗ്രസിനുള്ളിലെ കുടുംബവാഴ്ച എപ്രകാരം ഭരണത്തെയും പ്രധാനമന്ത്രിയെയും നിയന്ത്രിച്ചിരുന്നുവെന്നാണ് ചിത്രത്തിന്റെ പ്രമേയം. ബി.ജെ.പി പക്ഷപാതിയും പാര്‍ട്ടി എം.പിയുമായ കിരണ്‍ ഖേറിന്റെ ഭര്‍ത്താവുമായ ബോളിവുഡ് നടന് അനുപം ഖേറാണ് സിനിമയില്‍ മന്മോഹന് സിങ്ങിന്റെ വേഷം ചെയ്യുന്നത്. മന്മോഹന് സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ 'മന്മോഹന് സിങ്ങിന്റെ നിര്‍മിതിയും അപനിര്‍മിതിയും' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമയുടെ ചിത്രീകരണം.
വിജയ് രത്നാകര്‍ ഗുട്ടേയാണ് ചിത്രത്തിന്റെ സംവിധായകന്. മന്മോഹന് സിങ്ങിന്റെ താല്പര്യത്തിന് വിരുദ്ധമായി അന്ന് കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയാണ് സുപ്രധാന കാബിനറ്റ് തീരുമാനങ്ങള്‍ കൈക്കൊണ്ടതെന്നതുള്പ്പെടെയുള്ള പരാമര്‍ശങ്ങള്‍ സഞ്ജയ് ബാരുവിന്റെ പുസ്തകത്തെ വിവാദത്തിലാഴ്ത്തിയിരുന്നു.
അതേസമയം ചിത്രം മധ്യപ്രദേശില്‍ നിരോധിക്കുമെന്നത് ബി.ജെ.പിയുടെ വ്യാജപ്രചാരണമാണെന്ന് കോണ്‍ഗ്രസ് വക്താവ് രദീപ് സുര്‍ജേവാല വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."