കനാല്‍ ചോരുന്നു; വെള്ളമെത്താതെ വയലുകള്‍
പനമരം: ആര്യന്നൂര്‍ പാടശേഖരത്തില്‍പ്പെട്ട നാല്‍പ്പത് ഏക്കര്‍ സ്ഥലത്തെ നെല്‍കൃഷി നശിക്കുമെന്ന ആശങ്കയില്‍ ഉടമകളും പാട്ടക്കാരും. കാലവര്‍ഷം കനിയുമെന്ന പ്രതീക്ഷയില്‍ വിത്തിറക്കിയവരാണ് മഴ ലഭിക്കാതായതോടെ ആശങ്കയിലായത്.
കര്‍ഷകരുടെ പരാതിയെ തുടര്‍ന്ന് പമ്പ് ഹൗസ് റിപ്പയറിങിനായി ജില്ലാ പഞ്ചായത്ത് ഒരുലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതുപയോഗിച്ച് മോട്ടോര്‍ പമ്പ് ഹൗസ് റിപ്പയര്‍ ചെയ്തു. ഇതില്‍ 25,000 ഇപ്പോഴും ചില സാങ്കേതിക കാരണത്താല്‍ ലഭിച്ചില്ലെന്ന് കര്‍ഷകര്‍ പറയുന്നു. എന്നാല്‍ പ്രധാന പ്രശ്‌നം 30 വര്‍ഷം മുന്‍പ് നിര്‍മിച്ച മെയിന്‍ കനാല്‍ തകര്‍ന്ന് വെള്ളം ചോര്‍ന്ന് പോവുന്നതിനാല്‍ വയലുകളില്‍ വെള്ളം എത്തുന്നില്ല.
ഇത് കൂടാതെ മൂന്ന് ചെറിയ കനാലുകളും ഇതിനോട് ചേര്‍ന്നുണ്ട് ഇതും തകര്‍ന്ന് കിടക്കുകയാണെന്ന് പാട്ട കൃഷിക്കാരനായ ഉമ്മര്‍ പറഞ്ഞു. മെയിന്‍ കനാലില്‍ സിമന്റ് പൈപ്പ് സ്ഥാപിച്ച് ജലമെത്തിക്കാന്‍ കര്‍ഷകര്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ കൂടുതല്‍ വയലുള്ള വ്യക്തിയായിരുന്നു കനാല്‍ നിര്‍മാണ പ്രവര്‍ത്തി കരാറെടുത്തിരുന്നത്.
ഇയാളുടെ നേതൃത്വത്തില്‍ ശരിയായ രീതിയില്‍ ജോലികള്‍ ചെയ്യാത്തതാണ് ഇത്തരമൊരു സ്ഥിതിയില്‍ കാര്യങ്ങള്‍ എത്തിച്ചതെന്ന്, എത്രയും പെട്ടെന്ന് കനാല്‍ നന്നാക്കിയിയില്ലെങ്കില്‍ പതിനായിരങ്ങള്‍ മുടക്കി നെല്‍കൃഷി നടത്തുന്നവര്‍ കടക്കെണിയിലാവുമെന്ന് പ്രദേശത്തെ കര്‍ഷകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."