രേഖകളുടെ നിജസ്ഥിതി തേടി കൂടരഞ്ഞി പഞ്ചായത്ത് കത്തയച്ചു പി.വി അന്‍വറിന്റെ പാര്‍ക്ക്
കോഴിക്കോട്: പി.വി അന്‍വര്‍ എം.എല്‍.എയുടെ കക്കാടംപൊയിലിലെ വിവാദ പാര്‍ക്കുമായി ബന്ധപ്പെട്ട രേഖകളുടെ ആധികാരികത പരിശോധിക്കാന്‍ കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് നടപടി തുടങ്ങി. സി.പി.എം സ്വതന്ത്ര എം.എല്‍.എ കൂടിയായ അന്‍വറിന്റെ പി.വി.ആര്‍. എന്റര്‍ടെയ്ന്‍മെന്റ് നാച്ചുറല്‍ പാര്‍ക്കിന് പ്രവര്‍ത്തന അനുമതിക്കായി വിവിധ വകുപ്പുകള്‍ നല്‍കിയ രേഖകളുടെ വിവരങ്ങള്‍ ആരാഞ്ഞ് പഞ്ചായത്ത് കത്തയച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഫയര്‍ സേഫ്റ്റി വകുപ്പ്, ഇലക്ട്രിക്കല്‍ വിഭാഗം എന്നിവയ്ക്കാണ് കത്തയച്ചത്. നിയമാനുസൃതമായ രേഖകളാണോ പാര്‍ക്ക് അധികൃതര്‍ പഞ്ചായത്തില്‍ സമര്‍പ്പിച്ചതെന്ന് പരിശോധിക്കാനാണിത്.
പാര്‍ക്കിന്റെ രേഖകള്‍ പുനഃപരിശോധിക്കാന്‍ കഴിഞ്ഞ ദിവസം കൂടരഞ്ഞി പഞ്ചായത്ത്് ഭരണസമിതി തീരുമാനിച്ചിരുന്നു. ഇതിനായി നിയോഗിച്ച ഏഴംഗ ഉപസമിതിയുടെ നിര്‍ദേശത്തെതുടര്‍ന്നാണ് നടപടി. നേരത്തേ ആരോപണങ്ങള്‍ ഉയര്‍ന്നതിനു ശേഷവും കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്ത് പാര്‍ക്കിന് അനുമതി നല്‍കിയത് വിവാദമായിരുന്നു. ഇതുസംബന്ധിച്ച് കെ.പി.സി.സിയും ഡി.സി.സിയും കോണ്‍ഗ്രസ് മണ്ഡലം നേതാക്കളോടും പഞ്ചായത്ത് പ്രസിഡന്റിനോടും വിശദീകരണം ചോദിച്ചിരുന്നു.
അതിനിടെ വാട്ടര്‍ തീം പാര്‍ക്കിന് അനുമതി നല്‍കിയ ഉപസമിതി തന്നെയാണ് വീണ്ടും രേഖകള്‍ പരിശോധിക്കുന്നത്. പാര്‍ക്കിന് ആവശ്യമായ രേഖകളുണ്ടെന്നും നാടിനു ഗുണകരമായ പദ്ധതിയാണെന്നും ഉപസമിതി വിലയിരുത്തി നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും സി.പി.എം, കോണ്‍ഗ്രസ് പ്രതിനിധികളും ഉള്‍പ്പെട്ട ഉപസമിതി പാര്‍ക്ക് സന്ദര്‍ശിച്ചശേഷമായിരുന്നു റിപ്പോര്‍ട്ട് നല്‍കിയത്. ഫയര്‍ സേഫ്റ്റി സര്‍ട്ടിഫിക്കറ്റും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും ഇലക്ട്രിക്കല്‍ വിഭാഗത്തിന്റെയും അനുമതി പാര്‍ക്കിനുണ്ടെന്ന് ഉപസമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പഞ്ചായത്ത് ഭരണസമിതി പാര്‍ക്കിന് അനുമതി നല്‍കിയത്.
അതീവപരിസ്ഥിതി ദുര്‍ബലപ്രദേശത്താണ് പാര്‍ക്കെന്ന റിപ്പോര്‍ട്ട് പിന്നീട് പുറത്തുവന്നിരുന്നു. മലയുടെ വശങ്ങള്‍ ഇടിച്ചു നിരത്തി പാര്‍ക്ക് നിര്‍മിച്ചത് നിയമലംഘനമാണെന്നാണ് ആരോപണം. പാര്‍ക്കിനെതിരേ നിയമസഭയിലും പുറത്തും കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പഞ്ചായത്ത് ഭരണ സമിതിയും പ്രാദേശിക നേതൃത്വവും പാര്‍ക്കിന് അനുകൂലമായ നിലപാടാണെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."