പീതാംബരന്‍ മാസ്റ്ററെ എന്‍.സി.പി സംസ്ഥാന പ്രസിഡന്റാക്കാന്‍ നീക്കം
കോഴിക്കോട്: ഉഴവൂര്‍ വിജയന്റെ മരണവും മന്ത്രി തോമസ് ചാണ്ടിക്കെതിരേ ഉയര്‍ന്ന ആരോപണവും പിടിച്ചുലച്ച എന്‍.സി.പിയില്‍ പിളര്‍പ്പ് ഒഴിവാക്കാന്‍ ഒത്തുതീര്‍പ്പിനു നീക്കം. ദേശീയ ജനറല്‍ സെക്രട്ടറി ടി.പി പീതാംബരന്‍ മാസ്റ്ററെ പ്രസിഡന്റാക്കി ഒത്തുതീര്‍പ്പ് ഫോര്‍മുലയുമായി എന്‍.സി.പി കേന്ദ്ര നേതൃത്വമാണു രംഗത്തെത്തിയത്.
എന്‍.സി.പിയില്‍ ഇപ്പോള്‍ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ പാര്‍ട്ടി പിളരുമെന്നാണു സൂചന. ഉഴവൂര്‍ വിജയന്റെ മരണശേഷമാണ് പാര്‍ട്ടിയില്‍ ഇരുവിഭാഗം നേതാക്കള്‍ക്കുമിടയില്‍ ഭിന്നത രൂക്ഷമായത്. മന്ത്രിസ്ഥാനം നഷ്ടമായ ശശീന്ദ്രനെ പ്രസിഡന്റാക്കണമെന്നാണു പരമ്പരാഗത എന്‍.സി.പി നേതാക്കളും കോണ്‍ഗ്രസ് എസില്‍നിന്നു വന്നവരും ആവശ്യപ്പെടുന്നത്. എന്നാല്‍ മാണി സി. കാപ്പനെ പ്രസിഡന്റാക്കി സംഘടനയെ പൂര്‍ണമായും കൈപ്പിടിയില്‍ ഒതുക്കാനാണു മന്ത്രി തോമസ് ചാണ്ടി വിഭാഗത്തിന്റെ നീക്കം. തര്‍ക്കം രൂക്ഷമായതോടെയാണ് ഒത്തുതീര്‍പ്പെന്ന നിലയില്‍ പീതാംബരന്‍ മാസ്റ്ററെ പ്രസിഡന്റാക്കി പരിഹാരം കാണാനുള്ള ദേശീയ നേതൃത്വത്തിന്റെ ശ്രമം.
എന്നാല്‍, പീതാംബരന്‍ മാസ്റ്ററെ അംഗീകരിക്കുന്നുണ്ടെങ്കിലും മുകളില്‍നിന്ന് അടിച്ചേല്‍പ്പിച്ചാല്‍ വഴങ്ങില്ലെന്ന നിലപാടാണ് എ.കെ ശശീന്ദ്രനെ അനുകൂലിക്കുന്നവര്‍ക്ക്. ചാണ്ടിയെയും കേന്ദ്ര നേതൃത്വത്തെയും സമ്മര്‍ദത്തിലാക്കി മുന്നോട്ടുപോകാന്‍ തന്നെയാണ് ശശീന്ദ്രന്‍ വിഭാഗത്തിന്റെ തീരുമാനം. സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂര്‍ വിജയന്റെ മരണകാരണം മന്ത്രി തോമസ് ചാണ്ടി വിഭാഗത്തിന്റെ മാനസിക പീഡനമാണെന്ന പരാതിയാണ് ഇവര്‍ ഉന്നയിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു വിഭാഗം ജില്ലാ പ്രസിഡന്റുമാര്‍ കോഴിക്കോട്ട് യോഗം ചേര്‍ന്നിരുന്നു. വിജയന്റെ ഒഴിവില്‍ എ.കെ ശശീന്ദ്രനെ പ്രസിഡന്റാക്കാന്‍ സമ്മര്‍ദം ചെലുത്താനായിരുന്നു യോഗം. കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, തൃശൂര്‍ തുടങ്ങിയ ജില്ലകളിലെ പ്രസിഡന്റുമാര്‍ അടക്കമുള്ളവരാണു രഹസ്യയോഗത്തില്‍ പങ്കെടുത്തത്. തങ്ങളുടെ വികാരം മാനിക്കാതെ മുന്നോട്ടുപോയാല്‍ പാര്‍ട്ടി പിളരുമെന്നും പിളര്‍ന്നാല്‍ പ്രബല വിഭാഗം തങ്ങളാകുമെന്നുമുള്ള മുന്നറിയിപ്പും ഇവര്‍ നല്‍കുന്നുണ്ട്. തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് എസിലേക്കു മടങ്ങുന്നതും പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതുമുള്‍പ്പെടെ മറ്റു വഴികള്‍ ആലോചിക്കുമെന്നും ശശീന്ദ്രന്‍പക്ഷം ഭീഷണി മുഴക്കുന്നുണ്ട്.
നിലവിലെ സാഹചര്യം മുതലെടുത്ത് പാര്‍ട്ടിയില്‍ നിയന്ത്രണം പിടിച്ചടക്കാനാണ് തോമസ് ചാണ്ടി ശ്രമിക്കുന്നതെന്നാണു പരമ്പരാഗത എന്‍.സി.പിക്കാരുടെ വാദം. ഡി.ഐ.സിയില്‍നിന്നു വന്നയാളാണ് തോമസ് ചാണ്ടി. മാണി സി. കാപ്പന്‍ പഴയ എന്‍.സി.പിക്കാരനാണെങ്കിലും ഇപ്പോള്‍ ചാണ്ടി ഗ്രൂപ്പിന് ഒപ്പമാണ്. ഇവരല്ലാതെ മറ്റു പ്രമുഖ നേതാക്കളൊന്നും പാര്‍ട്ടിക്ക് ഇല്ലെന്നതും പ്രതിസന്ധിയുടെ ആഴംകൂട്ടുന്നു. പ്രശ്‌നം പെട്ടെന്നു പരിഹരിക്കണമെന്ന് പാര്‍ട്ടി സംസ്ഥാന ഘടകത്തിന് എല്‍.ഡി.എഫ് നേതൃത്വം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ 20നു നടക്കുന്ന എക്‌സിക്യൂട്ടീവ് യോഗം നിര്‍ണായകമാകും. തോമസ് ചാണ്ടിയോട് അടുപ്പമുള്ള കേന്ദ്ര നേതൃത്വം എന്തു തീരുമാനമെടുക്കുമെന്നതാണ് പാര്‍ട്ടിയുടെ ഭാവി തീരുമാനിക്കാനിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."