തമിഴകത്തേക്ക് കൈനീട്ടി ബി.ജെ.പി; അണ്ണാ ഡി.എം.കെ എന്‍.ഡി.എ മുന്നണിയിലേക്ക്
ചെന്നൈ: തമിഴ്‌നാട്ടില്‍ അണ്ണാ ഡി.എം.കെയിലെ പനീര്‍ശെല്‍വം-പളനിസാമി പക്ഷങ്ങള്‍ തമ്മിലുള്ള ലയനചര്‍ച്ച അന്തിമഘട്ടത്തിലെത്തിയതോടെ തമിഴക രാഷ്ട്രീയത്തില്‍ പുതുനീക്കത്തിന് ബി.ജെ.പിയും തയാറെടുക്കുന്നു. ബിഹാറില്‍ നിതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ജെ.ഡി.യു, എന്‍.ഡി.എ സഖ്യത്തിന്റെ ഭാഗമായതിന് പിന്നാലെ തമിഴ്‌നാട്ടില്‍ എ.ഐ.എ.ഡി.എം.കെയും എന്‍.ഡി.എ സഖ്യത്തിന്റെ ഭാഗമാകാന്‍ തയാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
ഇന്ന് അണ്ണാ ഡി.എം.കെയിലെ ഇരുപക്ഷങ്ങളും വീണ്ടും യോഗം ചേരുന്നുണ്ട്. ഇരുവിഭാഗവും ലയിക്കുന്നതിനു പിന്നാലെ ബി.ജെ.പി മുന്നണിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ തമിഴ്‌നാട്ടില്‍ സന്ദര്‍ശനം നടത്തുന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അണ്ണാ ഡി.എം.കെ നേതാക്കളായ പനീര്‍ശെല്‍വം- പളനിസാമി എന്നിവരുമായി ചര്‍ച്ച നടത്തുമെന്നാണ് വിവരം.
അണ്ണാ ഡി.എം.കെ ലയനം ഇന്നുണ്ടായേക്കുമെന്നാണ് ഇരുപക്ഷം നേതാക്കളും നല്‍കുന്ന സൂചന. ലയനം കഴിയുന്നതോടെ പാര്‍ട്ടിയെ എന്‍.ഡി.എയിലേക്ക് ക്ഷണിക്കാനായിട്ടാണ് അമിത്ഷാ പ്രധാനമായും തമിഴ്‌നാട്ടില്‍ എത്തുന്നതെന്നാണ് വിവരം. ലയനശേഷം ഇരുവിഭാഗങ്ങളും ഒന്നായി മുന്നണി പ്രവേശനം ചര്‍ച്ച ചെയ്യുമെന്നും ഇതിന് മുന്നോടിയായ ശശികലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നും നേതാക്കളില്‍ ചിലര്‍ പറയുന്നു.
ടി.ടി.വി ദിനകരനെ പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കുന്നതില്‍ പളനിസാമി പക്ഷത്തെ മുതിര്‍ന്ന നേതാവ് എം. തമ്പിദുരൈയ്ക്ക് താല്‍പര്യമില്ലാത്തതാണ് ലയനം നീളാന്‍ കാരണായ കാര്യങ്ങളില്‍ ഒന്ന്. പാര്‍ട്ടി പിടിക്കാന്‍ ദിനകരന്‍ ശ്രമിക്കുന്നതിനിടയില്‍ ലയനം പ്രഖ്യാപിച്ച് ബി.ജെ.പി തണലില്‍ എന്‍.ഡി.എയ്ക്ക് ഒപ്പം ചേര്‍ന്ന് ഭരണം നടത്താനാണ് പളനിസാമിയും പനീര്‍ശെല്‍വവും താല്‍പര്യപ്പെടുന്നതെന്നാണ് വിവരം.
ലയനത്തിന്റെ അന്തിമഘട്ട ചര്‍ച്ച നടക്കുന്നതിനിടയില്‍ പനീര്‍ശെല്‍വം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു. മുഖ്യമന്ത്രി പളനിസാമി പ്രധാനമന്ത്രിയെ കണ്ടതിന് പിന്നാലെയായിരുന്നു പനീര്‍ശെല്‍വത്തിന്റെയും ചര്‍ച്ച. ഇരുനേതാക്കള്‍ക്കും ബി.ജെ.പി ബന്ധത്തില്‍ താല്‍പര്യമുണ്ടെന്നതിന് തെളിവാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു. ജയലളിതയുടെ കാലത്തുണ്ടായിരുന്ന ശക്തി ഇന്ന് അണ്ണാ ഡി.എം.കെക്കില്ലെന്ന് തിരിച്ചറിഞ്ഞാണ് അവസരത്തിനൊത്ത് മുന്നേറാന്‍ ബി.ജെ.പി ശ്രമം തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."