പെരുമ്പളത്തിന്റെ പെരുമപേറി കുടംപുളി
പൂച്ചാക്കല്‍: പെരുമ്പളം കുടംപുളിക്ക് പെരുമകളേറെ. എല്ലാ വീടുകളിലും കുടംപുളി മരമെന്ന അപൂര്‍വ്വതയും ദ്വീപിന് സ്വന്തം.പെരുമ്പളം ദ്വീപിലെ മുവ്വായിരത്തോളം വീടുകളിലാണ് കുടംപുളി മരങ്ങളുള്ളത്. കറയില്ല, കയ്പ്പില്ല, ചവര്‍പ്പില്ല എന്നതാണ് പെരുമ്പളം കുടംപുളിയുടെ പ്രത്യേകതയെന്നു കര്‍ഷകര്‍ വ്യക്തമാക്കുന്നു.
വലിയ ഇതളുകളായിരിക്കും.പുറംതോടിന് കട്ടിയുണ്ട്.ഉപയോഗത്തില്‍ മൃദുവായിരിക്കും.
കുരു കിളിര്‍ത്താണ് തൈകള്‍ ഉണ്ടാകുന്നത്. തൈകള്‍ എട്ടു വര്‍ഷത്തിനിടെ വൃക്ഷമായി പൂവുകളും കായകളും ആകും.മേയ് മുതല്‍ ഓഗസ്റ്റ് വരെയാണ് പ്രധാന സീസണ്‍.ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയും ഫലങ്ങള്‍ ഉണ്ടാകാറുണ്ട്. പൂവായാല്‍ രണ്ടാഴ്ച്ചക്കിടെ കായകള്‍ വരും.
ഒന്നരമാസത്തിനിടെ പൂര്‍ണ്ണ വളര്‍ച്ചയെത്തി കായകള്‍ പറിച്ചെടുക്കാം.പറിച്ചെടുക്കുന്ന കായകള്‍ കഴുകിയ ശേഷം രണ്ടായി പൊട്ടിച്ച്, കുരു കളഞ്ഞശേഷം ഉണക്കും. കറുത്ത നിറത്തിനായി പുകയുംകൊള്ളിക്കും.പൂപ്പല്‍ വരാതിരിക്കാന്‍ ഉപ്പും വെളിച്ചെണ്ണയും ചേര്‍ത്ത് തിരുമ്മിയെടുക്കും.
ആണ്‍,പെണ്‍ പുളികളുണ്ട്.പെണ്‍പുളികളാണ് കായ്ക്കുന്നത്.
പ്രജനത്തിനായി ഒരു കിലോമീറ്റര്‍ ചുറ്റളവിലെങ്കിലും ആണ്‍ പുളി വേണം.പുളി വൃക്ഷത്തിന് ജൈവവളങ്ങളാണ് ഉപയോഗിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.
വൃക്ഷത്തിന് അധികം വേരുകള്‍ ഉള്ളതിനാല്‍ ചുറ്റും തടമെടുക്കാറില്ല. വേര് പൊട്ടിയാല്‍ അത് ഫലത്തെ ബാധിക്കും. സീസണില്‍ ഒരു വൃക്ഷത്തില്‍ നിന്നും കുറഞ്ഞത് 30 കിലോവരെ പച്ചപുളി ലഭിക്കും. ശരാശരി അഞ്ചുകിലോ പച്ചപുളി ഉണങ്ങിയാലെ ഒരു കിലോ പുളി ലഭിക്കുകയുള്ളു.പുളിവൃക്ഷം വര്‍ഷങ്ങളോളം നിലനില്‍ക്കും. പ്രത്യേക രോഗങ്ങളൊന്നും വരാറില്ല.വൃക്ഷത്തിന്റെത് പിരിയന്‍ തടി ആയതിനാല്‍ വീട്ടുപകരണങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കില്ല.വിറകായി മുറിച്ചെടുക്കുന്നതും ശ്രമകരമാണ്.
1985ല്‍ എറണാകുളത്തു നടന്ന ഇന്റര്‍ഗ്രേറ്റഡ് റൂറല്‍ ഡവലപ്‌മെന്റ് പ്രോഗ്രാം(ഐആര്‍ഡിപി) മേളയാണ് പെരുമ്പളം പുളിയ്ക്ക് വിപണിമൂല്യം ഉറപ്പിച്ചതെന്നാണ് വിവരം.അവിടെ പെരുമ്പളം പുളി പ്രദര്‍ശിപ്പിച്ചു.
അന്നു പുളി വാങ്ങിയവര്‍ പിന്നീടും പെരുമ്പളത്ത് പുളി തിരക്കിയെത്തി. അത് പതിവുമായി.പെരുമ്പളത്തിന്റെത് വളക്കൂറുള്ള മണ്ണാണ്.
ജലാശയങ്ങള്‍ അധികമുള്ളതിനാല്‍ മണ്ണിന് തണുപ്പും ഈര്‍പ്പവുമുണ്ട്.സൂര്യപ്രകാശവും നന്നായി ലഭിക്കും. വിപണിയിലും മേളകളിലും ഗുണഭോക്താക്കള്‍ക്കിടയിലും പെരുമ്പളം പുളിക്ക് പ്രത്യേക മൂല്യമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."