ജില്ലയിലേക്കുള്ള വിദേശ വിനോദ സഞ്ചാരികളുടെ വരവു കുറയുന്നു
നീലേശ്വരം: ബേക്കല്‍ കോട്ടയുള്‍പ്പെടെ സഞ്ചാരികളുടെ മനം മയക്കുന്ന നിരവധി കാഴ്ചകള്‍ ഉണ്ടായിട്ടും ജില്ലയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം കുറയുന്നു. സംസ്ഥാനത്തെ മറ്റു ജില്ലകളില്‍ വിദേശ വിനോദ സഞ്ചാരികള്‍ വന്‍തോതില്‍ എത്തുമ്പോഴാണ് ജില്ലയ്ക്ക് ഈ ദുര്‍ഗതി. 2016 ല്‍ 1823 വിദേശ സഞ്ചാരികളാണു ജില്ലയിലെത്തിയത്.
സംസ്ഥാനത്താകെ 1038419 വിദേശ വിനോദ സഞ്ചാരികളെത്തിയപ്പോഴാണു ജില്ലയില്‍ തുച്ഛമായ എണ്ണം മാത്രം സഞ്ചാരികളെത്തുന്നത്. കണ്ണൂര്‍ (5264), വയനാട് ( 7067), കോഴിക്കോട് (12649) എന്നിങ്ങനെയാണ് 2016ല്‍ ഉത്തര മലബാറിലെ മറ്റു ജില്ലകളിലെത്തിയ വിദേശ സഞ്ചാരികളുടെ കണക്ക്. 2015 ല്‍ 2973, 2014 ല്‍ 2535, 2013 ല്‍ 2344, 2012 ല്‍ 2071 എന്ന കണക്കിലാണു വിദേശീയര്‍ ജില്ലയിലെത്തിയത്.
ഇവിടെയെത്തുന്നവരില്‍ ഭൂരിഭാഗവും യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ നിന്നുള്ളവരാണ്. സൗകര്യങ്ങളുടെ അപര്യാപ്തതയാണ് പ്രധാനമായും സഞ്ചാരികളെ ജില്ലയില്‍ നിന്ന് അകറ്റുന്നത്. ബി.ആര്.ഡി.സിയുടെ കൈവശമുള്ള വിവന്താ ബൈ താജ് ബേക്കല്‍, ലളിത് റിസോര്‍ട്ട് സ് ആന്‍ഡ് സ്പാ ബേക്കല്‍ എന്നിവയിലാണ് ഇപ്പോള്‍ പ്രധാനമായും ജില്ലയിലെത്തുന്ന വിദേശീയര്‍ താമസിക്കുന്നത്. ഇവ കൂടാതെ ആറോളം റിസോര്‍ട്ടുകള്‍ നിര്‍മിക്കുന്നതിനു പാട്ടത്തിനു നല്കിയിട്ടുണ്ടെങ്കില് പണി പൂര്‍ത്തിയായിട്ടില്ല. ജില്ലയിലെ വിനോദസഞ്ചാര മേഖലകളെ ബന്ധിപ്പിച്ചു സഞ്ചാര സൗകര്യമില്ലാത്തതും സഞ്ചാരികളുടെ എണ്ണം കുറയുന്നതിനു കാരണമാണ്. ഡി.ടി.പി.സി ഉള്‍പ്പെടെ ഇക്കാര്യത്തില്‍ ശ്രദ്ധപതിപ്പിക്കണമെന്നാണ് ഉയരുന്ന ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."