ടൗണിലെ അഴുക്കുചാല്‍ പുഴയിലേക്ക്; കുടിവെള്ളം മലിനമാവുമെന്ന് ആശങ്ക
കൊപ്പം: പുലാമന്തോള്‍ ടൗണ്‍ നവീകരണത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന അഴുക്കുചാല്‍ തൂതപ്പുഴക്ക് കുറുകെയുള്ള പുലാമന്തോള്‍ പാലത്തിന് താഴെ സ്ഥിതി ചെയ്യുന്ന തടയണയിലേക്ക്ഒഴുക്കിവിടുന്നത് മൂന്ന് പഞ്ചായത്തുകളിലെ ജനങ്ങളുടെ കുടിവെള്ളം മലിനപ്പെടുമെന്ന ആശങ്ക ശക്തമാകുന്നു.
കൊപ്പം, വിളയൂര്‍, കുലുക്കല്ലൂര്‍ പഞ്ചായത്തുകളിലെ ജനങ്ങള്‍ കുടിവെള്ളത്തിനും മറ്റു ആവശ്യങ്ങള്‍ക്കും ഈ ജലത്തെയാണ് ആശ്രയിക്കുന്നത്. നിരവധി അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന പുലാമന്തോള്‍ പ്രദേശത്ത് പല കെട്ടിടങ്ങളിലും ആവശ്യത്തിന് ശൗചാലയങ്ങള്‍ ഇല്ലാത്തതിനാല്‍ ഈ പാലത്തിന് താഴെയാണ് ഇവര്‍ പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നത്.
മാലിന്യങ്ങള്‍ കൊണ്ട് വന്ന് പാലത്തില്‍ നിന്നും പുഴയിലേക്ക് വലിച്ചെറിയുന്നതും പതിവാണ്. നിലവില്‍ തന്നെ മലിനമായികൊണ്ടിരിക്കുന്ന ഈ പ്രദേശം ടൗണ്‍ നവീകരണം കൂടി കഴിയുന്നതോടെ പുലാമന്തോള്‍ ടൗണിലെ കക്കൂസ് മാലിന്യങ്ങളുള്‍പ്പെടെയുള്ള മുഴുവന്‍ മാലിന്യങ്ങളും ഇവിടേക്ക് എത്തുകയും വെള്ളം പൂര്‍ണ്ണമായും മലിനമാവുകയും ചെയ്യും.
സമീപ കാലത്തായി ഡിഫ്ത്തീരിയ പോലോത്ത പല പകര്‍ച്ച വ്യാധികളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഭീതിയിലാണ്. വിളയൂര്‍ തടയണയില്‍ വന്ന് വീഴുന്ന അഴുക്കുവെള്ളച്ചാല് തടയണയുടെ പുറത്ത് ചാടിച്ചാല്‍ ഒരു പരിധിവരെ വെള്ളം മലിനമാകുന്നത് തടയാന്‍ കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."