മഴയുടെ താളത്തില്‍ കളരിയുടെ ചുവടുകള്‍ സമന്വയിപ്പിച്ച് വൃഷ്ടിയൊരുങ്ങുന്നു
എരുമപ്പെട്ടി: മഴയുടെ താളത്തില്‍ കളരിയുടെ ചുവടുകള്‍ സമന്വയിപ്പിച്ച് വൃഷ്ടിയെന്ന സംഗീത നൃത്ത നാടകമൊരുങ്ങുന്നു. പ്രശസ്ത അമേച്ച്വര്‍ നാടക സമിതിയായ ഞമനേങ്ങാട് തിയ്യറ്റര്‍ വില്ലേജാണ് നാടകം അരങ്ങിലെത്തിക്കുന്നത്. ഫ്രാന്‍സിലെ പ്രാണാ ഡാന്‍സ് കമ്പനിയുടേയും തൊഴിയൂര്‍ കളരി ഗുരുകുലത്തിന്റേയും സഹകരണത്തോടെയാണ് ഞമനേങ്ങാട് തിയ്യറ്റര്‍ വില്ലേജ് വൃഷ്ടി അണിയിച്ചൊരുക്കുന്നത്. മഴയുടെ പശ്ചാത്തല സംഗീതത്തില്‍ കളരിയുടെ മെയ് ചുവടുകളിലൂന്നിയുള്ള ശാരീരികാഭിനയവും കഥകളിയുടെ ഭാവങ്ങളും നൃത്തവും കോര്‍ത്തിണക്കിയാണ് നാടകം ചിട്ടപ്പെടുത്തിയിട്ടുള്ളത്. സമന്വയം എന്ന പേരില്‍ സംഘടിപ്പിച്ച ത്രിദിന ക്യാമ്പിലാണ് തിയ്യറ്റര്‍ വില്ലേജ് കലാകാരന്‍മാര്‍ നാടകം പരിശീലിച്ചത്. നാടക സിനിമ പ്രവര്‍ത്തകന്‍ പ്രദീപ് നാരായണനാണ് വൃഷ്ടിയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്.പ്രാണാ ഡാന്‍സ് കമ്പനി ഡയറക്ടറും കഥകളി കലാകാരനുമായ ഫ്രഞ്ച്കാരന്‍ മൈക്കിള്‍ സ്ട്രീത്താണ് കഥകളി നടനത്തിലൂന്നിയുള്ള ശാരീരിക അഭിനയം ചിട്ടപ്പെടുത്തിയത്. സംഗീതത്തിനൊപ്പം കളരി മെയ്ചുവടുകളും വടിവുകളും നാടകത്തില്‍ സമന്വയിപ്പിച്ചുണ്ട്. തൊഴിയൂര്‍ ജവഹര്‍ ഗുരുക്കളാണ് മെയ് അഭ്യാസങ്ങള്‍ പരിശീലിപ്പിച്ചത്. കവി റഫീക്ക് അഹമ്മദിന്റേയും ഫ്രഞ്ച് കവി പോള്‍വാലന്റേയും മഴയെ അസ്പദമാക്കിയ കവിതകള്‍ പശ്ചാത്തല സംഗീതത്തിനൊപ്പം പെയ്തിറങ്ങും.സംഗീതം ബിഷോയ് അനിയനും, കലാസംവിധാനം ജെയ്‌സണ്‍ ഗുരുവായൂരുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഈ മാസം 21 ന് വൈകീട്ട് 6 മണിക്ക് അഞ്ഞൂര് കമ്പനിപ്പടി ഓഡിറ്റോറിയത്തില്‍ വൃഷ്ടി അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."