മാസ്റ്റര്‍പ്ലാന്‍: തീരുമാനമെടുക്കാനാവാതെ പറവൂര്‍ നഗരസഭ
പറവൂര്‍: മാസ്റ്റര്‍പ്ലാന്‍ സംബന്ധിച്ച് സ്ഥായിയായ തീരുമാനങ്ങള്‍ എടുക്കാന്‍ പറവൂര്‍ നഗരസഭയ്ക്ക് കഴിയുന്നില്ലെന്ന് ചെയര്‍മാന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബദല്‍ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക കൗണ്‍സില്‍ യോഗം ഐക്യമില്ലാതെ പിരിഞ്ഞതോടെ കഴിഞ്ഞ നാല് വര്‍ഷമായി തുടരുന്ന മാസ്റ്റര്‍ പ്ലാന്‍ ആശങ്കയില്‍ നിന്നും നഗരവാസികള്‍ക്ക് ഉടനെയൊന്നും മോചനമില്ലെന്ന് വ്യക്തമായി. 2013 മാര്‍ച്ചിലാണ് നഗരത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ പറവൂര്‍ നഗരസഭയിലും മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്.
ഇതിന് മുന്നോടിയായി തയാറാക്കിയ കരട് മാസ്റ്റര്‍ പ്ലാന്‍ പഠിച്ച് നിര്‍ദേശങ്ങളും ഭേദഗതികളും സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അന്നത്തെ കൗണ്‍സില്‍ അതിന് തയ്യാറായില്ല.
സ്വകാര്യ ഏജന്‍സികളുടെ സഹായത്തോടെ ടൗണ്‍ പ്ലാനിങ്ങ് ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ കരട് പ്ലാനില്‍ നിരവധി അശാസ്ത്രീയതകള്‍ വിവിധ സംഘടനകള്‍ ചൂണ്ടിക്കാട്ടിയെങ്കിലും ഭരണകര്‍ത്താക്കള്‍ മുഖവിലക്കെടുത്തില്ല. ഇതിനിടെ നിശ്ചിത സമയ പരിധി കഴിഞ്ഞതിനാല്‍ കരട് മാസ്റ്റര്‍ പ്ലാന്‍ അംഗീകരിച്ചതായി സര്‍ക്കാര്‍ വിജ്ഞാപനവും ഇറക്കി. പിന്നീട് എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ ഇടപ്പെട്ട് തദ്ദേശസ്വയംഭരണ വകുപ്പിനെക്കൊണ്ട് മാസ്റ്റര്‍പ്ലാന്‍ ഉത്തരവ് തല്‍ക്കാലികമായി മരവിപ്പിച്ചു.
മാസ്റ്റര്‍പ്ലാന്‍ റദ്ദാക്കണമെന്ന് നഗരസഭയും മറ്റു സംഘടനകളും ആവശ്യപ്പെട്ടെങ്കിലും ടൗണ്‍ ആന്റ് കണ്‍ട്രി പ്ലാന്‍ അനുസരിച്ചു മാസ്റ്റര്‍ പ്ലാന്‍ റദ്ദു ചെയ്യാനാവില്ലെന്ന മറുപടിയാണ് ലഭിച്ചത്. എന്നാല്‍ ഭേദഗതികള്‍ നിര്‍ദേശിക്കാനുള്ള അവസരം ലഭിച്ചു.
ഇതനുസരിച്ച് ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും ശേഷം വിവിധ സംഘടനകളും വാര്‍ഡുസഭകളും സമര്‍പ്പിച്ച അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്രോഡീകരിക്കാനാണ് കഴിഞ്ഞ ബുധനാഴ്ച്ച പ്രത്യേക കൗണ്‍സില്‍ യോഗം ചേര്‍ന്നത്. മുപ്പത് വര്‍ഷത്തെ നഗര വികസനം ലക്ഷ്യമിട്ട് തയ്യാറാക്കിയ മാസ്റ്റര്‍പ്ലാനില്‍ നിരവധി അശാസ്ത്രീയ നിര്‍ദ്ദേശങ്ങള്‍കടന്ന് കൂടിയതിനാല്‍ മാസ്റ്റര്‍പ്ലാന്‍ റദ്ദാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഒടുവില്‍ നഗരസഭ മാസ്റ്റര്‍ പ്ലാന്‍ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ച് യോഗം പിരിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."