ചന്ദ്രഗിരികോട്ട നവീകരണത്തിന് 80 ലക്ഷത്തിന്റെ ഭരണാനുമതി
കാസര്‍കോട്: മേല്‍പ്പറമ്പില്‍ സ്ഥിതി ചെയ്യുന്ന ചന്ദ്രഗിരികോട്ടയുടെ നവീകരണത്തിനു സംസ്ഥാന സര്‍ക്കാര്‍ 80 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി. നാശത്തിന്റെ വക്കിലുള്ള ചന്ദ്രഗിരി കോട്ട നവീകരിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായാണു തുക അനുവദിച്ചിരിക്കുന്നത്. തുക അനുവദിച്ചതിനെ തുടര്‍ന്നു നവീകരണ പദ്ധതിയുടെ എസ്റ്റിമേറ്റും തയാറാക്കിയിട്ടുണ്ട്. പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ ഉടനെ ആരംഭിക്കും.
ഏഴേക്കര്‍ പ്രദേശത്തു വ്യാപിച്ചു കിടക്കുന്നതാണു ചന്ദ്രഗിരി കോട്ട. കോട്ടക്കു മുകളില്‍ നിന്നു കാണുന്ന ചന്ദ്രഗിരി പുഴയുടെയും അറബികടലിന്റെയും ദൃശ്യങ്ങള്‍ മനോഹരമാണ്. ബേക്കല്‍ കോട്ടയില്‍ നിന്ന് 10 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ചന്ദ്രഗിരി കോട്ടയിലെത്താം.
നിലവില്‍ ആഭ്യന്തര വിനോദ സഞ്ചാരികള്‍ മാത്രമെത്തുന്ന ചന്ദ്രഗിരികോട്ടയിലേക്കു വിദേശത്തു നിന്നുള്ള സഞ്ചാരികളെ കൂടി ആകര്‍ഷിക്കാനുള്ള നവീകരണ പദ്ധതികള്‍ക്കാണു സര്‍ക്കാര്‍ 80 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്.
ചന്ദ്രഗിരികോട്ട നവീകരിക്കണമെന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കെ. കുഞ്ഞിരാമന്‍ എം.എല്‍.എയുടെ ആവശ്യപ്രകാരമാണു സര്‍ക്കാര്‍ ഇപ്പോള്‍ ചന്ദ്രഗിരികോട്ടയുടെ നവീകരണത്തിനായി പണമനുവദിച്ചിരിക്കുന്നത്.
17ാം നൂറ്റാണ്ടില്‍ ബദന്നൂര്‍ നായ്ക്കന്മാരിലെ ശിവപ്പനായിക് നിര്‍മിച്ചതാണ് ചന്ദ്രഗിരി നദിക്കരയിലുള്ള ചന്ദ്രഗിരികോട്ട എന്നാണ് പറയപ്പെടുന്നത്.
കേരളത്തിന്റേയും തുളുവ രാജവംശത്തിന്റെയും അതിരുകളായിരുന്ന ചന്ദ്രഗിരി നദിയുടെ കരയില്‍ നിര്‍മിച്ച ചന്ദ്രഗിരി കോട്ടയില്‍ നിന്നാല്‍ നദി ഒഴുകി അറബിക്കടലില്‍ ചേരുന്ന മനോഹരമായ കാഴ്ചയും അസ്തമനവും കാണാന്‍ കഴിയും.
ദേശീയപാത 17ലൂടെ പോകുമ്പോള്‍ കാണുന്ന പാലവും അതിന്റെ പശ്ചാത്തലത്തിലുള്ള മുസ്‌ലിംപള്ളിയും വളരെ ആകര്‍ഷകമായ കാഴ്ചയാണ്.
കേരളത്തിലെ ഏറ്റവും നീളമുള്ള റെയില്‍വേ തുരങ്കം കടന്നുപോകുന്നതും ചന്ദ്രഗിരി ഹില്‍സിലൂടെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."