ഗുരുവായൂര്‍ അര്‍ബന്‍ ബാങ്ക് തെരഞ്ഞെടുപ്പ്: തിരിച്ചറിയല്‍ കാര്‍ഡുകളില്‍ കൃത്രിമത്വം കാണിക്കാന്‍ ഭരണസമിതി ശ്രമിക്കുകയാണെന്ന്
ഗുരുവായൂര്‍: ഗുരുവായൂര്‍ അര്‍ബന്‍ ബാങ്ക് തെരഞ്ഞെടുപ്പില്‍ തിരിച്ചറിയല്‍ കാര്‍ഡുകളില്‍ കൃത്രിമത്വം കാണിക്കാന്‍ ഭരണ സമിതി ശ്രമിക്കുകയാണെന്ന് സഹകരണ സംരക്ഷണ മുന്നണി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
അഴിമതി ആരോപിച്ച് പദവികളില്‍ നിന്ന് മാറ്റി നിര്‍ത്തിയവരെ ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പിനെ നേരിടുന്ന യു.ഡി.എഫ് പാനല്‍ ആര്‍ക്കൊപ്പമാണെന്ന് വ്യകതമായതായും അവര്‍ പറഞ്ഞു.
ബാങ്കില്‍ നടന്ന നിയമനങ്ങള്‍ നിയമ വിരുദ്ധമാണെന്ന് ജോയിന്റ് റജിസ്ട്രാറുടെ (ജനറല്‍) ഉത്തരവ് പ്രകാരം അസിസ്റ്റന്റ് രജിസ്ട്രാര്‍ ഗ്ലാഡി ജോണ്‍ പുത്തൂര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതും ചൂണ്ടിക്കാട്ടി.
ബാങ്ക് ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, ഭരണ സമിതി അംഗങ്ങള്‍ എന്നിവര്‍ ഓണറേറിയവും സിറ്റിങ് ഫീസും അനര്‍ഹമായി കൈപ്പറ്റിയെന്നും റിപ്പോര്‍ട്ടിലുണ്ട്. 2015 ആഗസ്റ്റ് 18 മുതല്‍ 2018 മെയ് വരെ പ്രസിഡന്റ് 3.30 ലക്ഷം രൂപയും വൈസ് പ്രസിഡന്റ് 1.65 ലക്ഷം രൂപയും കൈപ്പറ്റിയിട്ടുണ്ട്.
ക്ലാസ് നാല് അനുസരിച്ച് പ്രസിഡന്റിന് പ്രതിമാസം കൈപ്പറ്റാവുന്ന ഓണറേറിയം 2500 രൂപ മാത്രമാണ്. എന്നാല്‍ ക്ലാസ് വണ്‍ അനുസരിച്ചുള്ള 10,000 രൂപയാണ് അര്‍ബന്‍ ബാങ്കില്‍ കൈപ്പറ്റിയിട്ടുള്ളത്. ക്ലാസ് നാലില്‍ വൈസ് പ്രസിഡന്റിന് ഓണറേറിയം അനുവദിച്ചിട്ടില്ല. എന്നാല്‍ ഇവിടെ പ്രതിമാസം 5000 വച്ച് കൈപ്പറ്റിയിട്ടുണ്ട്.
ഭരണ സമിതി അംഗങ്ങള്‍ നിയമ വിരുദ്ധമായാണ് സിറ്റിങ് ഫീസ് കൈപ്പറ്റിയതെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. കോണ്‍ഗ്രസ് വ്യത്യസ്ത ചേരികളായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് വാര്‍ത്ത സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. നഗരസഭ കൗണ്‍സിലര്‍മാര്‍ അടക്കമുള്ള ഒരു വിഭാഗം കോണ്‍ഗ്രസുകാരും എല്‍.ഡി.എഫും ചേര്‍ന്ന് രൂപവല്‍ക്കരിച്ചതാണ് സഹകരണ സംരക്ഷണ മുന്നണി. നിലവിലെ ഭരണ സമിതിയുടെ അഴിമതികളെ ജനാധിപത്യപരമായും നിയമപരമായും നേരിടും. സി.പി.എം ഏരിയാ സെക്രട്ടറി എം. കൃഷ്ണദാസ്, സി.പി.ഐ മണ്ഡലം സെക്രട്ടറി പി. മുഹമ്മദ് ബഷീര്‍, ചാവക്കാട് നഗരസഭാധ്യക്ഷന്‍ എന്‍.കെ അക്ബര്‍, മുന്‍ ഗുരുവായൂര്‍ നഗരസഭാധ്യക്ഷന്‍ ടി.ടി ശിവദാസന്‍, ജി.കെ പ്രകാശന്‍, എം.സി സുനില്‍കുമാര്‍, സി.വി ശ്രീനിവാസന്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."