ഖനിയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ വ്യോമസേന രംഗത്ത്
ന്യൂഡല്‍ഹി: മേഘാലയില്‍ ഖനിയില്‍ കുടുങ്ങിയ 15 പേരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യോമസേനയും രംഗത്ത്. ഈസ്റ്റ് ജയന്‍ഷ്യ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാന്‍ ഹെവിലിഫ്റ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്ലെയിന്‍ വിട്ടുനല്‍കാമെന്ന് വ്യോമസേന അറിയിച്ചു. ഇന്ന് രാവിലെ മുതല്‍ ദേശീയ ദുരന്ത നിവാരണ സേനക്കൊപ്പം വ്യോമസേനയും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും. കഴിഞ്ഞ 13നാണ് കല്‍ക്കരി ഖനിയില്‍ തൊഴിലാളികള്‍ കുടുങ്ങിയത്. സാധ്യമായ മുഴുവന്‍ സഹായങ്ങളും ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സങ്ക്മക്ക് ഉറപ്പുനല്‍കി.
ജോലിക്കിടെ എലിമടകള്‍ എന്നറിയപ്പെടുന്ന ഖനിയില്‍ കുടുങ്ങിയ തൊഴിലാളികള്‍ മരിച്ചെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കാനുള്ള ദേശീയ ദുരന്ത നിവാരണ സേനയുടെ നീക്കം. സേനയുടെ ആവശ്യപ്രകാരമാണ് വ്യോമസേന ദൗത്യത്തില്‍ പങ്കാളിയാകുന്നത്. എന്നാല്‍, സഹായം അഭ്യര്‍ഥിച്ച സമയം താമസിച്ചുപോയില്ലേ എന്ന ആശങ്ക നിലനില്‍ക്കുകയാണ്.
ഭുവനേശ്വറില്‍നിന്ന് ഗുവാഹത്തിയിലേക്ക് ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളെ എത്തിക്കാനും രക്ഷാദൗത്യത്തിനായുള്ള കൂടുതല്‍ ഉപകരണങ്ങള്‍ എത്തിക്കാനുമാണ് വ്യോമസേനയുടെ വിമാനം ഉപയോഗിക്കുക. ഖനികളിലെ വെള്ളം വറ്റിച്ച് തൊഴിലാളികളെ പുറത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് നടന്നുവന്നിരുന്നത്. എന്നാല്‍, പൂര്‍ണമായും വെള്ളം പമ്പ് ചെയ്ത് കളയാന്‍ ഉപകരണങ്ങളുടെ അഭാവം മൂലം കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് രണ്ട് ദിവസമായി വെള്ളം വറ്റിക്കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്. ശക്തികൂടിയ പമ്പുകള്‍ അടക്കമുള്ള ഉപകരണങ്ങളാണ് വ്യോമസേനയുടെ സഹായത്തോടെ ഗുവാഹത്തിയിലേക്ക് എത്തിക്കുക. അവിടെ നിന്ന് 213 കിലോമീറ്റര്‍ അകലെയാണ് തൊഴിലാളികള്‍ കുടുങ്ങിയ ഖനി.
അതിനിടെ രക്ഷാപ്രവര്‍ത്തനത്തിനായി ഒഡിഷ ഫയര്‍ സര്‍വിസിലെ 21 അംഗ വിദഗ്ധ സംഘം സ്ഥലത്തെത്തി. ഖനിയില്‍ വെള്ളം വറ്റിക്കാനുള്ള ശക്തിയേറിയ പമ്പുമായാണ് ഇവര്‍ എത്തിയത്. 20 ഹൈ പവര്‍ പമ്പുകളുമായണ് ചീഫ് ഫയര്‍ ഓഫിസര്‍ സുകന്ത സേത്തിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ മേഘാലയയില്‍ എത്തിയത്. മിനുട്ടില്‍ 1,600 ലിറ്റര്‍ വെള്ളം വറ്റിക്കാന്‍ ശേഷിയുള്ളതാണ് ഓരോ പമ്പുകളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."