ഇംഗ്ലണ്ടില്‍ പോര് മുറുകി; ലിവര്‍പൂള്‍ - ആഴ്സനല്‍ ക്ലാസിക് ഇന്ന്
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നാടകീയ രംഗങ്ങള്‍ തുടരുന്നു. രണ്ടാഴ്ച മുന്‍പ് ഒന്നാം സ്ഥാനത്തായിരുന്ന മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാം സ്ഥാനത്തേക്ക് വീണതോടെ യൂര്‍ഗന്‍ ക്ലോപ്പിന്റെ ചെമ്പട കുതിപ്പ് തുടരുകയാണ്. അവസാന മത്സരത്തില്‍ ന്യൂ കാസിലിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ലിവര്‍പൂള്‍ ആറു പോയിന്റിന്റെ വ്യക്തമായ ലീഡ് നേടിയത്.
അവസാന മത്സരത്തിലെ തോല്‍വി സിറ്റിക്ക് വിനയായി. ലെസ്റ്റര്‍ സിറ്റിയോട് 2-1 നായിരുന്നു പരാജയം. ഇന്ന് നടക്കുന്ന ആഴ്സനല്‍ - ലിവര്‍പൂള്‍ സൂപ്പര്‍ ക്ലാസിക്കിലെ ഫലം ലിവര്‍പൂളിന് നിര്‍ണായകമാണ്. ജയിക്കാനായാല്‍ ലിവിര്പൂളിന് ലീഗില്‍ ഇനി കടുത്ത കടമ്പകളൊന്നും താണ്ടേണ്ടി വരില്ല. പരാജയപ്പെട്ടാല്‍ തൊട്ടുപിന്നിലുള്ള ടോട്ടനവും സിറ്റിയും ഏത് സമയവും ഒന്നാം സ്ഥാനം പിടിച്ച് വാങ്ങും. ഇന്ന് രാത്രി 11 ന് ആണ് ആഴ്സനല്‍ - ലിവര്‍പൂള്‍ പോരാട്ടം. മികച്ച ഫോമിലുള്ള ഇരുടീമുകള്‍ക്കും ജയിക്കാനായി ജീവന്മരണ പോരാട്ടം പുറത്തെടുക്കണം. അഞ്ചാം സ്ഥാനത്തുള്ള ആഴ്സനലും മുന്നിലേക്ക് കുതിക്കാനുള്ള അശ്രാന്തപരിശ്രമത്തിലാണ്. രണ്ടാം സ്ഥാനത്തുള്ള ടോട്ടനത്തിനും ഇന്ന് മത്സരമുണ്ട്. രാത്രി 8.30ന് വോള്വ്സുമായിട്ടാണ് ടോട്ടനത്തിന്റെ പോരാട്ടം. 11 ാം സ്ഥാനത്തുള്ള വോള്‍വ്സുമായുള്ള മത്സരത്തില്‍ മുന്‍തൂക്കം ടോട്ടനത്തിനാണ്.
ടോട്ടനം ഇന്ന് ജയിച്ചാല്‍ 48 പോയിന്റ് സ്വന്തമാക്കാം. അവസാന മത്സരത്തില്‍ സതാംപ്ടണെ 3-1 ന് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ടോട്ടനം. മികച്ച ഫോമിലുള്ള കൊറിയന്‍ താരം സണ്‍ ഹുന്‍ മിന്നിലാണ് ടോട്ടനത്തിന്റെ പ്രതീക്ഷ. മറ്റൊരു മത്സരത്തില്‍ വാട്ഫോര്‍ഡ് ന്യൂ കാസിലിനെ നേരിടും. എവര്‍ട്ടനും ബ്രൈട്ടണും തമ്മിലാണ് മറ്റൊരു പോരാട്ടം.
ഫുള്‍ഹാം ഹഡര്ഫീല്ഡിനേ നേരിടുമ്പോള്‍ ലെസ്റ്റര്‍ സിറ്റി കാര്‍ഡിഫ് സിറ്റിയുമായി കൊമ്പുകോര്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."