പരിപാലിക്കാന്‍ ആളില്ലാതെ പള്ളിക്കുളം നശിക്കുന്നു
കിഴിശ്ശേരി: നൂറ്റാണ്ടുകള്‍ക്ക് മുന്‍പെ നീരുറവയായി കെട്ടി നിന്ന കിഴിശ്ശേരിയിലെ പള്ളിക്കുളം പരിപാലിക്കാന്‍ ആളില്ലാതെ നശിക്കുന്നു. കുഴിമണ്ണ പഞ്ചായത്തില്‍ കിഴിശ്ശേരി മദ്‌റസയുടെ അടുത്തായി സ്ഥിതിചെയ്യുന്ന കുളം പാഴ് ചെടികള്‍ വളര്‍ന്ന് പരിസരം കാടുപിടിച്ച് കുളം മൂടപ്പെട്ട അവസ്ഥയിലാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പുവരെ പ്രദേശവാസികള്‍ ഉപയോഗിച്ചിരുന്ന കുളത്തിലാണ് വ്യാപകമായി മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്.
കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും ആശ്രയമായിരുന്ന കുളത്തിനു സമീപം ഒരു നിസ്‌കാര പള്ളിയും ചെറുകിട കച്ചവട സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചിരുന്നു. പ്രദേശവാസികള്‍ ആശ്രയിച്ചിരുന്ന ആരാധനാലയത്തില്‍ അടുത്ത കാലം വരെ ഈ കുളത്തിലെ വെള്ളമാണ് ഉപയോഗിച്ചിരുന്നത്. പിന്നീട് ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ സ്ഥലങ്ങള്‍ സ്വകാര്യവ്യക്തികള്‍ കൈവശപ്പടുത്തുകയായിരുന്നു. ഇപ്പോള്‍ കുളത്തിലേക്ക് റോഡിലെ വെള്ളവുംതിരിച്ചു വിട്ടതോടെ ചളിയും മണ്ണും നിറഞ്ഞ് കുളം നശിക്കുന്നു.
കൂടാതെ പലരും കവറുകളിലും ചാക്കുകളിലുമാക്കി അറവു മാലിന്യങ്ങള്‍ വരെ ഇതില്‍ നിക്ഷേപിക്കുന്നു. നൂറ്റാണ്ടുകളായി നിലവിലുള്ള ഈ ജലസ്രോതസ് നശിക്കാന്‍ അനുവദിക്കാതെ അതിനെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നും ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."