പൊട്ടിപ്പൊളിഞ്ഞ് കായച്ചിറ- പള്ളിപ്പറമ്പ് റോഡ്
മയ്യില്‍: യാത്ര ദുഷ്‌കരമായ കൊളച്ചേരി കായച്ചിറ-പള്ളിപ്പറമ്പ് റോഡിനോട് അധികൃതരുടെ അവഗണന. ടാറിങ് തകര്‍ന്ന് ആറോളം സ്ഥലങ്ങളില്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. ബൈക്കുകള്‍ കുഴിയില്‍ വീഴുന്നത് ഇവിടെ നിത്യസംഭവമാണ്. ശക്തമായ മഴ പെയ്താല്‍ ചെളി നിറഞ്ഞ് കാല്‍നട യാത്ര പോലും പറ്റാത്ത സ്ഥിതിയാണ്.
കൊളച്ചേരി പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍ കൂടി കടന്നുപോകുന്ന ഈ റോഡില്‍ പത്തോളം ബസുകള്‍ സര്‍വിസ് നടത്തുന്നുണ്ട്. കൊളച്ചേരി പഞ്ചായത്തിന്റെ വികസന ഫണ്ട് ഉപയോഗിച്ചാണ് ഇപ്പോള്‍ റീടാറിങ്ങ് പ്രവൃത്തി നടത്തുന്നത്. പക്ഷെ മൂന്ന് കിലോമീറ്ററുള്ള റോഡിന്റെ ശാപമോക്ഷത്തിന് പഞ്ചായത്തില്‍ നിന്ന് അനുവദിക്കുന്ന തുക പര്യാപ്തമല്ലെന്നു നാട്ടുകാര്‍ പറയുന്നു. കൂടുതല്‍ തുക ഒരു റോഡിന് വേണ്ടി മാത്രം ചെലവഴിക്കുന്നത് പഞ്ചായത്തിന്റെ മറ്റ് വികസന പ്രവൃത്തിക്ക് തടസമാവുന്നുമുണ്ട്. റോഡ് വികസനത്തിന് കൂടുതല്‍ ഫണ്ട് ചെലവഴിക്കാന്‍ കഴിയാത്തതിനാല്‍ പൊതുമരാമത്ത് വകുപ്പിനോട് റോഡ് ഏറ്റെടുക്കാന്‍ പഞ്ചായത്ത് ഭരണ സമിതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സാങ്കേതികത്വം ചൂണ്ടിക്കാട്ടി അപേക്ഷ നിരസിച്ചു. ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാണ് പഞ്ചായത്തിന്റെ നിലപാട്. അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധം അടക്കമുള്ള പ്രക്ഷോഭ പരിപാടിക്ക് തയാറെടുക്കുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."