ടൗണ്‍ഹാള്‍ അനെക്‌സില്‍ ഉറവിട മാലിന്യ സംസ്‌കരണ ഉപകരണ പ്രദര്‍ശനമേള
പാലക്കാട്: നഗരസഭയുടെ ഉറവിട മാലിന്യ സംസ്‌കരണ പദ്ധതിയുടെ ഭാഗമായി ടൗണ്‍ഹാള്‍ അനെക്‌സില്‍ ജൈവമാലിന്യ. സംസ്‌കരണ ഉപകരണങ്ങളുടെ പ്രദര്‍ശനവും വിപണനവും ഓഗസ്റ്റ് 19 വരെ നടക്കും. രാവിലെ 10 മുതല്‍ രാത്രി എട്ട് വരെയാണ് മേള. ശുചിത്വമിഷന്റെ അംഗീകൃത ഏജന്‍സികളുടെ ഉപകരണങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. മൂന്ന് മണ്‍കലങ്ങള്‍ ഉപയോഗിച്ച് മാലിന്യം സംസ്‌കരിക്കുന്ന മണ്‍കല കംപോസ്റ്റിങ്, കളിമണ്‍ ഭരണികള്‍ തട്ടുകളായി അടുക്കിവച്ച ജൈവസംസ്‌കരണ ഭരണി, ഫെറോസിമെന്റും സ്ലാബും റിങ്ങും ഉപയോഗിച്ചുള്ള റിങ് കംപോസ്റ്റിങ്, ബക്കറ്റില്‍ പ്ലാസ്റ്റിക് ചാക്ക് ഇറക്കിവെച്ച് കിച്ചന്‍ബിന്‍ കംപോസ്റ്റിങ്, പ്ലാസ്റ്റിക്-ടെറാകോട്ട-ഫൈബര്‍ എന്നിവ കൊണ്ട് നിര്‍മിച്ച മണ്ണിര കംപോസ്റ്റിങ്, ഷീറ്റുകള്‍ കൊണ്ട് ചതുരാകൃതയിലുള്ള പെട്ടികളില്‍ മാലിന്യം നിക്ഷേപിക്കുന്ന പോര്‍ട്ടബ്ള്‍ ഗാര്‍ഹിക ബയോബിന്‍ കംപോസ്റ്റിങ്, സാനിറ്ററി നാപ്കിന്‍ സംസ്‌കരണ യൂനിറ്റ് തുടങ്ങിയവയാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ചെറിയ കുടുംബങ്ങള്‍ക്ക് മുതല്‍ വലിയ പ്ലാന്റുകള്‍ക്ക് വരെ അനുയോജ്യമായതും എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്നതുമായ ജൈവമാലിന്യ സംസ്‌കരണ രീതികളാണ് പ്രദര്‍ശനത്തിലുള്ളത്. സംസ്‌കരണ ഉപാധികളുടെ പ്രവര്‍ത്തനം നേരിട്ട് മനസ്സിലാക്കുന്നതിനൊപ്പം അനുയോജ്യമായവ വാങ്ങുന്നതിനും ബുക്ക് ചെയ്യുന്നതിനുമുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."