സമരം തീര്‍ന്നു: ശര്‍മിളയുടെ സമര പന്തല്‍ ഇനി നിത്യസ്മാരകം
ഇംഫാല്‍ : ഇറോം ശര്‍മിളയുടെ നിരാഹാരത്തിന് പരിസമാപ്തിയായെങ്കിലും സമര പന്തല്‍ നിത്യസ്മാരകമാക്കി സംരക്ഷിക്കാന്‍ അനുകൂലികളുടെ തീരുമാനം. ഇംഫാലിനടുത്ത പോറോംപാറ്റില്‍ 16 വര്‍ഷം നീണ്ട സമരചരിത്രത്തിന്റെ അഭിമാനവുമായി തല ഉയര്‍ത്തി നില്‍ക്കുന്ന ഈ സമരകുടിലിലാണ് 2000 നവംബര്‍ അഞ്ചിന് ഇറോംശര്‍മിള നിരാഹാര സമരത്തിന് തുടക്കം കുറിച്ചത്. കണ്ണില്‍ കണ്ടവരെയെല്ലാം വെടിവച്ചുകൊല്ലാന്‍ പട്ടാളത്തിന് അനുവാദം നല്‍കുന്ന കരിനിയമമായ അഫ്‌സ്പ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ശര്‍മിള നിരാഹാര സമരം തുടങ്ങിയത്.
ഭരണ സിരാകന്ദ്രമായ ഇംഫാല്‍ പട്ടണത്തില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അകലെ പോറോംപാറ്റില്‍ പൊലിസ് ആസ്ഥാന മന്ദിര സമുഛയത്തിനരികെയാണ് ശര്‍മിള തന്റെ സമരത്തിനുള്ള കുടില്‍ തയാറാക്കിയത്. ചെറിയൊരു പുല്‍ക്കുടിലില്‍ ഏതാനും ഗ്രാമീണ സ്ത്രീകളുമൊത്ത് ആരംഭിച്ച സമരം പിന്നീട് ദേശീയ, അന്തര്‍ദേശീയ ശ്രദ്ധ നേടുകയായിരുന്നു. സമരത്തിനു ശക്തി കൂടി വന്നതോടെ ഭരണകൂടം ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി ഇവരെ പന്തലില്‍ നിന്നും അറസ്റ്റു ചെയ്തു ജയിലില്‍ അടച്ചു. ഇതേ തുടര്‍ന്ന് ശര്‍മിളയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് മണിപ്പൂരിലെ സ്ത്രീകള്‍ ഈ കുടിലില്‍ സമരം തുടരുകയായിരുന്നു. ഓരോ വര്‍ഷവും നവംബര്‍ അഞ്ചിന് കോടതിയില്‍ ഹാജരാക്കുന്ന ശര്‍മിളയെ വീണ്ടും ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി ജയിലിലേക്ക് തിരിച്ചയക്കുകയാണ് ചെയ്തുവന്നിരുന്നത്.
ആ ദിവസം ശര്‍മിളയ്ക്കുവേണ്ടി സ്ത്രീകള്‍ നടത്തുന്ന പ്രത്യേക പ്രാര്‍ഥന ഈ സമരകുടിലിലാണ് നടക്കുന്നത്. അതിനിടെ ഇറോംശര്‍മിള നിരാഹാര സമരം അവസാനിപ്പിച്ചെങ്കിലും ആരോഗ്യനില സാധാരണ രീതിയിലാകുന്നതുവരെ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തില്‍ തന്നെ തുടരുമെന്നാണ് അറിയുന്നത്. സാധാരണ രീതിയില്‍ ഭക്ഷണം കഴിച്ചുതുടങ്ങാന്‍ ദിവസങ്ങളെടുക്കുമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന സൂചന. ഏതാനും ദിവസങ്ങളുടെ ചികിത്സയും കൗണ്‍സിലിങും ശര്‍മിളയ്ക്ക് ആവശ്യമുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."