സര്‍ക്കാരിന്റെ കടാശ്വാസ പദ്ധതി ബാങ്കുകള്‍ പൂഴ്ത്തി; നിരവധിയാളുകള്‍ ജപ്തി ഭീഷണിയില്‍
കേളകം: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ കടാശ്വാസ പദ്ധതി ബാങ്കുകള്‍ പൂഴ്ത്തിയതോടെ നിരവധിയാളുകളുടെ സ്വത്തുക്കള്‍ ജപ്തി ചെയ്യുവാന്‍ ബാങ്കുകള്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. സംസ്ഥാന സഹകരണ വകുപ്പ് സഹകരണ സംഘങ്ങളിലെയും ബാങ്കുകളിലെയും വായ്പകളിലെ നിഷ്‌ക്രിയ ആസ്തികള്‍ തിരിച്ചടക്കുന്നതിനുള്ള പ്രോത്സാഹനമായിട്ടാണ് കടാശ്വാസ പദ്ധതി നടപ്പാക്കിയത്. അഞ്ചു ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്കാണ് ആശ്വാസം. പദ്ധതി പ്രകാരം അഞ്ചു ലക്ഷം രൂപവരെയുള്ള വായ്പകള്‍ തിരിച്ചടക്കാതെ നിഷ്‌ക്രിയ ആസ്തികളായി കുടിശ്ശികയായി നില്‍ക്കുകയും മേല്‍വായ്പകളില്‍ നിലവിലുള്ള പലിശ മുതലിനേക്കാള്‍ കൂടുതലായി വര്‍ധിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അത്തരം വായ്പകളില്‍ മുതലിനത്തില്‍ ബാക്കിനില്‍ക്കുന്ന തുകക്ക് തുല്യമായ പലിശയും മുതലിനേക്കാള്‍ അധികരിച്ച പലിശ തുകയുടെ അഞ്ച് ശതമാനം തുകയും ഭരണചിലവിനത്തില്‍ ഈടാക്കി വായ്പാ കണക്ക് അവസാനിപ്പിക്കാവുന്നതാണ്.
പലിശ സംഖ്യ മുതല്‍ തുകയേക്കാള്‍ അധികരിക്കാത്ത കേസില്‍ വായ്പ നല്‍കുമ്പോഴത്തെ നിരക്കോ ഇപ്പോഴത്തെ നിരക്കോ ഏതാണോ കുറവ്, കുറഞ്ഞ നിരക്കില്‍ വായ്പാ തുക അടച്ച് അവസാനിപ്പിക്കേണ്ടതാണെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. മേല്‍ ഉത്തരവിന്റെ പകര്‍പ്പ് കേരള നിയമസഭ, കേരള ഹൈക്കോടതി, സഹകരണ ഓഡിറ്റ്, ഡയറക്ടറേറ്, സഹകരണ രജിസ്ട്രാര്‍, സംസ്ഥാന സഹകരണ ബാങ്ക്, സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക്, പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍, ജില്ലാ സഹകരണ ബാങ്കുകള്‍, വകുപ്പിന്റെ പ്രസിദ്ധീകരണങ്ങള്‍, മറ്റ് ഓഫിസ് സൂപ്രണ്ടുമാര്‍ എന്നിവര്‍ക്കും കൈമാറിയിട്ടുണ്ട്. ഈ ഉത്തരവിന്റെ പകര്‍പ്പാണ് ബാങ്കുകള്‍ പൂഴ്ത്തുകയും പദ്ധതി നടപ്പാക്കാതെ കര്‍ഷകര്‍ക്കെതിരേ കോടതികളില്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തിരിക്കുന്നത്. ബാങ്ക് കണക്കുകള്‍ പരിശോധിക്കുന്ന ഓഡിറ്റര്‍മാരും ബാങ്കുകളുടെ കൊള്ളകള്‍ക്ക് കൂട്ടുനില്‍ക്കുകയാണ്. 2008-2010ലെ സര്‍ക്കുലര്‍ നമ്പര്‍ 492010 ആയിട്ടാണ് ആദ്യം ഈ ഉത്തരവ് ഇറങ്ങിയത്. അതുപ്രകാരം പലിശ തുകയുടെ 10% ആയിരുന്നു ചെലവായി ഈടാക്കി വായ്പ അവസാനിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കിയത്.
2010ലെ ഉത്തരവിലെ വ്യവസ്ഥതകള്‍ പ്രകാരം ബാങ്കുകളുടെ കുടിശ്ശിക കുറക്കുന്നതിന് സഹായകമായിരുന്നുവെന്ന് സെന്‍ട്രല്‍ ബാങ്ക് കോണ്‍ഫറന്‍സില്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കുലര്‍ പുനഃസ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഈ തീരുമാന പ്രകാരമാണ് പലിശ തുകയുടെ പത്ത് ശതമാനമുണ്ടായിരുന്ന ഭരണചെലവ് അഞ്ച് ശതമാനമായി കുറച്ച് പദ്ധതി പുനസ്ഥാപിച്ചത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ പദ്ധതി ഇപ്പോഴും നിലനില്‍ക്കുന്നതായാണ് സഹകരണ വകുപ്പ് രജിസ്ട്രാര്‍ പറയുന്നത്. ഇതൊന്നും കൂസാതെയാണ് ബാങ്കുകളുടെ കൊള്ള തുടരുന്നത്. ബാങ്കുകളില്‍ ലോണ്‍ കുടിശ്ശികയുള്ള ഒരു കര്‍ഷകനെയും ബാങ്ക് ഇക്കാര്യം അറിയിക്കുന്നില്ല. അദാലത്തുകളില്‍ ഹാജരാകുന്ന
സഹകരണ വകുപ്പിന്റെ ഉദ്യോഗസ്ഥര്‍ പോലും ബാങ്കുകളുടെ താല്‍പര്യമനുസരിച്ചാണ് നടപടി സ്വീകരിക്കുന്നത്. ജപ്തി നടപടികള്‍ തടഞ്ഞു കൂടുതല്‍ ജനോപകാര പദ്ധതിക്കായി കേന്ദ്രത്തെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചപ്പോഴാണ് സഹകരണ സംഘങ്ങളില്‍ ഇടപാടുകാരെ പറ്റിക്കുന്ന നിലപാട് തുടരുന്നത്. സംസ്ഥാന ഭരണവും സഹകരണ വകുപ്പും ഭൂരിപക്ഷം സഹകരണ സ്ഥാപനങ്ങളും സംസ്ഥാനത്തെ ഭരണകക്ഷിയായ സി.പി.എം നിയന്ത്രണത്തില്‍ ഉള്ളപ്പോഴാണ് സഹകരണ സംഘങ്ങളില്‍ ഉദ്യോഗസ്ഥരുടെ കൊള്ള. സഹകരണ വകുപ്പ് മന്ത്രിയോ സി.പി.എമ്മോ ഇക്കാര്യം അറിഞ്ഞതായി ഭാവിക്കുന്നുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."