ചാകരയെന്ന് അഭ്യൂഹം; ബോട്ടുകള്‍ കൂട്ടത്തോടെ തീരത്ത്
പൊന്നാനി: വെളിയങ്കോട് തീരത്ത് ചാകരയെന്ന് അഭ്യൂഹം. വാര്‍ത്ത പരന്നതോടെ പൊന്നാനിയിലെയും പരപ്പനങ്ങാടിയിലെയും ചാവക്കാട്ടേയും ബോട്ടുകള്‍ കൂട്ടത്തോടെ വെളിയങ്കോട് തീരത്ത് തമ്പടിച്ചു.
കരയില്‍ നിന്ന് അല്പം മാറി കടലില്‍ ചാകരയുണ്ടെന്നാണ് വാര്‍ത്ത പരന്നത്. ഇതോടെ ബോട്ടുകള്‍ ഒന്നിച്ച് വരികയായിരുന്നു.
ട്രോളിങ് കഴിഞ്ഞ് മത്സ്യം കാര്യമായി ലഭിച്ചിട്ടില്ലെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ഇതിനിടയിലാണ് ചാകര തേടി വെളിയങ്കോട് കടല്‍ അരിച്ചുപെറുക്കിയത്. കഴിഞ്ഞ ദിവസം ബോട്ടുകള്‍ മത്സ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് കൊല്ലം തീരത്ത് മത്സ്യബന്ധനത്തിന് പോയിരുന്നു പലര്‍ക്കും ഇന്ധനച്ചെലവ് പോലും തിരിച്ച് കിട്ടിയില്ല. പ്രത്യേക റഡാര്‍ വഴിയാണ് ചാകരയുടെ സാന്നിധ്യം അറിഞ്ഞെന്നാണ് വാര്‍ത്ത പരന്നത്. എന്നാല്‍ ഇങ്ങനെയൊരു വിവരം ബോട്ടുകാര്‍ക്ക് നല്‍കിയിട്ടില്ലെന്ന് ഫിഷറീസ് വകുപ്പ് അധികൃതര്‍ പറയുന്നു. ഏതായാലും ബോട്ടുകള്‍ കടല്‍ മുഴുവന്‍ അരിച്ചുപെറുക്കിയിട്ടും ചാകര മാത്രം കിട്ടാതെ നിരാശരായാണ് മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."