HOME
DETAILS

കോടതി വിധി: രാജ്യത്തിന് നിര്‍ണായകം

  
backup
August 24 2017 | 23:08 PM

%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf-%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a8

ന്യൂഡല്‍ഹി: സ്വകാര്യത വ്യക്തികളുടെ മൗലികാവകാശമെന്ന് സുപ്രിം കോടതി തീര്‍പ്പുകല്‍പ്പിച്ചതോടെ ഇതുമായി ബന്ധപ്പെട്ട സംശയങ്ങളും ഉയരാന്‍ തുടങ്ങി. ചര്‍ച്ചകളുടെ ലോകം വിശാലമായതോടെ ഇത് എങ്ങനെ വ്യാഖ്യാനിക്കപ്പെടുമെന്ന ചോദ്യവും ഉയരുകയാണ്. സ്വകാര്യതയെന്ന നിര്‍വചനത്തില്‍ എന്തെല്ലാം കാര്യങ്ങള്‍ വരുമെന്നും നിലവില്‍ നിയന്ത്രണമുള്ള എന്തെല്ലാം കാര്യങ്ങള്‍ ഒഴിവാക്കുമെന്നും രാജ്യം ഉറ്റുനോക്കുകയാണ്. സ്വകാര്യത ജീവിക്കാനുള്ള പൗരന്റെ അവകാശമാണ്. ഇതിനെ ലംഘിക്കുന്ന നിയമനിര്‍മാണം നടത്താനാവില്ലെന്നുമാണ് സുപ്രിം കോടതി വ്യക്തമാക്കിയത്.
ആധാര്‍ ഉള്‍പ്പെടെ ഇരുപതിലധികം കേസുകള്‍ക്ക് കോടതി വിധി പ്രതികൂലമായിരിക്കുകയാണ്. ഇതോടെ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകളും തിരുത്തേണ്ടിവരും.
അടുത്തകാലത്തായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ബീഫ് നിരോധനം, സ്വവര്‍ഗ ലൈംഗീകത, വാട്‌സ് ആപ്പ് തുടങ്ങിയ വിഷയങ്ങളിലെ നിലപാടുകളും നിയമങ്ങളും ചോദ്യംചെയ്യപ്പെടുന്നതിലേക്കാണ് പുതിയ വിധി എത്തിച്ചിരിക്കുന്നത്. അതേസമയം വിധിയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്.
മന്‍മോഹന്‍സിങിന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്നതാണ് ആധാര്‍. ഇതിനെ പ്രതിപക്ഷത്തിരുന്നുകൊണ്ട് ബി.ജെ.പി നഖശിഖാന്തം എതിര്‍ത്തിരുന്നു. തുടക്കം മുതല്‍ ശക്തമായ എതിര്‍പ്പും നിയമപോരാട്ടവുമാണ് സുപ്രിം കോടതിയുടെ സുപ്രധാന വിധിയിലേക്ക് ആധാര്‍ വിഷയം നയിച്ചത്. ആധാറിലുടെ വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടക്കുന്നുവെന്ന ആരോപണം വന്നതോടെ സര്‍ക്കാര്‍ ഇതിനെ നിയമപരമായിതന്നെ നേരിടാനാണ് തയാറായത്. രാജ്യസുരക്ഷയുടെയും തീവ്രവാദ ഭീഷണിയുടെയും പേരില്‍ ആധാര്‍ ഉപയോഗിച്ച് വ്യക്തികളെ നിയന്ത്രിക്കാനുള്ള കേന്ദ്രത്തിന്റെ നടപടിക്കാണ് വിധിയിലൂടെ തിരിച്ചടിയുണ്ടായത്.
ക്ഷേമ പദ്ധതികളായ പാചകവാതക സബ്‌സിഡി, പെന്‍ഷന്‍ പോലുള്ളവക്ക് ആധാര്‍ തുടര്‍ന്നും ഉപയോഗിക്കാം. എന്നാല്‍ പൗരന്മാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനുള്ള ശ്രമം നടക്കില്ല. ബയോമെട്രിക് ഡാറ്റയാണ് വ്യക്തികളുടെ സ്വകാര്യത. അതിനാല്‍ ഡിജിറ്റല്‍ രേഖകള്‍ സംരക്ഷിക്കാനും സ്വകാര്യമായി വയ്ക്കാനുമുള്ള അവകാശം പൗരനുമാത്രമാണ് അധികാരമെന്ന് വിധി വ്യക്തമാക്കുന്നു. പാനും ആധാറും ബന്ധിപ്പിക്കുന്നതുപോലെ സകല ഇടപാടുകള്‍ക്കും ആധാര്‍ വേണമെന്ന് പൗരനെ നിര്‍ബന്ധിപ്പിക്കാന്‍ സര്‍ക്കാരിനാകില്ല.
ആധാറിനുവേണ്ടിയുള്ള വിവരശേഖരണം സ്വകാര്യതയുടെ ലംഘനമല്ലെന്ന് സുപ്രിം കോടതിയില്‍ കേന്ദ്രത്തിന് തെളിയിക്കേണ്ടിവരും. മാത്രമല്ല ആധാര്‍ ഇല്ലെങ്കിലും സേവനങ്ങള്‍ പൗരന് നല്‍കേണ്ടിവരുമെന്ന കാര്യത്തിലും സര്‍ക്കാരിന് തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. എ.ടി.എം പോലുള്ള ഡിജിറ്റല്‍ ഇടപാടുകളിലെ ഡാറ്റകള്‍ ഹാക്കര്‍മാരിലേക്ക് ചോര്‍ന്നുപോകാതെ സംരക്ഷിക്കേണ്ട ബാധ്യതയും സര്‍ക്കാരിനുണ്ട്.


സുപ്രിംകോടതിയെ വലച്ച വാദം


ന്യൂഡല്‍ഹി: രാജ്യത്ത് പൗരന്റെ സ്വകാര്യതയിലേക്ക് കടക്കുന്ന തരത്തില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിനെതിരേ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ് ഓരോ പൗരനും തന്റെ സ്വകാര്യ വിവരങ്ങള്‍ സൂക്ഷിക്കുന്നതില്‍ എത്രത്തോളം അധികാരവും അവകാശവും ഉണ്ടെന്ന ചോദ്യം സുപ്രിംകോടതിക്ക് മുന്നിലെത്തിയത്.
ഒരു ജനാധിപത്യ രാജ്യത്ത് സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള ഓരോ പൗരന്റെയും അവകാശത്തില്‍, അവന്റെ സ്വകാര്യതയിലേക്ക് കയറാനുള്ള നീക്കം എത്രത്തോളം ഗുരുതരമായ സാഹചര്യമാണ് ഉണ്ടാക്കുകയെന്നത് നിര്‍ണയിക്കുകയെന്നത് സുപ്രിം കോടതിയെ സങ്കീര്‍ണമാക്കിയിരുന്നു. നീതിയുടെ തുലാസില്‍ ബാലന്‍സ് തെറ്റാതെ സുപ്രിം കോടതി ആ സങ്കീര്‍ണതക്ക് പരിഹാരമുണ്ടാക്കി.
ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരേ സമര്‍പ്പിക്കപ്പെട്ട ഒരു പൊതുതാല്‍പര്യ ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് പൗരന്റെ സ്വകാര്യതയിലേക്ക് കടന്നു ചെല്ലാനും അയാളുടെ സ്വകാര്യവിവരങ്ങള്‍ ശേഖരിക്കാനും സര്‍ക്കാരിന് അധികാരമുണ്ടോ എന്ന ചോദ്യം ഉയര്‍ന്നത്.
1954ലും 1962ലും സ്വകാര്യത പൗരന്റെ മൗലികാവകാശമല്ലെന്ന് സുപ്രിം കോടതി വിധിച്ചിരുന്നുവെങ്കിലും പുതിയ സാഹചര്യത്തില്‍ ഇക്കാര്യം കൃത്യമായി നിര്‍വച്ചിക്കാന്‍ തുടക്കത്തില്‍ കേസ് പരിഗണിച്ച മൂന്നംഗ ബെഞ്ചിന് സാധിച്ചിരുന്നില്ല.
ഇതോടെയാണ് ഡിവിഷന്‍ ബെഞ്ച് സുപ്രിം കോടതിയുടെ ഭരണഘടനാ ബെഞ്ചിന് വിട്ടത്. പിന്നീട് സുപ്രിം കോടതിയുടെ അഞ്ചംഗ ബെഞ്ച് കേസ് പരിഗണിച്ചെങ്കിലും വിഷയത്തിലെ സങ്കീര്‍ണത തിരിച്ചറിഞ്ഞ് ബെഞ്ചിലെ ജഡ്ജിമാരുടെ അംഗസംഖ്യ വര്‍ധിപ്പിച്ചു.
ഇത്തരത്തില്‍ ഒന്‍പതംഗ ബെഞ്ചാണ് പിന്നീട് പൗരന്റെ സ്വകാര്യത സംബന്ധിച്ച വിഷയം പരിഗണിച്ചത്.


പൗരന്റെ സ്വകാര്യതയിലുള്ള അവകാശം മറക്കരുതെന്ന് ജഡ്ജിമാര്‍

ന്യൂഡല്‍ഹി: സുപ്രിം കോടതിയുടെ ചരിത്രത്തില്‍ ഏറ്റവും ശക്തമായ വാദ പ്രതിവാദങ്ങളാണ് നടന്നത്. ഒരു മനുഷ്യന് മാന്യതയോടെ മരിക്കണമെങ്കില്‍ അദ്ദേഹത്തിന് അല്‍പം സ്വകാര്യത ഉണ്ടായിരിക്കണമെന്ന് ഒമ്പതംഗ ബെഞ്ചില്‍ അംഗമായ എസ്.എ ബോബ്‌ഡെ പറഞ്ഞു.
നിസാരനായ മനുഷ്യന്റെ സ്വകാര്യതയിലുള്ള അവകാശം മറക്കരുതെന്നു പറഞ്ഞ ജ. നരിമാന്‍, സ്വകാര്യതയ്ക്കുള്ള അവകാശവുമായി ബന്ധപ്പെട്ട എല്ലാം ആധാര്‍ വിഷയവുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും വ്യക്തമാക്കി. ഭരണകൂടത്തിന്റെയും അല്ലാത്തവരുടെയും നിയമലംഘനങ്ങളില്‍ നിന്ന് പൗരന്റെ സംരക്ഷണത്തിന് കാലം ആവശ്യപ്പെടുന്നതിനെ പ്രതിഫലിപ്പിക്കുന്നതായിരിക്കണം നിയമങ്ങള്‍. നിയമത്തെ വ്യാഖ്യാനിക്കേണ്ടത് കോടതിയുടെ കടമയാണ്, അല്ലാതെ നിയമ നിര്‍മാണ സഭയുടെതല്ല. സ്വകാര്യത ഭരണഘടനാപരമായ ഒരു അവകാശമായി വ്യാഖ്യാനിക്കുന്ന ഐക്യരാഷ്ട്രസഭയുടെ 1948ലെ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ഭാഗമാണ്. ഇത് അന്യാധീനപ്പെടുത്താന്‍ പാടില്ലാത്ത മനുഷ്യാവകാശമായാണ് സ്വകാര്യതയെ യു.എന്നിന്റെ മനുഷ്യാവകാശ പ്രഖ്യാപനം വ്യക്തമാക്കുന്നതെന്നും ജ. നരിമാന്‍ പറഞ്ഞു.
ഏകാന്തത തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്ന സമയത്ത് അതു തിരഞ്ഞെടുക്കാനും സാമൂഹികമായി സഹകരിക്കണമെന്ന് തോന്നിയാല്‍ അതു തിരഞ്ഞെടുക്കാനും പൗരന് കഴിയണമെന്നും അതാണ് മനുഷ്യ ജീവിതത്തിന്റെ സത്തയെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്ര ചൂഡ് പറഞ്ഞു. സ്വകാര്യത എന്നത് ഒരു ഉന്നത ഉദ്യോഗസ്ഥന്റെ നിര്‍മിതിയാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം തെറ്റാണ്. സ്വകാര്യത ജനങ്ങളെ ബാധിക്കുന്ന കാര്യമാണെന്നും ചന്ദ്ര ചൂഡ് നിരീക്ഷിച്ചു.
ഒരു ലിഖിത ഭരണഘടനയാല്‍ സ്ഥാപിതമായ ഒരു റിപ്പബ്ലിക്കില്‍, സ്വകാര്യത അടിസ്ഥാനപരമായ അവകാശമല്ലെന്ന് പറയുന്നത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ജ.ജെ ചെലമേശ്വര്‍ പറഞ്ഞു. സ്വകാര്യത മൗലികവകാശമാണെന്നതിന് ഉത്തരവുകളുണ്ട്. അവയെ അവഗണിക്കാന്‍ കഴിയില്ല. ഒരു അവകാശം ഭരണഘടനയിലെ ഒരു ഭേദഗതിയിലോ അനുച്ഛേദത്തിലോ മാത്രമായി പരിമിതപ്പെടുത്തരുതെന്നും ചെലമേശ്വര്‍ വ്യക്തമാക്കി.


ചീഫ് ജസ്റ്റിസിന്റെ അവസാന വിധിന്യായം

ന്യൂഡല്‍ഹി: എട്ടുമാസം മുന്‍പ് ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി ചുമതലയേറ്റ ജെ.എസ്.ഖെഹാര്‍ ന്യായാധിപന്‍ എന്ന നിലയില്‍ പുറപ്പെടുവിച്ച അവസാനത്തെ വിധിന്യായം കൂടിയാണ് പൗരന്റെ സ്വകാര്യതാ വിഷയം സംബന്ധിച്ചുള്ളത്. സര്‍വിസിലെ അവസാന വാരത്തില്‍ രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും ആകര്‍ഷിച്ച രണ്ട് വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചാണ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍ സുപ്രിംകോടതിയുടെ പടിയിറങ്ങുന്നത്. മുത്വലാഖ് വിധിയും പൗരന്റെ സ്വകാര്യത മൗലികാവകാശമെന്ന വിധിയും ഖെഹാറിന്റെ ഔദ്യോഗിക ജീവിതത്തിലെ രണ്ട് സുപ്രധാന സംഭവങ്ങളെന്നാണ് നിയമലോകം വിലയിരുത്തുന്നത്. ഖെഹാറിന്റെ പിന്‍ഗാമിയായി ജസ്റ്റിസ് ദീപക് മിശ്ര ഞായറാഴ്ച ചുമതലയേല്‍ക്കും. 2018 ഒക്ടോബര്‍ രണ്ടുവരെയാണ് ദീപക് മിശ്രയുടെ കാലാവധി.


സ്വകാര്യതാ സിദ്ധാന്തത്തിന്
പ്രസക്തിയില്ലെന്ന സര്‍ക്കാര്‍വാദം തള്ളി


ന്യൂഡല്‍ഹി: സ്വകാര്യത പൗരന്റെ മൗലികാവകാശമല്ലെന്ന നിലപാടായിരുന്നു കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ചിരുന്നത്. ഇന്ത്യയെ പ്പോലുള്ളൊരു രാജ്യത്ത് സ്വകാര്യതാ സിദ്ധാന്തത്തിന് പ്രസക്തിയില്ലെന്ന് വാദത്തിനിടെ അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ പറഞ്ഞു. രാജ്യത്തെ ഭൂരിപക്ഷം പൗരന്‍മാര്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇപ്പോഴും ലഭ്യമല്ല. അത്തരമൊരു സാഹചര്യത്തില്‍ സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരെ തിരിച്ചറിയാനും അര്‍ഹരായവരെ കണ്ടെത്തി ക്ഷേമപദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കാനും ആധാര്‍ പദ്ധതി അനിവാര്യമാണെന്നും അദ്ദേഹം സുപ്രിം കോടതിയെ ബോധിപ്പിച്ചു.
6500 കോടിയോളം രൂപയാണ് ആധാര്‍ പദ്ധതിക്കായി സര്‍ക്കാര്‍ മുടക്കിയത്. പദ്ധതിയില്‍ നിന്നൊരു തിരിച്ചു പോക്ക് സാധ്യമല്ലെന്നും ആധാര്‍ പദ്ധതി നടപ്പാക്കണമെങ്കില്‍ പൗരന്റെ സ്വകാര്യവിവരങ്ങള്‍ ശേഖരിക്കേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഭരണഘടന പൗരന് നല്‍കുന്ന അടിസ്ഥാന അവകാശങ്ങളിലൊന്നാണ് ജീവിക്കാനുള്ള സ്വാതന്ത്ര്യമെന്നും സ്വാതന്ത്ര്യം എന്നാല്‍ സ്വകാര്യത സംരക്ഷിക്കാനുള്ള അവകാശം കൂടി ഉള്‍പ്പെടുന്നതാണെന്നും എതിര്‍ഭാഗം കോടതിയില്‍ വാദിച്ചു.

പിതാവിന്റെ വിധി തിരുത്തി മകന്‍

ന്യൂഡല്‍ഹി: സ്വകാര്യത പൗരന്റെ മൗലികാവകാശമെന്ന സുപ്രിം കോടതിയുടെ സുപ്രധാന വിധിക്ക് ഒട്ടേറെ സവിശേഷതകളുണ്ട്. അതില്‍ പ്രധാനമാണ് പിതാവിന്റെ വിധി തിരുത്തിയ മകന്റെ നടപടി.
തുടര്‍ച്ചയായി വാദം കേള്‍ക്കുകയും 547 പേജ് വരുന്ന വിധിന്യായം തയാറാക്കുകയും ചെയ്ത ഒന്‍പതംഗ ബെഞ്ചിലെ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, പിതാവ് ജസ്റ്റിസ് വൈ.വി ചന്ദ്ര ചൂഡിന്റെ വിധിയാണ് തിരുത്തിയത്. 1975ല്‍ എ.ഡി.എം ജബല്‍പൂര്‍-ശിവകാന്ത് ശുക്ല കേസില്‍ ജസ്റ്റിസ് വൈ.വി ചന്ദ്രചൂഡ് നിരീക്ഷിച്ചത് വ്യക്തി സ്വാതന്ത്ര്യമെന്നത് ഭരണഘടന അനുശാസിക്കുന്ന അവകാശമാണോയെന്ന് ഉറപ്പിക്കാന്‍ കഴിയില്ലെന്നാണ്. ഭരണഘടന നിലവില്‍ വരുന്നതിന് മുന്‍പ് ഇങ്ങനെ അനുവദിച്ചിരുന്നോ എന്ന് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആ നിരീക്ഷണമാണ് പുതിയ വിധിയിലൂടെ തിരുത്തി വ്യക്തത വരുത്തിയത്. ജീവിതവും വ്യക്തിയുടെ സ്വാതന്ത്ര്യവും മനുഷ്യന്റെ നിലനില്‍പ്പിനോളം കാലം തടസപ്പെടുത്താന്‍ കഴിയില്ല. ഇത് പ്രകൃതി ദത്തമായ അവകാശമാണ്.
അതിനെ തടയുന്നതാണ് വ്യക്തി സ്വാതന്ത്ര്യത്തിനുള്ള അവകാശം നിഷേധിക്കുന്നതിലൂടെയുണ്ടാകുന്നതെന്നും ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കുന്നു. ഇന്ത്യന്‍ നിയമ ചരിത്രത്തിലെ അപൂര്‍വ സംഭവമാണ് ഒരു കേസില്‍ പിതാവ് നിര്‍ണയിച്ച വിധി മകന്‍ തിരുത്തുന്നത്.


ചരിത്രപ്രസിദ്ധമായ വിധി പ്രഖ്യാപിച്ചത് ഇവര്‍
ന്യൂഡല്‍ഹി: സ്വകാര്യത പൗരന്റെ മൗലികാവകാശമാണോയെന്ന വിഷയത്തില്‍ സുപ്രിം കോടതിയില്‍ വാദം കേട്ടത് ഒന്‍പതംഗ ബെഞ്ചായിരുന്നു. ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍, ജസ്റ്റിസുമാരായ ജെ.ചെലമേശ്വര്‍, എസ്.എ.ബോബ്‌ഡേ, ആര്‍.കെ.അഗര്‍വാള്‍, റോഹിടണ്‍ ഫാലി നരിമാന്‍, അഭയ മനോഹര്‍, ഡി.വൈ.ചന്ദ്രചൂഢ്, സഞ്ജയ് കിഷന്‍ കൗള്‍, എസ്.അബ്ദുള്‍ നസീര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് സ്വകാര്യതാ വിഷയത്തില്‍ ചരിത്രപരമായ വിധി പ്രസ്താവിച്ചത്.


വിധി ഫാസിസ്റ്റുകള്‍ക്കേറ്റ തിരിച്ചടിയെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രിം കോടതി വിധി വ്യക്തികളുടെ സ്വാതന്ത്ര്യത്തിലും അന്തസിലും അവകാശങ്ങളിലും ഒരു പുതിയ യുഗത്തിനു തുടക്കം കുറിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പൊതു ജനത്തിന്റെ ജീവിതത്തിലേക്കുള്ള അനിയന്ത്രിതമായ കടന്നു കയറ്റവും നീരിക്ഷണത്തിനും തിരിച്ചടിയാണു വിധി. സ്വകാര്യത അടിച്ചമര്‍ത്താനുള്ള ബി.ജെ.പിയുടെ ധാര്‍ഷ്ഠ്യത്തിനെതിരേ കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും എന്നും ശബ്ദം ഉയര്‍ത്തിയിട്ടുണ്ടെന്നും സോണിയ പറഞ്ഞു.
കോടതി വിധി ഫാസിസ്റ്റ് ശക്തികള്‍ക്കേറ്റ തിരിച്ചടിയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. വിധിയെ സ്വാഗതം ചെയ്ത അദ്ദേഹം ഇത് നിരീക്ഷണത്തിലൂടെ അടിച്ചമര്‍ത്തുകയെന്ന ബി.ജെ.പിയുടെ ആശയത്തിനേറ്റ പ്രഹരമാണെന്നും കൂട്ടിച്ചേര്‍ത്തു. പ. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്തു.
സ്വകാര്യതയ്ക്ക് വേണ്ടി വാദിച്ച എല്ലാ അഭിഭാഷകര്‍ക്കും പൊതു പ്രവര്‍ത്തകര്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ ഗൂഡലക്ഷ്യങ്ങള്‍ക്കെതിരേ പ്രതികരിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിന്റെ നിര്‍ണായക വിജയമാണിത്. നിര്‍ണായക വിധിക്ക് സുപ്രിം കോടതിക്കു നന്ദി പറയുന്നു എന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പ്രതികരിച്ചത്.
വിധി നൂതന മാര്‍ഗം തെളിയിക്കുന്നതാണെന്ന് പരാതിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകരില്‍ ഒരാളായ പൂവയ്യ പറഞ്ഞു. സുപ്രിം കോടതി വിധി ചരിത്രപരമാണെന്ന് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം പറഞ്ഞു. വിധി സര്‍ക്കാരിനും മോദിക്കുമുള്ള മുന്നറിയിപ്പാണെന്നായിരുന്നു സല്‍മാന്‍ ഖുര്‍ഷിദിന്റെ പ്രതികരണം. സുപ്രിം കോടതി വിധി വന്നതോടെ ഭരണഘടനയുടെ 21ാം അനുച്ഛേദത്തിനു പുതിയ മാനം കൈവന്നിരിക്കുകയാണെന്നും സ്വകര്യത വ്യക്തി സ്വാതന്ത്ര്യത്തിന്റെ കാതലാണെന്നും മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം പറഞ്ഞു. സുപ്രിം കോടതി വിധിയില്‍ അതിയായ സന്തോഷമുണ്ടെന്നാണ് പരാതിക്കാരില്‍ ഒരാളായ ആര്‍. ചന്ദ്രശേഖര്‍ പറഞ്ഞത്.
സ്വകാര്യത സംബന്ധിച്ച സുപ്രിം കോടതിയുടെ തന്നെ മുന്‍ വിധികള്‍ അസാധുവാക്കാന്‍ മടി കാണിക്കാതിരുന്നതു തന്നെ നല്ല സൂചനയാണെന്നായിരുന്നു മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജിയുടെ പ്രതികരണം.
മുതിര്‍ന്ന അഭിഭാഷകനും കേസില്‍ കക്ഷിയുമായിരുന്ന പ്രശാന്ത് ഭൂഷന്‍ വിധിയില്‍ ആധാറിനു വേണ്ടി ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നതു സംബന്ധിച്ചു പറയുന്നില്ലെന്നു വ്യക്തമാക്കി.


ചരിത്രവിധിയിലേക്ക് നയിച്ചത് ജസ്റ്റിസ് പുട്ടസ്വാമിയുടെ ഹരജി

ബെംഗളുരു: സ്വകാര്യത മൗലിക അവകാശമാണെന്ന സുപ്രിം കോടതിയുടെ ചരിത്രവിധിയിലേക്ക് നയിച്ചതിനുപിന്നില്‍ കര്‍ണാടക ഹൈക്കോടതിയിലെ ഒരു മുന്‍ ജഡ്ജിയാണ്. ജസ്റ്റിസ് കെ.എസ് പുട്ടസ്വാമി സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹരജിയാണ് ഇന്നലെത്തെ ചരിത്രപ്രസിദ്ധമായ വിധിയിലേക്ക് വഴിവച്ചത്.
സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരേ 2012 ലാണ് ജസ്റ്റിസ് പുട്ടസ്വാമി കോടതിയെ സമീപിക്കുന്നത്. ആധാര്‍ വ്യക്തിയുടെ സ്വകാര്യതയെ ലംഘിക്കുന്നതാണോ എന്ന ചോദ്യത്തിനുപോലും വഴിവയ്ക്കാനിടയാക്കിയതായിരുന്നു അദ്ദേഹത്തിന്റെ റിട്ട് ഹരജി.
വിധിവന്ന ഉടന്‍ തന്നെ വിധി താന്‍ പ്രതീക്ഷിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചു വര്‍ഷത്തിനിടയില്‍ ഇരുപതിലധികം ഹരജികളാണ് മൗലീകാവകാശങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി കോടതിയ്ക്കുമുന്‍പില്‍ എത്തിയത്. ഇതോടെ എല്ലാ സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നടപടിയുടെ സാധുതയിലേക്കുപോലും സുപ്രിം കോടതി വിധി എത്തിച്ചേര്‍ന്നു.
കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകള്‍ ചോദ്യം ചെയ്താണ് പുട്ടസ്വാമി സുപ്രിം കോടതിയെ സമീപിച്ചത്.
പൗരന്റെ സ്വകാര്യതയിലേക്ക് കടക്കാന്‍ സര്‍ക്കാരുകള്‍ക്ക് ഒരു തരത്തിലുള്ള അവകാശവുമില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹം നിയമനടപടിക്ക് തുടക്കമിട്ടത്.
1954 ലും 62 ലും സ്വകാര്യത മൗലിക അവകാശമല്ലെന്ന് സുപ്രിം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇന്നത്തെ വിധിയോടെ ഇവ അസാധുവാകുകയും ചെയ്തു. സ്വകാര്യത ജീവിക്കാനുള്ള അവകാശത്തില്‍ ഉള്‍പ്പെടുന്നുവെന്നാണ് ഇന്നലെ കോടതി നിരീക്ഷിച്ചത്.


വിധിയെ കേന്ദ്രസര്‍ക്കാര്‍ സ്വാഗതം ചെയ്തു

ന്യൂഡല്‍ഹി: സ്വകാര്യതാ കേസില്‍ ഇന്ത്യന്‍ ഭരണഘടനയുടെ 21-ാം അനുച്ഛേദം മുറുകെപിടിച്ചുകൊണ്ട് സ്വകാര്യത മൗലികാവകാശമാണെന്ന് വിധിച്ച സുപ്രിം കോടതിയുടെ ഒമ്പതംഗ വിധിയെ കേന്ദ്ര സര്‍ക്കാര്‍ സ്വാഗതം ചെയ്തു. പാര്‍ലമെന്റ് അംഗീകരിച്ച എല്ലാ നിയമ നിര്‍ദ്ദേശങ്ങളിലും ഈ വീക്ഷണം ഉയര്‍ത്തിപ്പിടിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
വ്യക്തി സ്വാതന്ത്ര്യം എന്നത് കഴിഞ്ഞ കോണ്‍ഗ്രസ് ഗവണ്‍മെന്റുകളുടെ കാലത്ത് ചതുരംഗപ്പലകയുടെ ചരിത്രമായിരുന്നു. ഭരണഘടനയുടെ രൂപരേഖ തയാറാക്കിയതു മുതല്‍ തന്നെ കേന്ദ്രത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഗവണ്‍മെന്റുകള്‍ നിയമനിര്‍മ്മാണത്തിന്റെ സാംഗത്യം പോലും നോക്കാതെ വ്യക്തികളുടെ സ്വാതന്ത്ര്യം ഏതൊരു നിയമനിര്‍മ്മാണത്തിലൂടെയും തടയാം എന്ന നിലപാടാണ് സ്വീകരിച്ചത്.
സ്വകാര്യത എന്നത് ഭരണഘടന ഉറപ്പുനല്‍കുന്നതല്ലെന്നാണ് അവര്‍ നിരന്തരം വാദിച്ചിരുന്നത്. സ്വാതന്ത്ര്യം വിഭാവനചെയ്യുന്ന ഭരണഘടനയുടെ 21-ാം അനുച്‌ഛേദം റദ്ദുചെയ്തിരുന്ന ആഭ്യന്തര അടിയന്തിരാവസ്ഥകാലത്ത് കേന്ദ്ര ഗവണ്‍മെന്റ് സുപ്രിം കോടതിയില്‍ വാദിച്ചത് ഒരു പരിഹാരവുമില്ലാതെ ഒരു വ്യക്തിയെ കൊല്ലുകയോ, അയാളുടെ ജീവിതം ഇല്ലായ്മ ചെയ്യുകയോ ആകാമെന്നാണ്.
നിയമപരമായ ഒരു പരിരക്ഷയുമില്ലാതെയാണ് യു.പി.എ ഗവണ്‍മെന്റ് ആധാര്‍ പദ്ധതി നടപ്പാക്കിയത്. ഈ സാഹചര്യത്തിലാണ് പദ്ധതിയെ സുപ്രിം കോടതിയില്‍ ചോദ്യം ചെയ്തത്. എന്‍.ഡി.എ ഗവണ്‍മെന്റ് ഇതിന് ആവശ്യമായ നിയമ പരിരക്ഷ നല്‍കിയെന്ന് കേന്ദ്ര സര്‍ക്കാര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
പൗരന്റെ മൗലികാവകാശങ്ങള്‍ക്ക് പ്രത്യേക സംരക്ഷണം ഉറപ്പാക്കികൊണ്ട് ആധാറിന് നിയമപരമായ പരിരക്ഷ നല്‍കിയത് ഈ സര്‍ക്കാരാണ്. വിവരസംരക്ഷണത്തിനുള്ള ഒരു നിയമം ഉടന്‍ കൊണ്ടു വരുമെന്നും സുപ്രിം കോടതിക്ക് സര്‍ക്കാര്‍ ഉറപ്പു നല്‍കി. അതിനായി ജസ്റ്റിസ് ശ്രീകൃഷ്ണയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചിട്ടുണ്ട്.
ഈ വിധിയുടെ അടിസ്ഥാനത്തിലുള്ളതായിരിക്കണം നിയമങ്ങള്‍ എന്ന വ്യക്തമായ അഭിപ്രായമാണ് സര്‍ക്കാരിനുള്ളത്.
വ്യക്തികളും താല്‍പര്യവും രാജ്യത്തിന്റെ ന്യായപ്രകാരമായ വിഷയങ്ങളും തമ്മില്‍ സൂക്ഷ്മവും സചേതനവുമായ സന്തുലിതാവസ്ഥ ഉണ്ടാകണം. രാജ്യത്തിന്റെ ന്യായമായ ലക്ഷ്യത്തില്‍ ദേശീയ സുരക്ഷയും കുറ്റകൃത്യങ്ങള്‍ തടയുകയും അന്വേഷിക്കുകയും ചെയ്യുക, നൂതനാശയങ്ങളും അറിവും പ്രചരിപ്പിക്കുകയും സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ പാഴാക്കുന്നത് തടയുക- എന്നാണ് സുപ്രിം കോടതി പറഞ്ഞിരിക്കുന്നത്.


സംശയങ്ങളും നിരീക്ഷണങ്ങളുമായി സുപ്രിംകോടതി

ന്യൂഡല്‍ഹി: പൗരന്റെ സ്വകാര്യത സംബന്ധിച്ച വാദംകേള്‍ക്കുന്നതിനിടെ നിരവധി സംശയങ്ങളും നിരീക്ഷണങ്ങളും കോടതിക്കുണ്ടായിരുന്നു. പൗരന്‍മാര്‍ക്ക് അനിയന്ത്രിതമായ സ്വകാര്യതയോ സ്വാതന്ത്ര്യമോ അനുവദിക്കാന്‍ സാധിക്കില്ലെന്ന് ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. ആധാര്‍ കാര്‍ഡിലേക്കായി ശേഖരിക്കപ്പെട്ടിരിക്കുന്ന പൗരന്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ സുരക്ഷിതമാണോ എന്ന സംശയവും കോടതി ഉന്നയിച്ചു. സുപ്രിം കോടതിയുടെ ഈ സംശയത്തെ സാധൂകരിക്കുന്ന പലകാര്യങ്ങളും ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇന്ത്യന്‍ റെയില്‍വേയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ഐ.ആര്‍.സി.ടി.സി ഹാക്ക് ചെയ്യപ്പെട്ടപ്പോള്‍ അതില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കോടിയോളം ആളുകളുടെ ആധാര്‍ വിവരങ്ങള്‍, ഫോണ്‍നമ്പര്‍,മേല്‍വിലാസം തുടങ്ങിയവ ചോര്‍ത്തപ്പെട്ടെന്നും ഈ വിവരങ്ങള്‍ സി.ഡി ഒന്നിന് 15,000 രൂപ വച്ച് വില്‍ക്കപ്പെട്ടെന്നും വാദത്തിനിടെ ആരോപിക്കപ്പെട്ടു. എന്നാല്‍ ഈ ആരോപണം റെയില്‍വേ നിഷേധിച്ചിരുന്നു.
സുപ്രിം കോടതിയിലെ മുതിര്‍ന്ന ന്യായാധിപനായ ജസ്റ്റിസ് ജെ.ചെലമേശ്വര്‍ തയാറാക്കിയ വിധിന്യായം ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാറാണ് വായിച്ചത്. സ്വകാര്യത ഒരു വ്യക്തിയുടെ അവകാശമാണെന്ന നിഗമനത്തിലാണ് ഈ ബെഞ്ച് എത്തിച്ചേര്‍ന്നിരിക്കുന്നത്. ആയതിനാല്‍ സ്വകാര്യത പൗരന്റെ മൗലികാവകാശമായി പ്രഖ്യാപിക്കുന്നുവെന്നും വിധിപ്രസ്താവിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഈ വിധിയോടെ സ്വകാര്യത മൗലികാവകാശമല്ലെന്ന് പ്രഖ്യാപിക്കുന്ന 1954ലേയും 1962ലേയും മുന്‍വിധികള്‍ അസാധുവാക്കപ്പെട്ടെന്നും സുപ്രിം കോടതി വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് അടച്ച് സി.പി.എം ഏരിയാ സമ്മേളനം

Kerala
  •  9 days ago
No Image

നവീൻ ബാബുവിന്‍റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹരജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Kerala
  •  9 days ago
No Image

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധനയിൽ പ്രഖ്യാപനം ഇന്നറിയാം

Kerala
  •  9 days ago
No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  9 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  10 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  10 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  10 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  10 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  10 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  10 days ago