രാജനഗരിയില്‍ വര്‍ണങ്ങള്‍ വാരിവിതറി അത്തച്ചമയ ഘോഷയാത്ര
തൃപ്പൂണിത്തുറ: സമൃദ്ധിയുടെ നിറവിനായി പൂക്കാലം തീര്‍ത്ത് മലയാളക്കരയിലെ പതിനായിരങ്ങളെ സാക്ഷ്യം നിര്‍ത്തികൊണ്ട് നടന്ന അത്തം ഘോഷയാത്ര വര്‍ണാഭമായി. മൂടികെട്ടിയ ആകാശത്തിനു കീഴെ വര്‍ണങ്ങള്‍ പെയ്തിറങ്ങി കൊണ്ട് നടന്ന ഘോഷയാത്രയില്‍ പ്രാചീന കലാരൂപങ്ങള്‍, പുരാതന കഥാപാത്രങ്ങള്‍, മണ്മറഞ്ഞ കലയും പുരാണങ്ങളും, സംസ്കാരങ്ങളും സംയോജിപ്പിച്ച വര്‍ണ പൊലിമയില്‍ ആയിരുന്നു അത്താഘോഷത്തിന്റെ തുടക്കം. ഇനി പത്ത് നാള് രാജനഗരം ഓണലഹരിയില്‍. പൊന്നോണത്തെ വരവേല്‍ക്കുന്ന തൃപ്പൂണിത്തുറയിലെ അത്താഘോഷം കാണാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ആളുകളും നിരവധി വിദേശീയരും എത്തിയിരുന്നു.
വിവിധ വിഷയങ്ങളെ ആസ്പദമാക്കി പുരാണവും, ആനുകാലികവുമായ, ഇരുപതില്പരം നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രക്ക് മാറ്റ് കൂട്ടി. ഘോഷയാത്ര അത്തംനഗറില്‍ നിന്നും ആരംഭിച് ബസ് സ്റ്റാന്‍ഡ് വഴി സ്റ്റാച്യു ജങ്ഷനില്‍ എത്തി കിഴക്കേകോട്ട, വടക്കേക്കോട്ട വഴി ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിനു മുന്നിലൂടെ തിരിച്ച് ഉച്ചക്ക് രണ്ടരയോടെ അത്തം ഗ്രൗണ്ടില്‍ തിരിച്ചെത്തി. വൈകിട്ട് ആറിന് കൂത്തമ്പലത്തില്‍ നടന്ന കലാസന്ധ്യയുടെ ഉത്ഘാടനം ചലച്ചിത്ര താരം സീമ.ജി.നായര്‍ നിര്‍വഹിച്ചു. തുടര്‍ന്ന് ഏഴിന് തബല ഫ്യൂഷന്‍ നടന്നു. ഇന്ന് വൈകിട്ട് ഏഴിന് ആലപ്പുഴ റൈബാന്റെ ഗാനമേള നടക്കും.
അത്തപൂക്കള മത്സരത്തില്‍ മഴവില്‍ ആര്‍ട്സ് വൈപ്പിന്‍ ഒന്നാം സ്ഥാനം നേടി. രണ്ടാം സമ്മാനം നവോദയ എളമക്കരയും മൂന്നാം സമ്മാനം എരൂര്‍ സൂര്യ ആര്‍ട്സും നേടി. അത്തംഘോഷയാത്രയില് പങ്കെടുത്ത ഇരുപതോളം നിശ്ചല ദൃശ്യങ്ങളില്‍ ഒന്നാം സമ്മാനത്തിന് തെക്കുംഭാഗം ചങ്ങാതിക്കൂട്ടത്തിന്റെ മരം സംരക്ഷിക്കു ജീവന് നിലനിര്‍ത്തു എന്നതിന് ലഭിച്ചു. മരട് സി.എസ്.എസ് അവതരിപ്പിച്ച ആഴക്കടലില്‍ പൊലിഞ്ഞ ഓണ പ്രതീക്ഷകള്‍ എന്നതിന് രണ്ടാം സമ്മാനവും മൂന്നാം സമ്മാനം മേക്കര നവ ഭാവന ആര്‍ട്സ് ക്ലബ് അവതരിപ്പിച്ച കാലം മായ്ച്ച ചില നല്ലകാഴ്ചകള്‍ എന്നതിനും ലഭിച്ചു. അത്തംഘോഷയാത്രയിലെ മികച്ച ഡിസ്പ്ലെ നടത്തിയ ഗവ. ഗേള്‍സ് ഹൈസ്കൂളിന് ഒന്നാംസ്ഥാനവും ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിന് രണ്ടാംസ്ഥാനവും ഗവ. ബോയ്സ് ഹൈസ്കൂളിന് മൂന്നാം സ്ഥാനവും കിട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."