ഗൊരഖ്പൂര്‍: യു.പി ബി.ജെ.പിയില്‍ കലഹം
ന്യൂഡല്‍ഹി: സ്വന്തം മണ്ഡലത്തിലെ 'മാതൃകാ' ആശുപത്രിയില്‍ മസ്തിഷ്‌ക ജ്വരത്തിന് ചികിത്സയിലായിരുന്ന കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ രാജ്യമൊട്ടാകെ പ്രതിഷേധം കനത്തു. ഇതിനിടയില്‍ മുഖ്യമന്ത്രിക്കെതിരേ പാര്‍ട്ടിയില്‍ പടയൊരുക്കം തുടങ്ങിയത് യോഗിയെ മാത്രമല്ല, ബി.ജെ.പി ദേശീയ നേതൃത്വത്തെ തന്നെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ കേശവ് പ്രസാദ് മൗര്യയുടെ നേതൃത്വത്തിലുള്ള സംഘം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് മൗര്യ കേന്ദ്ര നേതൃത്വത്തെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്. മുതിര്‍ന്ന ബി.ജെ.പി നേതാവായ ഓം മാഥൂര്‍ വഴിയാണ് മൗര്യ കേന്ദ്രത്തെ സമീപിച്ചത്.
മുഖ്യമന്ത്രി കൈവശം വച്ചിരിക്കുന്ന വകുപ്പുകളുടെ എണ്ണക്കൂടുതല്‍ കാരണം വകുപ്പുകള്‍ ശരിയായ രീതിയില്‍ ശ്രദ്ധിക്കാന്‍ സാധിക്കുന്നില്ലെന്നാണ് പാര്‍ട്ടി നേതാക്കള്‍ ആരോപിക്കുന്നത്. അഞ്ച് തവണകളിലായി ഗൊരഖ്പൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടും ബി.ആര്‍.ഡി ആശുപത്രിയിലെ കുട്ടികളുടെ കൂട്ടക്കുരുതി വിഷയം വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രിക്കായില്ലെന്നും ഇതു പാര്‍ട്ടിയെ അപഹാസ്യമാക്കിയിട്ടുണ്ടെന്നുമാണ് മൗര്യയടക്കമുള്ള നേതാക്കളുടെ വാദം.
മുഖ്യമന്ത്രി പദം നല്‍കുന്നില്ലെങ്കില്‍, തനിക്ക് ആഭ്യന്തര വകുപ്പ് വേണമെന്ന് സര്‍ക്കാര്‍ രൂപീകരണ സമയത്ത് തന്നെ മൗര്യ അവകാശവാദമുന്നയിച്ചതാണ്.
എന്നാല്‍, ആഭ്യന്തര വകുപ്പ് നല്‍കിയില്ലെങ്കില്‍ മുഖ്യമന്ത്രിയാകില്ലെന്ന് യോഗി ആദിത്യനാഥും നിലപാടെടുത്തതോടെയാണ് വകുപ്പ് അദ്ദേഹത്തിന് നല്‍കിയത്. ആഭ്യന്തര വകുപ്പ്, വിജിലന്‍സ്, റവന്യു, പാര്‍പ്പിടം, നഗര വികസനം, ജയില്‍, നികുതി, ഖനനം തുടങ്ങി 36ഓളം വകുപ്പുകളാണ് മുഖ്യമന്ത്രി വഹിക്കുന്നത്.
ബി.ആര്‍.ഡി ആശുപത്രിയിലേക്ക് ഓക്‌സിജന്‍ വിതരണം ചെയ്തിരുന്ന കമ്പനിക്ക് പണം നല്‍കാത്തതിനാല്‍ അവര്‍ വിതരണം നിര്‍ത്തിയതാണ് കുട്ടികളുടെ മരണത്തിന് ഇടയാക്കിയത്. 68 ലക്ഷം രൂപയുടെ കുടിശ്ശികയാണ് കമ്പനിക്ക് അധികൃതര്‍ നല്‍കാനുള്ളത്.
കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പ് സമയത്ത് ബി.ആര്‍.ഡി ആശുപത്രിയില്‍ കൊണ്ടുവന്ന വികസനം ഉയര്‍ത്തിക്കാട്ടിയായിരുന്നു യോഗി ആദിത്യനാഥ് വോട്ടു പിടിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."