പാകിസ്താനെതിരേ ആഞ്ഞടിച്ച് ട്രംപ്
ന്യൂയോര്‍ക്ക്: പാകിസ്താനെതിരേ ആഞ്ഞടിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഭീകരരെ സംരക്ഷിക്കുന്നതില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ അവര്‍ക്കെതിരേ സൈനിക നടപടി ആലോചിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്താന്‍ ഭീകരരുടെ താവളമെന്ന് വ്യക്തമാക്കിയ ട്രംപ്, പാകിസ്താന് ഇക്കാര്യത്തില്‍ മുന്നറിയിപ്പും നല്‍കി. പുതിയ അഫ്ഗാന്‍ നയം പ്രഖ്യാപിക്കുന്നതിനിടെയാണ് ട്രംപിന്റെ രൂക്ഷവിമര്‍ശനം. ടെലിവിഷനിലൂടെ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്. ഭീകരവാദം, അക്രമം, കലാപം എന്നിവയുടെ ഏജന്റായാണ് പാകിസ്താന്‍ പ്രവര്‍ത്തിക്കുന്നത്. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ഏറെക്കാലം നിശബ്ദരായിരിക്കാനാവില്ല. പാകിസ്താന്റെ ഇത്തരം നടപടികളോട് അമേരിക്ക ശക്തമായി പ്രതികരിക്കും. പാകിസ്താനുമായി സൈനിക സഹകരണം ഒരു കാലത്തും സാധ്യമാവില്ലെന്നും ട്രംപ് പറഞ്ഞു.
അഫ്ഗാനില്‍ അമേരിക്ക നടത്തുന്ന തീവ്രവാദവിരുദ്ധ പോരാട്ടത്തിന്റെ ഗുണം ഏറ്റവുമധികം അനുഭവിക്കുന്നത് പാകിസ്താനാണ്. എന്നാല്‍ ഭീകരര്‍ക്ക് സുരക്ഷിത താവളം ഒരുക്കുക വഴി ഇതിനെതിരായ നിലപാടാണ് പാകിസ്താന്‍ സ്വീകരിക്കുന്നത്. ഭീകരര്‍ക്കെതിരേ പോരാടാന്‍ അമേരിക്ക നല്‍കുന്ന സഹായം സ്വീകരിച്ച ശേഷം ഭീകരരെ സഹായിക്കുന്ന നിലപാടാണ് പാകിസ്താന്‍ സ്വീകരിക്കുന്നത്.
അഫ്ഗാന്‍ അതിര്‍ത്തിയിലെ തീവ്രവാദ ക്യാംപുകള്‍ എന്ന് സംശയിക്കുന്ന പാക് മേഖലകളില്‍ ഡ്രോണ്‍ ആക്രമണം നടത്താന്‍ ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നതായി യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അഫ്ഗാന്‍ നയത്തോടൊപ്പം പാകിസ്താനോടുള്ള സമീപനവും വ്യക്തമാക്കി ട്രംപ് രംഗത്തെത്തിയത്. അഫ്ഗാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ അമേരിക്ക ഉദ്ദേശിക്കുന്നില്ലെന്നും ട്രംപ് അറിയിച്ചു.
അഫ്ഗാനിലേക്ക് ഇനിയും സൈന്യത്തെ അയക്കുമെന്നു പറഞ്ഞ ട്രംപ് പക്ഷേ അതെത്രയാണെന്നു വ്യക്തമാക്കിയില്ല. എന്നാല്‍ 4000 സൈനികരെക്കൂടി അയക്കാന്‍ പദ്ധതിയുള്ളതായി യു.എസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് പറഞ്ഞു. പാകിസ്താനെ വിമര്‍ശിക്കുന്നതിനൊപ്പം ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തെക്കുറിച്ചു പരാമര്‍ശിച്ച ട്രംപ് അഫ്ഗാന്‍ വിഷയത്തില്‍ ഇന്ത്യയുടെ സംഭാവനയും തങ്ങള്‍ പ്രതീക്ഷിക്കുന്നതായി പറഞ്ഞു. ഇക്കാര്യത്തില്‍ ഇന്ത്യയെ സാമ്പത്തികമായി സഹായിക്കാന്‍ അമേരിക്കക്ക് താല്‍പ്പര്യമുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
പാകിസ്താന് പിന്തുണയുമായി ചൈന
ബെയ്ജിങ്: പാകിസ്താനെ ഭീകരരുടെ താവളമെന്ന് വിശേഷിപ്പിച്ച ട്രംപിന്റെ പ്രസ്താവനക്കു പിന്നാലെ പാകിസ്താന് പിന്തുണയുമായി ചൈന രംഗത്തെത്തി. ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവാ ചുന്‍യിങ് ആണ് ട്രംപിന്റെ പ്രസ്താവന നിഷേധിച്ച് രംഗത്തെത്തിയത്. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ മുന്‍നിരയിലാണ് പാകിസ്താന്‍. വലിയ ത്യാഗമാണ് ഇക്കാര്യത്തില്‍ പാകിസ്താന്‍ ചെയ്യുന്നത്. അന്താരാഷ്ട്ര സമൂഹം ഒരു ദിവസം പാകിസ്താന്റെ നിരപരാധിത്വം തിരിച്ചറിയുമെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും അവര്‍ പറഞ്ഞു. പരസ്പര ബഹുമാനത്തോടെ അമേരിക്കയും പാകിസ്താനും കൈകോര്‍ത്ത് ഭീകരവാദത്തിനെതിരേ നീങ്ങുന്നത് കാണാനാണ് തങ്ങള്‍ കാത്തിരിക്കുന്നതെന്നും ചൈന വ്യക്തമാക്കി.
ട്രംപിന്റെ പ്രസ്താവനയില്‍ നിരാശയെന്ന് പാക് സൈന്യം
ഇസ്‌ലാമാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന നിരാശപ്പെടുത്തുന്നതായി പാകിസ്താന്‍ സൈന്യം. ചീഫ് സൈനിക വക്താവ് ജനറല്‍ ആസിഫ് ഗഫൂര്‍ ഒരു വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് തങ്ങള്‍ ഒരു ഭീകരര്‍ക്കും താവളമൊരുക്കുന്നില്ലെന്ന പ്രസ്താവനയുമായി രംഗത്തെത്തിയത്.
വര്‍ഷങ്ങളായി പാക് സൈന്യം തീവ്രവാദത്തിനെതിരായി പോരാടുകയാണ്. അതുകൊണ്ടു തന്നെയാണ് ട്രംപിന്റെ പ്രസ്താവന തങ്ങളെ നിരാശപ്പെടുത്തുന്നത്. അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ഷെറി റഹ്്മാന്‍ ഉള്‍പ്പെടെ പാകിസ്താനിലെ നിരവധി രാഷ്ട്രീയ നേതാക്കളും ട്രംപിന്റെ പ്രസ്താവനക്കെതിരേ രംഗത്തു വന്നു. ഇന്ത്യയുടെ സമ്മര്‍ദത്തിനു പുറത്താണ് ട്രംപ് ഇത്തരമൊരു പ്രസ്താവന നടത്തിയതെന്നായിരുന്നു പലരുടെയും വിമര്‍ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."