ഹാദിയ കേസില്‍ എന്‍.ഐ.എ അന്വേഷണം ആരംഭിച്ചു
കൊച്ചി: വിവാദമായ ഹാദിയ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അന്വേഷണം തുടങ്ങി. സുപ്രിം കോടതി നിര്‍ദേശപ്രകാരം കൊച്ചി എന്‍.ഐ.എ യൂനിറ്റാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയതത്. ഹാദിയയുടെ സുഹൃത്തിന്റെ പിതാവിനെതിരേയാണ് കേസ്. ഹാദിയയെ മതം മാറ്റത്തിന് പ്രേരിപ്പിച്ചു എന്നു ചൂണ്ടിക്കാട്ടി പിതാവ് അശോകന്‍ പെരിന്തല്‍മണ്ണ പൊലിസ് സ്റ്റേഷനില്‍ നേരത്തെ നല്‍കിയിരുന്ന പരാതിയാണ് എന്‍.ഐ.എ വീണ്ടും അന്വേഷിക്കുന്നത്.
ഹാദിയ സേലത്ത് ഡി.എച്ച്.എം.എസ് കോഴ്‌സിന് പഠിക്കുമ്പോള്‍ സഹപാഠിയായിരുന്ന ജസീനയുടെ പിതാവ് പെരിന്തല്‍മണ്ണ സ്വദേശി അബൂബക്കര്‍ മതംമാറ്റത്തിന് പ്രേരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അശോകന്‍ പരാതി നല്‍കിയിരുന്നത്. മത സൗഹാര്‍ദം തകര്‍ക്കല്‍, ഇതര മതങ്ങളെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
അന്വേഷണസംഘം സംസ്ഥാന പൊലിസില്‍നിന്ന് കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ വാങ്ങാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ സംഘം കേസുമായി ബന്ധപ്പെട്ടവരുടെ മൊഴിയെടുക്കും. കേസിനെക്കുറിച്ചുള്ള വിവരങ്ങള്‍ എന്‍.ഐ.എ സംഘത്തിനു കൈമാറണമെന്ന് സുപ്രിം കോടതി സംസ്ഥാന പൊലിസിനു നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
മുന്‍പ് ഹാദിയയുടെ പിതാവ് അശോകന്‍ നല്‍കിയ ഹരജി പരിഗണിച്ച് ഹൈക്കോടതി ഹാദിയയും ഷഫിന്‍ ജഹാന്‍ എന്ന യുവാവും തമ്മിലുള്ള വിവാഹം റദ്ദാക്കിയിരുന്നു. ഇതിനെതിരേ ഷഫിന്‍ ജഹാന്‍ സുപ്രിം കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കേസില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് തേടിയ ശേഷമാണ് എന്‍.ഐ.എ അന്വേഷണത്തിന് സുപ്രിം കോടതി ഉത്തരവിട്ടത്.
ഇതിനിടയില്‍ കഴിഞ്ഞ ദിവസം സംഘ്പരിവാര്‍ പ്രചാരകന്‍ രാഹുല്‍ ഈശ്വര്‍ ഹാദിയയുടെ വസതി സന്ദര്‍ശിച്ച് കുടുംബാംഗങ്ങളുമായി നടത്തിയ സംഭാഷണം വിഡിയോയില്‍ ചിത്രീകരിച്ച് പുറത്തുവിട്ടത് വിവാദമായിരുന്നു. ഇതിന്റെ പേരില്‍ രാഹുലിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ഹാദിയയുടെ പിതാവിന്റെ അഭിഭാഷകന്‍ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."