'രാജ്യദ്രോഹി'കള്‍ സൃഷ്ടിക്കപ്പെടുന്നതിങ്ങനെ
#എ.സജീവന്‍
നസിറൂദ്ദീന്‍ ഷാ എന്ന ഇന്ത്യയിലെ മഹാനടന് പ്രായം അറുപത്തെട്ടായി. മിര്‍ച്ച് മസാല, ആക്രോശ്, അര്‍ദ്ധസത്യ തുടങ്ങി നിരവധി സിനിമകളില്‍ അദ്ദേഹത്തിന്റെ അഭിനയം കണ്ട് ജനലക്ഷങ്ങള്‍ ആവേശം കൊണ്ടിട്ടുണ്ട്.
കച്ചവട താല്‍പര്യത്തില്‍ ആമഗ്നമായിപ്പോയ ബോളിവുഡില്‍ കലാമൂല്യത്തിനു പ്രാധാന്യം കൊടുക്കുന്ന സമാന്തരസിനിമയുടെ വക്താവാണദ്ദേഹം. മൂന്നു ദേശീയപുരസ്‌കാരമുള്‍പ്പെടെ ഒട്ടനവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. പദ്മശ്രീ, പദ്മഭൂഷണന്‍ തുടങ്ങിയ ബഹുമതികള്‍ നല്‍കി രാജ്യം ആ പ്രതിഭാധനനെ ആദരിച്ചിട്ടുണ്ട്.
ഇക്കാലത്തിനിടയിലൊരിക്കലും ആ പേര് രാജ്യദ്രോഹികളുടെ പട്ടികയില്‍ പെട്ടിരുന്നില്ല. എന്തിന്, പാകിസ്താനെയും ആ നാട്ടിലെ ജനങ്ങളെയും ആജീവനാന്ത ശത്രുക്കളായി കാണുന്ന 'രാജ്യസ്‌നേഹി'കളെന്നു സ്വയമഭിമാനിക്കുന്നവര്‍പോലും 'ഖുദാ കേലിയേ', 'സിന്ദാ ബാഗ് ' എന്നീ പാകിസ്താനി സിനിമകളില്‍ അഭിനയിച്ച് പാകിസ്താനികളുടെ കൈയടി നേടിയ നസീറുദ്ദീന്‍ ഷായെ രാജ്യദ്രോഹിയെന്നു മുദ്രകുത്തിയിരുന്നില്ല.
എന്നാല്‍, ഇന്നതുണ്ടായിരിക്കുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് വിഖ്യാത സാഹിത്യകാനായിരുന്ന യു.ആര്‍ അനന്തമൂര്‍ത്തിയോടും ലോകോത്തര ചിത്രകാരനായിരുന്ന എം.എഫ് ഹുസൈനോടും രാജ്യം വിട്ടു പാകിസ്താനിലേയ്ക്കു പോകാന്‍ ആക്രോശിച്ച ശക്തികള്‍ ഇന്നു നസീറുദ്ദീന്‍ ഷായോടും അതേ ഭീഷണി ആവര്‍ത്തിച്ചിരിക്കുന്നു.
എന്തു കാരണത്താല്‍.
അദ്ദേഹം പാകിസ്താനെ പ്രകീര്‍ത്തിച്ചു സംസാരിച്ചില്ല, പാകിസ്താനികളാണു ലോകത്തെ ഏറ്റവും നല്ല മനുഷ്യരെന്നു പറഞ്ഞില്ല, മുസ്‌ലിംകളുടെ പറുദീസയാണു പാകിസ്താനെന്നു പറഞ്ഞില്ല, പാകിസ്താന്‍ ഒരു മുസ്‌ലിംരാഷ്ട്രമാണെന്നതില്‍ മുസ്‌ലിംമായ താന്‍ അഭിമാനം കൊള്ളുന്നെന്നും പറഞ്ഞില്ല, പാക്പ്രധാനമന്ത്രി സ്ഥാനത്തെത്തിയ ഇമ്രാന്‍ഖാനെ അഭിനന്ദിക്കാന്‍ നവ്‌ജ്യോത് സിങ് സിദ്ദുവിനെപ്പോലെ അവിടേയ്ക്കു കുതിച്ചെത്തിയില്ല, എന്തിന്.., പാകിസ്താനെക്കുറിച്ച് ഒരക്ഷരവും ഉരിയാടിയില്ല.
പിന്നെന്തു കാരണത്താലാണ് അദ്ദേഹത്തോട് കടക്കൂ രാജ്യത്തിനു പുറത്തെന്ന് ആക്രോശിച്ചത്. ഒറ്റക്കാരണമേയുള്ളൂ,
ബുലന്ദ്ശഹറില്‍ ആരോ കണ്ടുവെന്നു പറയപ്പെടുന്ന പശുഹത്യയുടെ പേരില്‍ മതാന്ധരായ ഒരു കൂട്ടം ഗുണ്ടകള്‍ വ്യാപകമായ അക്രമം അഴിച്ചുവിടുകയും കണ്ണില്‍ക്കണ്ടവരെയെല്ലാം തല്ലിച്ചതയ്ക്കുകയും ഒരു പൊലിസ് ഉദ്യോഗസ്ഥനെ വെടിവച്ചുകൊല്ലുകയും ചെയ്ത സന്ദര്‍ഭത്തില്‍ നസിറൂദ്ദീന്‍ ഷാ നെടുവീര്‍പ്പോടെ ഇങ്ങനെ ആത്മഗതം ചെയ്തുപോയി, ''എന്റെ സ്വന്തം മക്കളെക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്കു പേടി തോന്നുന്നു.''
ഇതിനു തൊട്ടുപിന്നാലെയാണ് നസിറുദ്ദീന്‍ ഷായ്‌ക്കെതിരേ ആക്രോശങ്ങളുയര്‍ന്നത്, അദ്ദേഹത്തെ ഇന്ത്യയില്‍ നിന്നു നാടുകടത്തണമെന്നും പാകിസ്താനിലേയ്ക്കു കയറ്റിവിടണമെന്നും അദ്ദേഹം രാജ്യദ്രോഹിയാണെന്നുമൊക്കെ പലരും അലറി വിളിച്ചത്.
ആക്രോശങ്ങളുടെ പശ്ചാത്തലത്തില്‍ നസിറുദ്ദീന്‍ ഷായുടെ ഈ പ്രതികരണത്തില്‍ രാജ്യദ്രോഹപരാമര്‍ശമുണ്ടോയെന്നു ചിന്തിക്കേണ്ടതുണ്ട്. അദ്ദേഹം ഇന്ത്യയുടെ അഭിമാനത്തെ ചോദ്യം ചെയ്‌തോയെന്നു ചിന്തിക്കേണ്ടതുണ്ട്.
'സ്വന്തം മക്കളെക്കുറിച്ചോര്‍ക്കുമ്പോള്‍ പേടി തോന്നുന്നു' എന്നാണദ്ദേഹം പറഞ്ഞത്.
ശരിയല്ലേ ഇന്ത്യയിലെ ബഹുഭൂരിപക്ഷം മാതാപിതാക്കളുടെയും മനസില്‍ ഈ ഭയമില്ലേ. ബുലന്ദ്ശഹറില്‍ കൊല്ലപ്പെട്ട സുബോദ്കുമാര്‍ സിങ് എന്ന പൊലിസ് ഇന്‍സ്‌പെക്ടറും ഒരു അമ്മയുടെയും അച്ഛന്റെയും മകനാണ്.
ക്രമസമാധാനപാലനത്തിനാണ് അവിടെയെത്തിയത്. അദ്ദേഹം ആരെയും ലാത്തികൊണ്ടോ കൈകൊണ്ടുപോലുമോ ഉപദ്രവിച്ചിട്ടില്ലെന്ന് ദൃശ്യങ്ങളില്‍ നിന്നു വ്യക്തം. എന്നിട്ടും അദ്ദേഹത്തിനു പിന്നാലെ അക്രമകാരികള്‍ ആയുധവുമായി പാഞ്ഞു. പൊലിസ് വാഹനത്തില്‍ കയറാന്‍ ശ്രമിക്കുന്നതിനിടയില്‍ വെട്ടിവീഴ്ത്തുകയും വെടിവച്ചുകൊല്ലുകയും ചെയ്തു. ആ ക്രൂരഹത്യയെക്കുറിച്ചറിയുന്ന ഏതൊരു മാതാപിതാവും ഷാ പറഞ്ഞവാക്കുകള്‍ പറഞ്ഞുപോകില്ലേ, നാളെ തങ്ങളുടെ മകനും സുബോദ്കുമാറിന്റെ അനുഭവമുണ്ടാകുമെന്ന് അവര്‍ ഭയക്കില്ലേ.
എന്നിട്ടും യു.പി ഭരിക്കുന്ന യോഗി ആദിത്യനാഥ് പറഞ്ഞത്, അതൊരു ആകസ്മിക സംഭവം മാത്രമാണെന്നാണ്. പശുക്കളെ കശാപ്പു ചെയ്തതില്‍ വ്രണിതഹൃദയരായ ഗ്രാമീണരുടെ സ്വാഭാവിക പ്രതികരണമാണെന്നാണ്. മനുഷ്യജീവനേക്കാള്‍ വില താന്‍ നല്‍കുന്നത് പശുവിന്റെ ജീവനാണെന്നാണ് അദ്ദേഹം സ്ഥാപിക്കാന്‍ ശ്രമിച്ചത്.
സുബോദ്കുമാര്‍ സിങ് എന്ന പൊലിസുകാരനു മാത്രമല്ലല്ലോ ഇത്തരമൊരു ദുര്‍ഗതിയുണ്ടായിട്ടുള്ളത്. എത്രയെത്ര പേര്‍ ഒരു തെറ്റും കുറ്റവും ചെയ്യാതെ ഭീകരമായി ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു. വീട്ടിലെ ഫ്രിഡ്ജില്‍ ഗോമാംസം സൂക്ഷിച്ചുവച്ചുവെന്ന പേരില്‍, ട്രെയിനിലെ സീറ്റിലിരുന്നു യാത്ര ചെയ്തുവെന്ന പേരില്‍, കാര്‍ഷികാവശ്യത്തിനായി പശുവിനെ വാങ്ങിക്കൊണ്ടുപോകുന്നതു കശാപ്പിനാണെന്നു ആരോപിച്ചുകൊണ്ട് ഇങ്ങനെ തുടങ്ങി എന്തെങ്കിലും കാരണങ്ങള്‍ കണ്ടെത്തി മതാന്ധരായ ആള്‍ക്കൂട്ടം നിസഹായരായ ജനത്തെ ആക്രമിച്ചു കൊല്ലുന്നു. അതിനെ ഭരണാധികാരികള്‍ ന്യായീകരിക്കുന്നു.
കാരണങ്ങള്‍ ഉണ്ടാവുകയല്ല, കണ്ടെത്തുകയോ സൃഷ്ടിക്കപ്പെടുകയോ ആണ്. ബുലന്ദ്ശഹറില്‍ ഉണ്ടായതും അതാണ്. ബുലന്ദ്ശഹറിലെ മഹാവ് ഗ്രാമത്തിലെ കാട്ടില്‍ വച്ചു പശുക്കളെ വെടിവച്ചുകൊന്നു തൊലിയുരിച്ചു മാംസം പങ്കിട്ടെടുത്തുവെന്ന് ആരോപിച്ചാണ് പെട്ടെന്നൊരു ദിനം നൂറുകണക്കിനാളുകള്‍ പൊലിസ് സ്റ്റേഷന്‍ ആക്രമിക്കുകയും ആ പ്രദേശത്തെ കടകളും വാഹനങ്ങളും അഗ്നിക്കിരയാക്കുകയും ചെയ്തത്. ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടമാണ് അവിടെയുണ്ടായത്. പൊലിസ് ഉദ്യോഗസ്ഥനുള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെടുകയും ചെയ്തു.
കാരണങ്ങള്‍ ഉണ്ടാവുകയല്ല, ഉണ്ടാക്കപ്പെടുകയാണ് എന്നു പറഞ്ഞതിലേയ്ക്കാണ് ഇനി കടക്കുന്നത്. മഹാവ് ഗ്രാമത്തിലെ കാട്ടില്‍ വച്ചു പശുക്കളെ വെടിവച്ചു കൊല്ലുന്നതോ തൊലിയുരിക്കുന്നോ മാംസം വെട്ടിനുറുക്കുന്നതോ അതു പങ്കിട്ടെടുക്കുന്നതോ കണ്ടവരില്ല. കേട്ടവരേയുള്ളൂ. അഥവാ അങ്ങനെ പശുഹത്യ നടന്നുവെന്നു വയ്ക്കുക. നിമിഷനേരം കൊണ്ടു നടത്താവുന്ന കാര്യമാണോ അത്. പ്രതികളെ കൈയോടെ പിടികൂടാന്‍ കഴിയുമായിരുന്നല്ലോ. പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ സമീപപ്രദേശത്തുള്ളവരെല്ലാം പറഞ്ഞത് തങ്ങള്‍ ആ സംഭവം പശുഹത്യയും മാംസം വീതംവയ്ക്കലും നേരില്‍ കണ്ടിട്ടില്ലെന്നാണ്. ആരൊക്കെയോ പറഞ്ഞു കേട്ടതാണെന്നാണ്. ദൃക്‌സാക്ഷികളില്ലാത്ത, തെളിവുകളില്ലാത്ത, ഒരു പശുപോലും മോഷണം പോയെന്ന് ആരോപണമില്ലാത്ത സംഭവത്തിന്റെ പേരിലാണ് ബുലന്ദ്ശഹറില്‍ ഇതെല്ലാം ഉണ്ടായത്.
ഒരു എസ്.ഐയുള്‍പ്പെടെ കൊല്ലപ്പെട്ട സംഭവത്തില്‍ നരഹത്യ നടത്തിയവരെ പിടികൂടുന്നതിനു മുന്‍പ് പൊലിസ് പിടികൂടിയത് പശുഹത്യ നടത്തിയ 'ഭീകരന്മാരെ' ആയിരുന്നു. പിടികൂടപ്പെട്ടവര്‍ വിദ്യാര്‍ഥികളായിരുന്നു!
ബുലന്ദ്ശഹര്‍ ആസൂത്രിത ആക്രമണത്തിന്റെയും കൊലപാതകങ്ങളുടെയും അതിനെ ന്യായീകരിച്ചു നടത്തിയ പരാമര്‍ശങ്ങളുടെയും പേരില്‍ രാജ്യത്തു വര്‍ഗീയവിദ്വേഷം ഇളക്കിവിട്ട യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മുന്‍ കേന്ദ്ര രാജ്യരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനും മുന്‍ വിദേശകാര്യ സെക്രട്ടറി ശ്യാം സരണുമുള്‍പ്പെടെ രാജ്യത്തെ 83 പ്രമുഖ വ്യക്തികള്‍ ഒരു പര്യപ്രസ്താവന നടത്തിയിരുന്നു.
എന്നിട്ടും, യോഗി മുഖ്യമന്ത്രിക്കസേരയിലുണ്ട്.
'രാജ്യസ്‌നേഹി'കളുടെ ശത്രുത പീഡിപ്പിക്കപ്പെടുന്ന, കശാപ്പു ചെയ്യപ്പെടുന്ന നിരപരാധികളെയോര്‍ത്തു നെടുവീര്‍പ്പിട്ട നസിറുദ്ദീന്‍ ഷായ്ക്കു നേരെയാണ്. ഷായെ രാജ്യദ്രോഹിയെന്നു മുദ്രകുത്തുകയും പാകിസ്താനിലേയ്ക്കു പോകൂവെന്ന് അദ്ദേഹത്തോട് ആക്രോശിക്കുകയും ചെയ്തവര്‍ കണ്ണുതുറന്നു നോക്കേണ്ടത് അദ്ദേഹത്തിന്റെ വീട്ടിലേയ്ക്കാണ്. രാജ്യത്തിന്റെ മതേതരത്വപ്രതീകം പോലെ വൈവിധ്യമുള്ളതാണ് അദ്ദേഹത്തിന്റെ കുടുംബം.
തന്റെ വാക്കുളില്‍ നിന്നു മുതലെടുപ്പു നടത്താന്‍ ശ്രമിച്ച പാക്പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് അദ്ദേഹം നല്‍കിയ മറുപടി ഏതൊരു ഇന്ത്യക്കാരനും കാതു തുറന്നു കേള്‍ക്കേണ്ടതാണ്.
അതിങ്ങനെയായായിരുന്നു, ''നിങ്ങള്‍ നിങ്ങളുടെ നാട്ടിലെ കാര്യങ്ങള്‍ നോക്കിയാല്‍ മതി. ഇന്ത്യ എഴുപതു വര്‍ഷമായി ജനാധിപത്യരാജ്യമാണ്. ഇവിടത്തെ കാര്യങ്ങള്‍ നോക്കാന്‍ ഇവിടത്തെ ജനങ്ങള്‍ക്കറിയാം.''
ഇതാണു ദേശാഭിമാനം, ധീരമായ ദേശാഭിമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."