ഗുല്‍ബര്‍ഗ് സൊസൈറ്റി, നരോദ കേസുകള്‍
ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് വംശഹത്യയോടനുബന്ധിച്ച് നടന്ന ഗുല്‍ബര്‍ഗ് സൊസൈറ്റി, നരോദ ഗ്രാമത്തിലെ കൂട്ടക്കൊല കേസുകളുടെ വിചാരണ വേഗത്തിലാക്കണമെന്ന് കേസുകള്‍ പരിഗണിക്കുന്ന വിചാരണ, ജുവനൈല്‍ കോടതികള്‍ക്ക് സുപ്രിംകോടതി നിര്‍ദേശം നല്കി.
ദേശീയ മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിച്ച ഹരജിയില്‍ വാദം കേട്ട ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍, ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍കാര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം.
നരോദ, ഗുല്‍ബര്‍ഗ് സൊസൈറ്റി കേസുകള്‍ ഇപ്പോഴും തെളിവുകള്‍ ശേഖരിക്കുന്ന ഘട്ടത്തിലാണെന്ന് മനുഷ്യാവകാശ കമ്മീഷന്റെ ഹരജിയില്‍ പറയുന്നു. നാലു ജുവനൈല്‍ കോടതികളിലാണ് ഈ കേസുകളുടെ വിചാരണ നടക്കുന്നത്.
15 വര്‍ഷം മുന്‍പ് നടന്ന കേസുകളില്‍ എത്രയും പെട്ടെന്ന് ദൈനം ദിന വാദം കേള്‍ക്കല്‍ സാധ്യമെങ്കില്‍ കഴിവതും നേരത്തെ വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് ജുവനൈല്‍ കോടതികള്‍ക്ക് സുപ്രിംകോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
നരോദ കേസില്‍ ബാക്കിയുള്ള എതിര്‍വാദ സാക്ഷികളില്‍ നിന്നുള്ള തെളിവുകള്‍ രണ്ടു മാസത്തിനകം ശേഖരിക്കണമെന്ന് വിചാരണ കോടതികള്‍ക്ക് സുപ്രിംകോടതി നിര്‍ദേശം നല്കി. ഒരു സാക്ഷി വിദേശത്താണെന്ന് കോടതിയെ അറിയിച്ചതോടെ ബാക്കിയുള്ള സാക്ഷികളുടെ മൊഴിയും തെളിവുകളും ശേഖരിക്കാന്‍ കോടതി വിചാരണ കോടതിക്ക് നിര്‍ദേശം നല്കി.
വിദേശത്തുള്ള സാക്ഷിയുടെ മൊഴികള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി രേഖപ്പെടുത്താവുന്നതാണെന്നും കോടതി വ്യക്തമാക്കി. നാലു മാസത്തിനകം വിചാരണ കോടതി അതിന്റെ വിധി നിര്‍ണയിക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതായി സുപ്രിംകോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."