പേരാമ്പ്ര എസ്റ്റേറ്റില്‍ കാട്ടാനശല്യം
പേരാമ്പ്ര: പ്ലാന്റേഷന് കോര്പ്പറേഷന് പേരാമ്പ്ര എസ്റ്റേറ്റില്‍ കാട്ടാനകളുടെ വിളയാട്ടം രൂക്ഷമായി. ഇന്നലെ രാവിലെ റബര്‍ ടാപ്പിങിനിറങ്ങിയ തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടു. ആനകളെ കണ്ടു ഭയന്നോടി വീണു പരുക്കേറ്റ വനിതാ തൊഴിലാളി സിനി ജോസഫ് (34)നെ എസ്റ്റേറ്റ് ആശുപത്രിയില്‍ ചികിത്സ നല്കി.
സംഭവത്തില്‍ ക്ഷുഭിതരായ തൊഴിലാളികള്‍ പണിമുടക്കി എസ്റ്റേറ്റ് ഓഫിസ് ഉപരോധം നടത്തി. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലാണ് പേരാമ്പ്ര എസ്റ്റേറ്റ്. വളരെയേറെ നാളുകളായി ഇവിടെ കാട്ടാനകള്‍ ശല്യം ചെയ്യുന്നുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതില്‍ എസ്റ്റേറ്റ് മാനേജ്മെന്റ് തികഞ്ഞ അലംഭാവമാണു പുലര്‍ത്തുന്നതെന്ന ആരോപണം മുമ്പേയുണ്ട്. തൊഴിലാളി യൂനിയനുകള്‍ ഇവിടെയുണ്ടെങ്കിലും കാട്ടാനശല്യത്തിനറുതി വരുത്തുന്ന നടപടികള്‍ വേണമെന്നു ഗൗരവത്തോടെ മാനേജ്മെന്റിനെ അറിയിക്കാന്‍ നേതാക്കള്‍ തയാറാകുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. പെരുവണ്ണാമൂഴി ഡാം റിസര്‍വോയറില്‍ കൂടി തോണിയിലും മറ്റുമായാണ് പുലര്‍ച്ചെ വനിതകള്‍ അടക്കമുള്ള ടാപ്പിങ് തൊഴിലാളികള്‍ എസ്റ്റേറ്റിലെത്തുന്നത്. ഇവരും റോഡ് മാര്ഗമെത്തുന്നവരും ആനയെ ഭയന്നാണ് യാത്ര ചെയ്യുന്നത്. പ്രശ്നം ചര്‍ച്ച ചെയ്യാനായി ബന്ധപ്പെട്ടവരുടെ യോഗം ഇന്ന് ഉച്ചക്ക് എസ്റ്റേറ്റ് മാനേജ്മെന്റ് വിളിച്ചതായി ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."