തേനീച്ചപ്പേടിയില്‍ ഉറക്കം നഷ്ടപ്പെട്ട് അട്ടക്കുഴിങ്ങര ഗ്രാമം
തിരൂരങ്ങാടി: ഭീമന്‍ തേനീച്ചക്കൂടുകള്‍ ഒരു പ്രദേശത്തിന്റെ മുഴുവന്‍ ഉറക്കംകെടുത്തുന്നു.
തിരൂരങ്ങാടി നഗരസഭ ഡിവിഷന്‍ 39ല്‍ സ്ഥിതിചെയ്യുന്ന തൃക്കുളം പള്ളിപ്പടി, അട്ടക്കുഴിങ്ങര, ചോര്‍പ്പെട്ടി പ്രദേശങ്ങളിലാണ് ജനങ്ങള്‍ക്കും കന്നുകാലികള്‍ക്കും ഭീഷണിയായി മൂന്ന് ഭീമന്‍തേനീച്ചക്കൂടുകള്‍ സ്ഥിതിചെയ്യുന്നത്. തെങ്ങുകളിലും മരങ്ങളിലുമായി സ്ഥിതിചെയ്യുന്ന തേനീച്ചക്കൂടുകള്‍ക്ക് ഒരു മീറ്ററോളം വലുപ്പമുണ്ട്.
തേനീച്ചകളുടെ അക്രമണത്തില്‍ ഇതിനകം നിരവധിയാളുകള്‍ക്ക് പരുക്കേല്‍ക്കുകയും പ്രദേശവാസി പുളിക്കല്‍ മുഹമ്മദിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. നാലുദിവസത്തെ ചികിത്സക്കുശേഷമാണ് ഇയാളെ ഡിസ്ചാര്‍ജ് ചെയ്തത്.
തേനീച്ചയുടെ ആക്രമണത്തില്‍ മുഹമ്മദിന്റെ മൂന്ന് ആടുകള്‍ക്ക് കുത്തേല്‍ക്കുകയും ഇതില്‍ രണ്ടെണ്ണം ചാകുകയും ചെയ്തു. പ്രദേശത്ത് ചിറമംഗലത്തുനിന്നു വിവാഹക്ഷണത്തിനെത്തിയ കുടുംബത്തിനും മാരകമായി കുത്തേറ്റിരുന്നു. ഇവരെയും തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ ഇതേ ഡിവിഷനിലെ കണ്ണാടിത്തടം, മണ്‍ചിറക്കല്‍ എന്നിവിടങ്ങളിലും തേനീച്ചക്കൂടുകള്‍ ഉണ്ടായിരുന്നെങ്കിലും സഹികെട്ട നാട്ടുകാര്‍ നശിപ്പിച്ചു. ജനവാസമേഖലയിലാണ് തേനീച്ചകൂടുകള്‍ സ്ഥിതിചെയ്യുന്നത്. ആണിത്തറയിലെ മദ്‌റസയിലേക്കും അങ്കണവാടിയിലേക്കും മറ്റും കൊച്ചുകുട്ടികളടക്കം കാല്‍നട യാത്ര ചെയ്യുന്നതും ഇതുവഴിയാണ്.
പരുന്തിന്റെ ആക്രമണത്തിനിടെയാണ് പലര്‍ക്കും കുത്തേറ്റത്. രാത്രിസമയങ്ങളില്‍ വെളിച്ചം തെളിഞ്ഞാല്‍ വീടുകള്‍ക്കുള്ളിലും തേനീച്ചയുടെ സാന്നിധ്യം ഉള്ളതായി നാട്ടുകാര്‍ പറഞ്ഞു. പ്രദേശത്ത് ചെറിയകൂടുകള്‍ ഇനിയും രൂപപ്പെട്ടുവരുന്നുണ്ട്. തേനീച്ചകളെ ഇല്ലായ്മ ചെയ്ത പ്രദേശത്തിന്റെ ഭീതിയകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."