ഉത്സവങ്ങള്‍ക്ക് വൈദ്യുതാലങ്കാര വിളക്കുകളുടെ നിര്‍മാണം തകൃതി
പെരുവെമ്പ്്: ക്ഷേത്ര ഉത്സവങ്ങള്‍ക്ക് വൈദ്യുതാലങ്കാര വിളക്കുകളുടെ നിര്‍മ്മാണം തകൃതി. പെരുവെമ്പ് , കൊടുവായൂര്‍, പുതുനഗരം, ചിറ്റൂര്‍, തത്തമംഗരം, പട്ടഞ്ചേരി, വണ്ടിത്താവളം, മുതലമട,കൊല്ലങ്കോട്, പല്ലശ്ശന മേഖലയിലുള്ള പ്രമുഖ വൈദ്യുതാലങ്കാര വിളക്കുകളുടെ നിര്‍മാതാക്കള്‍ക്കാണ് മണ്ഡലമാസക്കാലമായതോടെ വിശ്രമമില്ലാതെ അലങ്കാരഫ്രെയിമുകളുടെ നിര്‍മാണം നടക്കുന്നത്. അയ്യപ്പന്‍വിളക്ക് ഉത്സവങ്ങള്‍, ആറാട്ടുകള്‍, പള്ളി ഉറൂസുകള്‍, ക്രിസ്തുമസിന് ദേവാലയങ്ങളില്‍ നടക്കുന്ന ഉല്‍സവങ്ങള്‍ എന്നിവക്ക് ഉപയോഗിക്കുന്ന വൈദ്യുതാലങ്കാര ബള്‍ബുകള്‍ക്ക് കൊടുവായൂരിലും, കൊല്ലങ്കോട്ടിലും, പല്ലശ്ശനയിലുമായി കൂടുതല്‍ ആവശ്യക്കാരെത്തുന്നത്. കൊടുവായൂര്‍, ചിറ്റൂര്‍, കൊല്ലങ്കോട്, പല്ലശ്ശന മേഖലകളില്‍മാത്രം അഞ്ചിലധികം വന്‍കിട അലങ്കാര ബള്‍ബുകളുടെ ഫ്രെയിമുകള്‍ നിര്‍മിക്കുന്നവരുണ്ട്.
ഉത്സവ പ്രദേശങ്ങളിലെ റോഡിലെ കമാനങ്ങള്‍മുതല്‍ ക്ഷേത്ര-പള്ളി-ദേവാലയങ്ങള്‍ക്ക് വര്‍ണങ്ങളോടുകൂടിയ വൈദ്യുത ബള്‍ബുകള്‍ വ്യാപകമായി ഉപയോഗിച്ചുതുടങ്ങിതയാണ് ഇത്തരം അലങ്കാര ഫ്രെയിമുകള്‍ക്ക് ഡിമാന്റ് വര്‍ധിച്ചിട്ടുള്ളത്.
രണ്ടു വര്‍ഷങ്ങള്‍ക്കുമുമ്പ് വരെ ഫ്‌ളൂറസെന്റ് ബള്‍ബുകള്‍ ഉപയോഗിച്ചിരുന്ന അലങ്കാര ബള്‍ബ്‌നിര്‍മാതാക്കള്‍ നിലവില്‍ എല്‍.ഇ.ഡി.ബള്‍ബുകളാണ് ഉപയോഗിക്കുന്നത്. വൈദ്യുതിലാഭവും കൂടാതെ വിവിധ വര്‍ണങ്ങളിലായി ഇത്തരം ബള്‍ബുകള്‍ മാര്‍ക്കറ്റില്‍ ലഭിക്കുന്നതിനാല്‍ എല്‍.ഇ.ഡി.ബള്‍ബുകളുടെ ഫ്രെയിമുകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതലായുള്ളതെന്ന് അലങ്കാര വൈദ്യുതി ബള്‍ബുകള്‍ സ്ഥാപിച്ചുനല്‍കുന്ന ചന്ദ്രന്‍ പറയുന്നു.
തറയില്‍ പൂക്കളുടെയും ആരാധനാലയങ്ങളുടെയും ചിത്രങ്ങള്‍ വരച്ചെടുത്ത് അവക്കുമുകളിലൂടെ മുള ഉപയോഗിച്ചാണ് അലങ്കാര ബള്‍ബുകള്‍ക്കുള്ള ഫ്രെയിമുകള്‍ നിര്‍മിക്കുന്നത്. പിന്നീട് എല്‍.ഇ.ഡി.ബള്‍ബുകള്‍ ഘടിപ്പിക്കുന്നു.
മുള ഉപയോഗിച്ചുള്ള ഫ്രെയിമുകള്‍. ചിത്രങ്ങളുടെ രൂപം നല്‍കല്‍ , ബള്‍ബ് ഘടിപ്പിക്കല്‍ എന്നീ പ്രധന മുന്നുഘട്ടങ്ങള്‍ കഴിഞ്ഞാല്‍ ജനറേറ്ററുകളില്‍ ബന്ധിപ്പിച്ച് പരിശോധനനടത്തി ഉല്‍സവങ്ങളിലെത്തിക്കും. ഉല്‍സവ കമ്മിറ്റികള്‍ക്ക് കൂടുതല്‍ ഇഷ്ടമുളള ഡിസൈനുകളാണെങ്കില്‍ പറയുന്ന സംഖ്യയില്‍ അധികം നല്‍കുന്നവരും ഉണ്ടെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹരിദാസ് പറയുന്നു.
നാല്‍പതിലധികം അടിയില്‍ ഉയരത്തിലുള്ള റോഡിലെ കമാനങ്ങളില്‍ അലങ്കാര ബള്‍ബുകള്‍ സ്ഥാപിക്കുന്നത് ജീവന്‍പണയപെടുത്തിയുള്ള ജോലിയാണെങ്കിലും വര്‍ഷത്തില്‍ നാലുമാസം മാത്രം ലഭിക്കുന്ന വൈദ്യുതലങ്കാര ബള്‍ബുകളുടെ സ്ഥാപിക്കലില്‍ നിന്നും പുറകോട്ടുപോകുന്ന തൊഴിലാളികള്‍ വിരളമാണ്. ഉല്‍സവങ്ങള്‍ക്ക് നിറം പകരുന്ന ഇത്തരം മേഖലയിലുള്ള തൊഴിലാളികള്‍ മറ്റു സമയങ്ങളില്‍ ഉച്ചഭാഷിണികള്‍ വാടകക്ക് നല്‍കിയാണ് അടുത്ത ഉല്‍സവ സീസണ്‍ വരെയുള്ള ദിവസങ്ങള്‍ നീക്കുന്നത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."