അനില്‍ നോട്ടിയാല്‍ ഇനി ലണ്ടനിലേക്ക്
#അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: കേരളത്തിന്റെ ബ്രാന്‍ഡ് അംബാസഡറായ ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ അനില്‍ നോട്ടിയാല്‍ റിയാദ് ഇന്ത്യന്‍ എംബസി സേവനം പൂര്‍ത്തിയാക്കി ലണ്ടനിലേക്ക് തിരിക്കുന്നു. ഇവിടെ മൂന്നു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയാണ് ലണ്ടന്‍ ഹൈക്കമ്മിഷനിലേക്ക് പോകുന്നത്.
കേരളത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായ അദ്ദേഹം മലയാളികളടക്കമുള്ള ഇന്ത്യന്‍ പൗരന്മാരുടെ വിഷയത്തില്‍ സജീവമായി ഇടപെടുകയും ഇന്ത്യന്‍ എംബസിയെ സാധാരണക്കാര്‍ക്ക് പ്രാപ്യമാക്കുകയും ചെയ്ത ചാരിതാര്‍ഥ്യത്തോടെയാണ് സഊദി വിടുന്നത്. ലണ്ടന്‍ ഹൈക്കമ്മിഷനിലെ വെല്‍ഫെയര്‍ കോണ്‍സുലാര്‍ ആയാണ് അദ്ദേഹത്തിന് പുതിയ നിയമനം.
2015ലെ സ്വാതന്ത്ര്യ ദിനത്തില്‍ എത്തിയ ഇദ്ദേഹം മൂന്നു വര്‍ഷത്തിന് ശേഷം ഈ റിപ്പബ്ലിക് ദിനത്തില്‍ ഇവിടുത്തെ സേവനം അവസാനിപ്പിച്ചാണ് ലണ്ടനിലേക്ക് യാത്രയാകുന്നത്. നേരത്തെ 2004 മുതല്‍ 2007 വരെ റിയാദ് എംബസിയില്‍ ജോലി ചെയ്ത ശേഷം ഖത്തറില്‍ ഇന്ത്യന്‍ എംബസിയില്‍ ജോലി ചെയ്ത ശേഷം വീണ്ടും സഊദിയില്‍ എത്തുകയായിരുന്നു. 1987ല്‍ ബംഗ്ലാദേശ് നയതന്ത്ര കാര്യാലയത്തിലാണ് തന്റെ ഔദ്യോഗിക ജോലി ആരംഭിച്ചത്.
വിദേശ സര്‍വിസുകളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനങ്ങളുടെ ബ്രാന്‍ഡ് അംബാസഡറാകണമെന്ന വ്യവസ്ഥ പ്രകാരമാണ് അനില്‍ നോട്ടിയാല്‍ കേരളം തിരഞ്ഞെടുത്തത്. സാധാരണ ഗതിയില്‍ എല്ലാ ഉദ്യോഗസ്ഥരും അവരവരുടെ സംസ്ഥാനങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ ഉത്തരാഖണ്ഡ് തലസ്ഥാനമായ നൈനിത്താള്‍ സ്വദേശിയായ ഇദ്ദേഹം കേരളത്തിന്റെ ബ്രാന്‍ഡ് അംബാസഡറാകാനാണ് താല്പര്യപ്പെട്ടത്. കഴിഞ്ഞ സെപ്റ്റംബറില്‍ കേരളത്തിലെത്തിയ അദ്ദേഹം ഗവര്‍ണറെയും മന്ത്രിമാരെയും സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
ആദ്യമായാണ് അന്നദ്ദേഹം കേരളം സന്ദര്‍ശിക്കുന്നത്. ലണ്ടനിലായാലും ലോകത്തിന്റെ ഏതു ഭാഗത്തായാലും മരണം വരെ കേരളത്തിന്റെ അംബാസഡര്‍ തന്നെയായിരിക്കും. മലയാളികളുമായി അത്രമാത്രം സുഹൃദ്ബന്ധമാണ് തനിക്കുള്ളത്. തന്റെ സര്‍വിസ് കാലത്ത് ഖത്തറിലും സഊദിയിലുമായി 15 വര്‍ഷത്തോളം താന്‍ മലയാളികളുമായി അടുത്തിടപെട്ടു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് തുടങ്ങിയവരുടെ സഊദി സന്ദര്‍ശനം, ജനാദ്രിയ ഫെസ്റ്റിവല്‍, പൊതുമാപ്പ് തുടങ്ങി വിവിധ കാര്യങ്ങളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചാണ് തികഞ്ഞ ചാരിതാര്‍ഥ്യത്തോടെ അദ്ദേഹം റിയാദ് എംബസി വിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."