രാഷ്ട്രത്തെ പിടിച്ചുലച്ച് ആള്‍ദൈവങ്ങള്‍
സ്വയംപ്രഖ്യാപിത ആള്‍ദൈവങ്ങളോട് രാഷ്ട്രീയക്കാര്‍ കടപ്പെട്ടിരിക്കുന്ന കാഴ്ചയാണ് ഇന്ത്യയിലെങ്ങും. ആള്‍ദൈവങ്ങള്‍ ലക്ഷക്കണക്കിന് അനുയായികളെ സൃഷ്ടിക്കുമ്പോള്‍ ആ അനുയായികളെ സ്വപക്ഷത്ത് വോട്ടാക്കാനുള്ള രാഷ്ട്രീയ ദുഷ്ടലാക്ക് സമൂഹത്തിനേല്‍പിക്കുന്ന ആഘാതം ചില്ലറയൊന്നുമല്ല. ഇത്തരം ആള്‍ദൈവങ്ങള്‍ തഴച്ചുവളര്‍ന്ന് വടവൃക്ഷമാകുമ്പോള്‍ കടയ്ക്കല്‍ കത്തിവയ്ക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയക്കാരും ഭരണാധികാരികളുമാണ് ഫലത്തില്‍ ക്രമസമാധാനപ്രശ്‌നവും കലാപവും സൃഷ്ടിക്കുന്നത് .
ദേര സച്ചാ സൗദയുടെ സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങ്ങിന്റെ കാര്യത്തിലും ഇത് വ്യത്യസ്തമായിരുന്നില്ല. ഗുര്‍മീത് ക്രിമിനലാണെന്നറിഞ്ഞിട്ടുകൂടി രാഷ്ട്രീയലാഭത്തിനുവേണ്ടി അവരുടെ വോട്ട് സ്വീകരിച്ച ഹരിയാന സര്‍ക്കാര്‍ ഇപ്പോള്‍ നടക്കുന്ന കലാപത്തിന് പ്രത്യക്ഷത്തില്‍ ഉത്തരവാദികളാണെന്നു കാണാം.
ഗുര്‍മീതിനെതിരേയുള്ള കണ്ടെത്തലുകള്‍
ദേര സച്ചാ സൗദ എന്ന പേരില്‍ ആശ്രമം സ്ഥാപിച്ച് പ്രവര്‍ത്തിക്കുന്ന ഗുര്‍മീത്, മറ്റ് ആള്‍ദൈവങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തനാണ്. ഹൈടെക് സ്വാമിയെന്ന പേരില്‍ കോണ്‍ഗ്രസിനെ പിന്‍പറ്റി മുന്‍പ്രധാനമന്ത്രി പി.വി.നരസിംഹറാവുവിന്റെ അടുത്ത അനുയായി ആയി നടന്ന ചന്ദ്രസ്വാമിയാണ് അറിയപ്പെട്ടിരുന്നതെങ്കില്‍ ഗുര്‍മീത് അത്യാധുനികനായ ആള്‍ദൈവമായാണ് അറിയപ്പെടുന്നത്. മുന്തിയ വാഹനങ്ങളും അത്യാധുനിക സാങ്കേതിക വിദ്യകളും ആയിരക്കണക്കിന് പടയാളികളെ തീറ്റിപ്പോറ്റുകയും ചെയ്യുന്ന ഗുര്‍മീത് ബോഡി ബില്‍ഡറും റെയ്‌സറും സിനിമാതാരവും സാമൂഹ്യപ്രവര്‍ത്തകനുമാണെന്നതാണ് വിരോധാഭാസം.
ആശ്രമത്തില്‍ അന്തേവാസികളായ എട്ടു വനിതകളുടെ വെളിപ്പെടുത്തലുകളാണ് ഗുര്‍മീതിനെ കാരാഗൃഹത്തിലേക്ക് നയിച്ചത്. എട്ടുപേരില്‍ ആറുപേര്‍ പരാതി പിന്‍വലിച്ചെങ്കിലും ആശ്രമത്തിനു പുറത്തായ മറ്റു രണ്ടുവനിതകള്‍ പരാതികളില്‍ ഉറച്ചുനിന്നു. ഹരിയാനയിലെ സിര്‍സയിലെ ദേരാ ആശ്രമത്തില്‍വച്ച് ഗുര്‍മീത് നിരവധി തവണ പീഡിപ്പിച്ചതായാണ് ഇവര്‍ വെളിപ്പെടുത്തിയത്.
ഇതുകൂടാതെ 2001ല്‍ മാധ്യമപ്രവര്‍ത്തകനായ റാം ചന്ദര്‍ ഛത്രപതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ്. 2002 ജൂലൈയില്‍ ആശ്രമത്തിന്റെ മാനേജര്‍ ആയിരുന്ന രഞ്ജിത് സിങ്ങിനെ വകവരുത്തിയ കേസിലും ഗുര്‍മീത് പ്രതിയാണ്.
ഇപ്പോഴത്തെ സംഭവുണ്ടായത് 1999ലാണ്. 2002ല്‍ ഈ കേസില്‍ പ്രഥമവിവര റിപ്പോര്‍ട്ട് ഉണ്ടായെങ്കിലും ഗുര്‍മീതും ആശ്രമ അധികൃതരും ഇത് വെറും ആരോപണമാണെന്ന് സ്ഥാപിച്ച് നിഷേധിച്ചിരുന്നു. തുടര്‍ന്നു സി.ബി.ഐ അന്വേഷണം നടക്കുകയും ഗുര്‍മീത് കുറ്റക്കാരനാണെന്നു കണ്ടെത്തുകയുമായിരുന്നു.
രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളെ നിയന്ത്രിക്കാന്‍ മാത്രം ശേഷി നേടിയ മറ്റ് ചില ആള്‍ദൈവങ്ങളെക്കൂടി അറിയേണ്ടതുണ്ട്.
ശ്രീലങ്കയില്‍ നിന്നെത്തിയ സ്വാമി പ്രേമാനന്ദ
ശ്രീലങ്കയില്‍ നിന്ന് കടല്‍കടന്നെത്തിയ ആള്‍ ദൈവമാണ് സ്വാമി പ്രേമാനന്ദ. 1983ല്‍ ശ്രീലങ്കയില്‍ വംശീയ ലഹള നടന്നപ്പോള്‍ നില്‍ക്കക്കള്ളിയില്ലാതെ പലായനം ചെയ്ത് അനുയായികള്‍ക്കൊപ്പം ഇന്ത്യയിലെത്തിയ പ്രേമാനന്ദ, തുടര്‍ന്ന് തമിഴ്‌നാട്ടില്‍ തിരുച്ചിയില്‍ ആശ്രമം സ്ഥാപിക്കുകയായിരുന്നു.
ജനപിന്തുണ ആര്‍ജിച്ച പ്രേമാനന്ദ ബലാത്സംഗക്കേസില്‍ പ്രതിയായത് ഞെട്ടലോടെയാണ് അനുയായികള്‍ കേട്ടത്. 13 പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ഇരട്ട ജീവപര്യന്തം അനുഭവിക്കുകയാണ് ഈ ആള്‍ദൈവം.
അദ്വൈത വേദാന്തിആസാറാം ബാപു
അത്രപെട്ടെന്ന് മറക്കാത്ത സംഭവാണ് ആസാറാം ബാപുവിന്റേത്. അദ്വൈത വേദാന്തത്തിന്റെ പ്രചാരകനായി സ്വയം അറിയപ്പെട്ട ആസാറാം ബാപു കുറഞ്ഞ സമയത്തിനുള്ളിലാണ് ലക്ഷക്കണക്കിന് അനുയായികളെയും ആശ്രമങ്ങളും സൃഷ്ടിച്ചെടുത്തത്. 2010 മുതല്‍ 2014 വരെ 42 കോടതി സമന്‍സുകളാണ് ഇയാള്‍ അവഗണിച്ചത്. 16കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 2013ലാണ് വിചാരണചെയ്യപ്പെട്ടത്. രാജസ്ഥാനിലെ ജോധ്പൂരില്‍ കര്‍ശനമായ വ്യവസ്ഥകളോടെ ആശ്രമം നടത്തിയിരുന്ന ഇയാള്‍ക്കെതിരേ ഭീഷണിപ്പെടുത്തല്‍, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങളും ചുമത്തപ്പെട്ടു. ഇയാള്‍ക്കെതിരേ സുപ്രിംകോടതിയില്‍ കേസ് തുടരുകയാണ്.
ഇയാളുടെ മകന്‍ നാരായണ്‍ സായിയും ബലാത്സംഗത്തിനും പീഡനത്തിനും ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. ഒരു സൈക്കിള്‍ മെക്കാനിക്ക് ആയിരിക്കേയാണ് ആസാറാം സ്വയം ദൈവമായത്.
സദാചാരമില്ലാത്ത സ്വാമി സദാചാരി
സമൂഹത്തില്‍ ഉന്നത നിലയിലുള്ളവര്‍ക്കും ഉന്നത രാഷ്ട്രീയക്കാര്‍ക്കും വേണ്ടി ആഭിചാര ക്രിയകളും താന്ത്രിക വിദ്യകളും നടത്തിയാണ് സദാചാരി സ്വാമി പ്രസിദ്ധനായത്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ആത്മീയ ഉപദേഷ്ടാവായിരുന്ന ഇയാള്‍ അവരുടെ വസതിയില്‍ വച്ച് പൂജാക്രിയകള്‍ ചെയ്തത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എന്നാല്‍ ഇയാള്‍ നടത്തിവന്ന ഒരു അധോലോക നക്ഷത്ര വേശ്യാലയം പിടിക്കപ്പെട്ടതോടെയാണ് സ്വാമിയുടെ മനസിലിരുപ്പ് വേറെയാണെന്ന് കണ്ടെത്തിയത്. അധികാരികളുമായി പിണങ്ങിയതോടെയാണ് സദാചാരി സ്വാമി ഇരുമ്പഴിക്കുള്ളിലായത്.
കൊലപാതകിയായ സന്ത് രാംപാല്‍
ഹരിയാനയില്‍ തടവിലായ മറ്റൊരു സ്വയംപ്രഖ്യാപിത ആള്‍ദൈവമാണ് കൊടുംക്രിമിനലായ സന്ത് രാംപാല്‍. ഹിസാറിലെ സത്‌ലോകിലുള്ള ആശ്രമത്തില്‍ നിന്ന് 18 മാസം പ്രായമായ കുഞ്ഞിന്റെയും അഞ്ച് സ്ത്രീകളുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതോടെയാണ് 2014 നവംബറില്‍ ഇയാള്‍ പിടിയിലായത്. സ്വന്തമായി ഗുണ്ടകളെ തീറ്റിപ്പോറ്റുന്ന രാം പാലിനെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആദ്യ അവസരങ്ങളില്‍ ഫലം കണ്ടിരുന്നില്ല. അര്‍ധ സൈനിക വിഭാഗത്തെ ആശ്രമത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും അനുയായികള്‍ തടഞ്ഞത് വന്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. സത്‌ലോക് ആശ്രമം വളഞ്ഞ സുരക്ഷാ സേനയില്‍ നിന്ന് രാംപാല്‍ തന്ത്രപൂര്‍വം രക്ഷപ്പെട്ടിരുന്നു. സംഘര്‍ഷത്തില്‍ അന്ന് അഞ്ച് അനുയായികള്‍ കൊല്ലപ്പെട്ടു. 450 പേരെ പൊലിസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇയാളെ പിടികൂടി ശിക്ഷിക്കുകയായിരുന്നു. 22 മാസത്തെ തടവുശിക്ഷ അനുഭവിക്കുന്നു. ഐ.ടി.ഐ വിദ്യാഭ്യാസമുള്ള സന്ത് രാംപാല്‍ ഹരിയാന ജലസേചന വകുപ്പില്‍ ജോലി ചെയ്തുവരവെയാണ് ആള്‍ദൈവമായി സ്വയം അവരോധിച്ചത്.
പീഡനവീരന്‍ നിത്യാനന്ദ പരമഹംസ
നിത്യാനന്ദ പരമഹംസയെന്ന പേരില്‍ പ്രസിദ്ധനായ ആള്‍ ദൈവം പീഡനവീരനായാണ് അറിയപ്പെടുന്നത്. പ്രമുഖ തമിഴ് സിനിമാ നടിയുമായുള്ള ആഭാസ രംഗങ്ങളടങ്ങിയ വിഡിയോ 2010 മാര്‍ച്ചില്‍ ഒരു പ്രാദേശിക ചാനല്‍ പുറത്തുവിട്ടതോടെയാണ് സ്വാമിക്കെതിരേ നിയമനടപടികള്‍ ആരംഭിച്ചത്. എന്നാല്‍ താന്‍ ശവാസനം അനുഷ്ഠിക്കുകയായിരുന്നെന്ന ഇയാളുടെ വിശദീകരണം കോളിളക്കമുണ്ടാക്കിയതാണ്. ഇയാള്‍ക്കെതിരേ ബലാത്സംഗ കുറ്റങ്ങള്‍ ഉയര്‍ന്നതോടെ നിയമസംവിധാനത്തില്‍ പെടാതെ മുങ്ങി. അഞ്ചുദിവസം മുങ്ങിനടന്ന ആള്‍ദൈവത്തെ പിന്നീട് പൊലിസ് അറസ്റ്റ് ചെയ്തു. കര്‍ണാടകത്തില്‍ ബിഡദിയിലും ബംഗളൂരുവിലെ സുബ്രഹ്മണ്യപുരയിലും ഇയാള്‍ക്ക് ആശ്രമങ്ങളുണ്ട്.
ഇഛാധാരി ഭീമാനന്ദ്
ഇഛാധാരി സന്ത് സ്വാമി ഭീമാനന്ദ് പെണ്‍വാണിഭവും വേശ്യാലയങ്ങളും നടത്തിവന്ന ആള്‍ദൈവമാണ്. ശിവ് മൂരത് ദ്വിവേദിയാണ് ഇഛാധാരി സന്ത് സ്വാമി ഭീമാനന്ദ് ജി മഹാരാജ് ചിത്രകൂട് വാലെ എന്ന പേരില്‍ ആള്‍ദൈവമായി സ്വയം അവരോധിച്ചത്. 1988ല്‍ ഡല്‍ഹിയില്‍ ഒരു ഹോട്ടലില്‍ സെക്യൂരിറ്റി ജോലിയിലിരിക്കെയാണ് ഇയാള്‍ ആള്‍ദൈവമായി വേഷമിടാനാരംഭിച്ചത്.
കേരളത്തിലും ആള്‍ദൈവങ്ങള്‍
കേരളത്തിലും ക്രിമിനല്‍ പശ്ചാത്തലമുള്ള ആള്‍ദൈവങ്ങള്‍ രാഷ്ട്രീയക്കാരുടെയും മറ്റും മറപറ്റി വാഴുന്നുണ്ട്. അത്തരത്തില്‍ വിരാജിച്ച് ഒടുവില്‍ പിടിക്കപ്പെട്ടയാളാണ് സന്തോഷ് മാധവന്‍.
പ്രായപൂര്‍ത്തിയെത്താത്ത രണ്ടു പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തതിനാണ് അകത്തായത്. ലൈംഗിക രംഗങ്ങളുടെ വിഡിയോ ചിത്രീകരിക്കുന്ന പതിവും ഇയാള്‍ക്കുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."