മണ്ണാര്‍ക്കാട് നഗരത്തിലെ ഗതാഗത പരിഷ്‌കരണം ആക്ഷന്‍കമ്മിറ്റി പ്രക്ഷോഭത്തിന്
മണ്ണാര്‍ക്കാട്: നഗരത്തില്‍ കഴിഞ്ഞ രണ്ടുമാസമായി തുടങ്ങിയ ഗതാഗത പരിഷ്‌കാരത്തിനെതിരെ ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. ഏകപക്ഷീയമായി നടപ്പാക്കിയ ഗതാഗത പരിഷ്‌കാരം നിരപാധികം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മണ്ണാര്‍ക്കാട് ട്രാഫിക് ആക്ഷന്‍ കമ്മിറ്റി ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം പുനസ്ഥാപിക്കുക എന്ന മുദ്രാവാക്യവുമായി 28ന് ഉച്ചക്ക് ശേഷം മൂന്നിന് കോടതിപ്പടിയിലെ പഴേരി കോംപ്ലക്‌സില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും.
പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ കോടതിപ്പടി ജുമാമസ്ജിദ് കമ്മിറ്റിയും രംഗത്ത് എത്തിയിരുന്നു.
നഗരത്തില്‍ ഇത്തരത്തില്‍ പരിഷ്‌കരണം നടത്തിയപ്പോള്‍ ജനപ്രതിനിധികള്‍, ഓട്ടോ - ടാക്‌സി തൊഴിലാളികള്‍, പൊതുപ്രവര്‍ത്തകര്‍, വ്യാപാരി സംഘടന, പ്രദേശവാസികള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ യോഗം ചേര്‍ന്നിട്ടില്ലെന്നും, പൊലിസിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കിയ പരിഷ്‌കാരം പ്രദേശവാസികള്‍ക്കും, പുറത്ത് നിന്ന് നഗരത്തിലെത്തുന്നവര്‍ക്കും ഏറെ ദുരിതമാണ് സമ്മാനിക്കുന്നതെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
കുമരംപുത്തൂര്‍, കോട്ടോപ്പാടം, അലനല്ലൂര്‍ പഞ്ചായത്തുകളിലുള്ളവര്‍ താലൂക്കാസ്ഥാനത്തേക്ക് എത്തിച്ചേരണമെങ്കില്‍ കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിലാണ്. കൂടാതെ കുന്തിപ്പുഴ പാലം കടന്നു വരുന്ന കോടതിപ്പടി, ചങ്ങലീരി പ്രദേശങ്ങളിലെ താമസക്കാരായ ജീപ്പ്, കാര്‍ പോലെത്തെ വാഹനങ്ങളെ പൊലിസ് മിനി ബൈപ്പാസ് റോഡിലൂടെ തിരിച്ചുവിടുകയാണെന്നും, രോഗികളെയുമായി എത്തുന്ന വാഹനങ്ങളെ പോലും നഗരത്തിലേക്ക് കടക്കാന്‍ അനുവദിക്കാത്തത് പ്രതിഷേധാര്‍ഹമാണ്.
പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കാത്ത പക്ഷം ജനാധിപത്യ രീതിയില്‍ പ്രത്യക്ഷ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ആക്ഷന്‍ കമ്മിറ്റി മുഖ്യരക്ഷാധികാരി അഡ്വ. ടി.എ സിദ്ദീഖ് പറഞ്ഞു.
ആക്ഷന്‍ കമ്മിറ്റി രൂപീകരണ യോഗം അഡ്വ.ടി.എ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. സി.എച്ച് അബ്ദുല്‍ ഖാദര്‍ അധ്യക്ഷനായി. റഫീഖ് കുന്തിപ്പുഴ, മോഹനന്‍ദാസ്, ബേബി ചാക്കോ, ഇസ്ഹാഖ്, സക്കീര്‍ ഹുസൈന്‍, കെ.പി അക്ബര്‍, മുസ്തഫ ഹാജി, ഷമീര്‍, ടി.കെ ഷൗക്കത്ത്, കൃഷ്ണദാസ്, മോഹന്‍ദാസ്, സുബൈര്‍, അവറാന്‍, ഷരീഫ്, ഹുസൈന്‍ കളത്തില്‍, അബ്ബാസ് സംബന്ധിച്ചു.
കെ.പി.എം സൈനുല്‍ ആബിദ് സ്വാഗതവും, അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: അഡ്വ. ടി.എ സിദ്ദീഖ് (മുഖ്യരക്ഷാധികാരി), കെ.പി.എം സൈനുല്‍ ആബിദ് (ചെയ), സി.എച്ച് അബ്ദുല്‍ ഖാദര്‍ (കണ്‍വീ), പരമശിവന്‍, ഹുസൈന്‍ കോളശ്ശേരി (വൈ.ചെയ), ഷമീര്‍, സി.കെ അഫ്‌സല്‍ (ജോ.കണ്‍), ഡോ.കെ.എ കമ്മാപ്പ (ട്രഷ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."