മെഡിക്കല്‍ കോളജില്‍ 103 കോടിയുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
മഞ്ചേരി: പുതിയ മെഡിക്കല്‍ കോളജുകള്‍ സര്‍ക്കാര്‍ ഉപേക്ഷിക്കില്ലെന്നും മുഴുവന്‍ കോളജുകളിലും ചികിത്സാ സൗകര്യങ്ങള്‍ വിപുലമാക്കുമെന്നും മന്ത്രി കെ.കെ ശൈലജ പറഞ്ഞു. മഞ്ചേരി മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കം ക്വാര്‍ട്ടേഴ്സിന്റെ ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. സി.ടി സ്കാന്‍, മാമോഗ്രാം, ഫീറ്റല്‍ റേഡിയോളജി യൂനിറ്റും മന്ത്രി ഉദ്ഘാടനം ചെയ്തു. മഞ്ചേരി മെഡിക്കല്‍ കോളജിന്റെ വികസനത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നത്. അക്കാദമിക രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ എല്ലാ താലൂക്ക് ജില്ലാ ആശുപത്രികളെയും സ്പെഷാലിറ്റി ആശുപത്രികളാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി 4250 പുതിയ തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തി. കാന്‍സര്‍ ചികിത്സാ രംഗത്ത് വലിയ മാറ്റമുണ്ടാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ക്യാന്‍സറിന്റെ മുന്‍കൂട്ടിയുള്ള കണ്ടെത്തലും ചികിത്സയുമാണ് ലക്ഷ്യം. മെഡിക്കല്‍ കോളജുകളില്‍ മിനി ക്യാന്‍സര്‍ സെന്ററുകള്‍ തുടങ്ങുന്നതിന് പണം നീക്കിവച്ചിട്ടുണ്ട്. ജില്ലാ ആശുപത്രികളില്‍ കീമോതെറാപ്പി സൗകര്യം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഓരോ ജില്ലയിലും മെഡിക്കല്‍ കോളജുകള്‍ അനുവദിക്കുകയെന്നത് പ്രയാസകരമാണെന്നും പകരം സാധാരണക്കാര്‍ക്ക് മികച്ച ചികില്‍സ ഉറപ്പുവരുത്താനായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജില്ലാ ആശുപത്രികള്‍വരെ സ്പെഷാലിറ്റി സൗകര്യങ്ങള്‍ ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അഡ്വ. എം ഉമ്മര്‍ എം.എല്‍.എ അധ്യക്ഷനായി. ഡി.എം.ഇ ഡോ.എ റംലാബീബി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡി.എം.ഒ ഡോ. കെ. സക്കീന, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്, നഗരസഭാ ചെയര്‍പേഴ്സണ്‍ വി.എം സുബൈദ, അഡ്വ.കെ. ഫിറോസ്ബാബു, കൃഷ്ണദാസ് രാജ, വി.എം ഷൗക്കത്ത്, പി.സുബ്രഹ്മണ്യന്, പ്രിന്‍സിപ്പല്‍ ഡോ. എം പി ശശി, സൂപ്രണ്ട് കെ.വി നന്ദകുമാര്‍, അര്ജുന് ദിനേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."