കാര്യങ്കോട് പുഴയില്‍ റാഫ്റ്റിങ്ങിനു വി.ഐ.പി പട
ചെറുപുഴ: കാര്യങ്കോട് പുഴയില്‍ റാഫ്റ്റിങിനായി കലക്ടര്‍ ഉള്‍പ്പെടെ വി.ഐ.പി സംഘമെത്തി. കലക്ടര്‍ മീര്‍ മുഹമ്മദലി, എസ്.പി ജി. ശിവവിക്രം, സബ് കലക്ടര്‍ ചന്ദ്രശേഖരന്‍, അസി. കലക്ടര്‍ ആസിഫ് കെ. യൂസഫ്, എന്നിവരാണു വൈറ്റ് വാട്ടര്‍ റാഫ്റ്റിങിന്റെ സാഹസികത നുകരാന്‍ കാര്യങ്കോട് പുഴയിലെത്തിയത്. ഇവിടെയെത്തിയ കലക്ടര്‍ക്കും സംഘത്തിനും നേപ്പാളില്‍ നിന്നുള്ള ഗൈഡുകള്‍ വിശദമായി ക്ലാസുകള്‍ നല്‍കിയ ശേഷമാണു റാഫ്റ്റിങ്ങിലെത്തിച്ചത്. സേഫ്റ്റി ബ്രീഫിങും തുഴയല്‍ പരിശീലനവും കഴിഞ്ഞാണു റാഫ്റ്റിലേറി പുഴയില്‍ ഇറങ്ങുക. കുതിച്ചൊഴുന്ന പുഴയില്‍ അതിവേഗത്തില്‍ കുതിക്കുന്ന റാഫ്റ്റിങിന്റെ സാഹസികത ആസ്വദിക്കാനും മലയോരത്തെ ടൂറിസം സാധ്യതകള്‍ മനസിലാക്കാനുമാണു കലക്ടറും സംഘവും എത്തിയത്. ചുഴികളില്‍ വട്ടംകറങ്ങിയും പുഴയിലെ കല്ലുകളില്‍ തട്ടിമാറിയും ആറ്റുവഞ്ചികള്‍ക്കു മീതെ പാഞ്ഞും നീങ്ങിയ റാഫ്റ്റ് ഒന്നരമണിക്കൂര്‍ കൊണ്ടാണു കോഴിച്ചാലില്‍ നിന്നു വയലായിലെത്തിയത്. ഇന്നലെ രാവിലെ പത്തോടെ കോഴിച്ചാലില്‍ നിന്നാണു റാഫ്റ്റിങ് ആരംഭിച്ചത്. വയലായില്‍ റാഫ്റ്റിങ് അവസാനിപ്പിച്ച് കയാക്കിങിലും പയറ്റിയാണു കലക്ടറും സംഘവും മടങ്ങിയത്. മൂന്നു റാഫ്റ്റുകളിലായി പതിനഞ്ചോളം പേരാണ് ഒരേസമയം റാഫ്റ്റിങ് നടത്തിയത്. ചൊവ്വാറ്റുകുന്നേല്‍ ഷൈജു സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള എക്‌സ്ട്രീം അഡ്വെഞ്ചേഴ്‌സാണ് മലയോരത്ത് റാഫ്റ്റിങ് നടത്തുന്നത്. നേപ്പാളി സ്വദേശികളായ റാഫ്റ്റിങ് വിദഗ്ധര്‍ നദീന്‍, അമീര്‍, ബിമല്‍ എന്നിവരാണു ഗൈഡുകള്‍. ഒഴിവുദിവസങ്ങളില്‍ നിരവധിയാളുകളാണു റാഫ്റ്റിങ്ങിന് എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."