വാര്‍ഷികപദ്ധതി നിര്‍വഹണം: കൊല്ലം, വയനാട് ജില്ലകള്‍ മുന്നില്‍
കൊണ്ടോട്ടി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി നിര്‍വഹണത്തില്‍ കൊല്ലം, വയനാട് ജില്ലകള്‍ മുന്നില്‍. കോഴിക്കോട്, തൃശൂര്‍ ജില്ലകളാണ് പിറകില്‍. കഴിഞ്ഞ വര്‍ഷം ഇതേസമയം 0.47 ശതമാനം പദ്ധതികളാണ് പൂര്‍ത്തിയായിരുന്നത്.
പദ്ധതി നിര്‍വഹണം 10 ശതമാനത്തിന് മുകളിലെത്തിയത് നവംബറിലായിരുന്നു. പദ്ധതി രൂപവല്കരണം, ഡാറ്റാ എന്‍ട്രി, ഡി.പി.സി അംഗീകാരം, സാങ്കേതികാനുമതി തുടങ്ങിയ നടപടികള്‍ക്കെല്ലാം കൃത്യമായ സമയക്രമം നിശ്ചയിച്ച് ഓരോ പാദവാര്‍ഷികത്തിലും 25 ശതമാനം വീതം പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിനേത്തുടര്‍ന്നാണ് ഇത്തവണ പദ്ധതി നിര്‍വഹണത്തില്‍ വന്‍ മുന്നേറ്റമുണ്ടായത്. കൊല്ലം, വയനാട്, എറണാകുളം, ഇടുക്കി ജില്ലകള്‍ ഇതിനകംതന്നെ 14 ശതമാനത്തിന് മുകളില്‍ പദ്ധതികള്‍ പൂര്‍ത്തീകരിച്ചുകഴിഞ്ഞു.
കൊല്ലം (14.85), വയനാട് (14.77), എറണാകുളം(14.26), ഇടുക്കി (14.16) എന്നിങ്ങനെ പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. ഏറ്റവും കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങളുള്ള മലപ്പുറം ജില്ല 13.14 ശതമാനം പദ്ധതികള്‍ പൂര്‍ത്തിയാക്കി ആറാം സ്ഥാനത്താണുള്ളത്.
കോഴിക്കോട് 10.44 ശതമാനം മാത്രം പൂര്‍ത്തിയാക്കി 14-ാം സ്ഥാനത്താണുള്ളത്. തൃശൂര്‍ (10.53), കോട്ടയം (10.60) ശതമാനവും പദ്ധതികള്‍ പൂര്‍ത്തിയാക്കി 13, 12 സ്ഥാനത്താണുള്ളത്. കണ്ണൂര്‍ (13.93), പത്തനംതിട്ട (12.62), ആലപ്പുഴ (12.38), പാലക്കാട് (12.02), തിരുവനന്തപുരം(11.91), കാസര്‍കോട് (11.49) ശതമാനം പദ്ധതികള്‍ പൂര്‍ത്തീകരിച്ചു.
നഗരസഭകളാണ് പദ്ധതി നിര്‍വഹണത്തില്‍ മുന്നേറ്റം നടത്തുന്നത്. നഗരസഭകള്‍ ഇതിനകം തന്നെ 15.11 ശതമാനം ഫണ്ട് ചെലവഴിച്ചു. ഗ്രാമപഞ്ചായത്തുകള്‍ 13.73 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകള്‍ 11.40 ശതമാനവും പൂര്‍ത്തീകരിച്ചു.
കോര്‍പറേഷനുകള്‍ 10.79 ശതമാനം പൂര്‍ത്തീകരിച്ചപ്പോള്‍ ജില്ലാ പഞ്ചായത്തുകള്‍ 8.07 ശതമാനം മാത്രമാണ് ചെലവഴിച്ചത്. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണം ഇതുവരെ 12.58 ശതമാനമാണ്. 6162.51 കോടി അടങ്കല്‍ തുകയില്‍ 775 കോടി ചെലവഴിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."