ദലിത് പീഡനം: മോദിയുടെ ആഹ്വാനം നിഷ്ഫലം
ഇന്നലെ സി.പി.എം അംഗം പി.കെ ബിജു ദലിതര്‍ക്കുനേരേ പെരുകുന്ന ആക്രമണങ്ങളിലേയ്ക്കു ലോക്‌സഭയുടെ ശ്രദ്ധ കൊണ്ടുവന്നിരിക്കുകയാണ്. പാര്‍ലമെന്റില്‍ ഇതുസംബന്ധിച്ച ചര്‍ച്ച അദ്ദേഹമാണു തുടങ്ങിവച്ചത്. 'ദലിത് സഹോദരങ്ങളെ ആക്രമിക്കുന്നതിനുപകരം എന്നെയാക്രമിക്കൂ, എന്റെ നെഞ്ചിലേയ്ക്കു വെടിവയ്ക്കൂ' എന്നുപറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി, പക്ഷേ പാര്‍ലമെന്റ് ചര്‍ച്ചയില്‍ ഇടപെടുന്നില്ലെന്നതു വിചിത്രംതന്നെ.
പ്രധാനമന്ത്രിയുടെ പ്രസ്താവന വിശ്വഹിന്ദു പരിഷത്തിനെ അരിശംകൊള്ളിച്ചതിനെത്തുടര്‍ന്നാണു രാജ്യത്തു ദലിതര്‍ക്ക് നേരെയുള്ള ആക്രമണം വര്‍ദ്ധിച്ചിരിക്കുന്നതെന്നുവേണം അനുമാനിക്കാന്‍. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദിയെ തോല്‍പ്പിക്കുമെന്നാണു വിശ്വഹിന്ദുപരിഷത്ത് പറയുന്നത്. അടുത്തവര്‍ഷം ഗുജറാത്തിലും യു.പിയിലും നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ദലിത്‌വോട്ടുകള്‍ നഷ്ടപ്പെടരുതെന്ന ലക്ഷ്യത്തോടെയാണു പ്രധാനമന്ത്രി ദലിതര്‍ക്കുവേണ്ടി 'വെടിയേല്‍ക്കാന്‍' തയ്യാറായത്. ദലിതരുടെ രോഷം ശമിപ്പിക്കാനോ ഗോസംരക്ഷണവാദക്കാരുടെ ദലിതര്‍ക്കുനേരേയുള്ള ആക്രമണം കുറയ്ക്കാനോ പ്രധാനമന്ത്രിയുടെ വാക്കുകള്‍ പര്യാപ്തമായില്ല.
പ്രധാനമന്ത്രിയുടെ പ്രസ്താവന വന്നശേഷം ദലിതര്‍ക്കുനേരേയുള്ള പശു സംരക്ഷണസമിതിക്കാരുടെ ആക്രമണം പെരുകിത്തുടങ്ങിയെന്നതാണു യാഥാര്‍ഥ്യം. ചത്തപശുവിന്റെ തൊലിയുരിച്ചുവെന്നാരോപിച്ചാണു ഗുജറാത്തിലെ ഉനയില്‍ രണ്ടു ദലിതര്‍രെ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കു വിധേയമാക്കിയത്. ഇതിനെത്തുടര്‍ന്നാണു യു.പി.യിലും ഗുജറാത്തിലും ദലിതര്‍ പ്രക്ഷോഭത്തിനിറങ്ങിയത്. പ്രക്ഷോഭം കൈവിട്ടുപോകുന്നുവെന്ന തിരിച്ചറിഞ്ഞപ്പോഴാണു പ്രധാനമന്ത്രി 'എന്റെ നെഞ്ചിലേയ്ക്കു വെടിവയ്ക്കൂ'വെന്നു പകല്‍ ഗോസംരക്ഷകരും രാത്രി സാമൂഹ്യവിരുദ്ധരുമായവരോടു പറഞ്ഞത്.
പ്രധാനമന്ത്രിയുടെ വാക്കുകളോടെ ദലിതര്‍ക്കുനേരേയുള്ള ആക്രമണം കുറയുമെന്നു ബി.ജെ.പി വിശ്വസിച്ചുവെങ്കില്‍ തെറ്റിപ്പോയിയെന്നു ദിവസങ്ങള്‍ക്കുള്ളില്‍ തെളിഞ്ഞു. രാജ്യത്ത് ദലിതര്‍ക്ക് നേരെയുള്ള ആക്രമണം വ്യാപകമായികൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രിക്കെതിരേ വി.എച്ച്.പി പ്രവര്‍ത്തകര്‍ എതിര്‍പ്പിനും മൂര്‍ച്ചകൂട്ടി ഇതിലൂടെ. ഗുജറാത്തിലെ ഉനയെ അനുസ്മരിപ്പിക്കുംവിധം കഴിഞ്ഞ ദിവസമാണ് ആന്ധ്രപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ ദലിത്‌സഹോദരങ്ങളെ ചത്തപശുവിന്റെ തൊലിയുരിഞ്ഞുവെന്നാരോപിച്ചു ക്രൂരമായി മര്‍ദിച്ചവശരാക്കിയത്. പരുക്കേറ്റവര്‍ ഇപ്പോള്‍ അമലാപുരം ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രധാനമന്ത്രി ആന്ധ്രയില്‍ സന്ദര്‍ശനം നടത്തിയ അതേദിവസമാണു ദലിത് സഹോദരങ്ങളെ തെങ്ങില്‍ കെട്ടിയിട്ടു ക്രൂരമായി മര്‍ദിച്ചത് എന്നതില്‍നിന്ന് ഇതൊരു യാദൃച്ഛികസംഭവമാകാന്‍ ഇടയില്ലെന്ന് അനുമാനിക്കണം. പ്രധാനമന്ത്രിക്കുള്ള മറുപടിയാണത്. യു.പിയിലും ദലിതര്‍ക്കു നേരേയുള്ള ആക്രമണം തുടരുകയാണ്.
അലിഗഡ് ജില്ലയില്‍ പശുവിനെ മോഷ്ടിച്ചുവെന്നാരോപിച്ചു ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ നാലു ദലിത് യുവാക്കളെ ഇന്നലെ ആക്രമിച്ച് പരുക്കേല്‍പ്പിച്ചു. കാലികളെ കൊണ്ടുപോവുകയായിരുന്ന വണ്ടി തടഞ്ഞുവച്ചായിരുന്നു ആക്രമണം. യു.പി.യിലെ തന്നെ സാംബാള്‍ ജില്ലയില്‍ ദലിത് ബാലികയെ ക്ഷേത്രപുരോഹിതന്‍ പൈപ്പില്‍നിന്നു വെള്ളം കുടിച്ചുവെന്നാക്ഷേപിച്ചു ക്രൂരമായി മര്‍ദിച്ചവശയാക്കിയിരിക്കുകയാണ്. പാടത്തുപണിക്കുവന്ന പതിമൂന്നുകാരി ദാഹിച്ചപ്പോള്‍ ക്ഷേത്രത്തിലെ പൈപ്പില്‍നിന്ന് ഇത്തിരി വെള്ളമെടുത്തതാണു പ്രകോപനത്തിനു കാരണമായി പറയുന്നത്. യു.പിയിലെ മുസഫര്‍ നഗറിലും ദലിത് യുവാവിനുനേരേ ഇന്നലെ ആക്രമണമുണ്ടായി. വയലിലേയ്ക്കു പണിക്കുപോവുകയായിരുന്ന വിനോദ് കുമാറിനെ ഗ്രാമമുഖ്യനും സംഘവും ആക്രമിക്കുകയായിരുന്നു.
പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ ചൂടാറുംമുമ്പു ദലിതര്‍ക്കുനേരേയുള്ള ആക്രമണം വ്യാപകമായതിനുപിന്നില്‍ സവര്‍ണരായ വിശ്വഹിന്ദുപരിഷത്തിന്റെയും ബജ്‌റംഗദളിന്റെയും ബോധപൂര്‍വമായ നീക്കങ്ങളുണ്ടെന്നു വ്യക്തം.
ഗുജറാത്തില്‍ ഉനയില്‍ പശുവിനെ കൊന്നതു ദലിത് യുവാക്കളായിരുന്നില്ലെന്നും സിഹമായിരുന്നുവെന്നും ഗുജറാത്ത് സി.ഐ.ഡി നടത്തിയ അന്വേഷണത്തില്‍ വെളിപ്പെട്ടിരിക്കുകയുമാണ്. ജൂലൈ 22 ന് ദേശീയ പട്ടികജാതി- പട്ടികവര്‍ഗകമ്മിഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത് ദലിതര്‍ക്കുനേരെയുള്ള ആക്രമണം ഗുജറാത്തില്‍ അഞ്ചുമടങ്ങും ചത്തീസ്ഗഡില്‍ മൂന്നുമടങ്ങും വര്‍ദ്ധിച്ചുവെന്നാണ്. കേന്ദ്ര സാമൂഹ്യ ക്ഷേമവകുപ്പ് മന്ത്രി താവര്‍ചന്ദ ഗലോട്ട് പങ്കെടുത്ത യോഗത്തിലായിരുന്നു കമ്മിഷന്‍ കണക്കുകള്‍ നിരത്തി ഇക്കാര്യം പറഞ്ഞത്.
ബി.ജെ.പി വര്‍ഷങ്ങളായി ഭരിച്ചുകൊണ്ടിരിക്കുന്ന ഗുജറാത്തില്‍ കഴിഞ്ഞവര്‍ഷം 6,655 കേസുകളാണ് ദലിതര്‍ക്കു നേരേയുള്ള ആക്രമണവുമായി ബന്ധപ്പെട്ടു രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2014 നു 1,130 ആയിരുന്നു. ഗുജറാത്തില്‍ ഒരു ലക്ഷം ദലിതരില്‍ 163 പേര്‍ നിത്യേന ഉയര്‍ന്ന ജാതിക്കാരുടെ ആക്രമണങ്ങള്‍ക്കു വിധേയരാകുന്നുണ്ട്.
ഛത്തീസ്ഗഡിലും സ്ഥിതി വ്യത്യസ്തമല്ല. 2015 ല്‍ ഇവിടെ ദലിതര്‍ക്കുനേരേ 3000 ആക്രമണങ്ങളാണ് അരങ്ങേറിയതെങ്കില്‍ 2014 ല്‍ ഇത് 1,160 ആയിരുന്നു. ഉത്തര്‍പ്രദേശും ദലിതര്‍ക്കുനേരേയുള്ള ആക്രമണങ്ങളില്‍ മുന്‍പന്തിയില്‍ത്തന്നെ.
ദലിതരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് 8,946 കേസുകളാണു രജിസ്റ്റര്‍ ചെയ്യപ്പെട്ടതെന്ന് ഔദ്യോഗികമായി പറയുന്നു. കേസ് രജിസ്റ്റര്‍ ചെയ്യപ്പെടാതെപോയ ആക്രമണങ്ങള്‍ അതിലധികമാണ്.
വ്യാജ പശുസംരക്ഷകര്‍ക്കുനേരേയുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കുശേഷം ആക്രമണം ഇതിലുമധികം വര്‍ദ്ധിച്ചിരിക്കുകയാണ്. വോട്ട് ബാങ്ക് നിലനിര്‍ത്താന്‍വേണ്ടിയാണു പ്രധാനമന്ത്രി അദ്ദേഹത്തെ വെടിവയ്ക്കാന്‍ പറഞ്ഞതെങ്കിലും സവര്‍ണജാതിക്കാരെ ആ വാക്കുകള്‍ ചൊടിപ്പിച്ചിരിക്കുകയാണ്.
ദലിതരുടെ അനുഭാവം നേടിയെടുക്കാന്‍ പ്രധാനമന്ത്രിക്കോ ബി.ജെ.പിക്കോ കഴിഞ്ഞിട്ടുമില്ല. ദലിതര്‍ സ്വയം ചിന്തിക്കുവാനും ഉയര്‍ത്തെഴുന്നേല്‍ക്കാനും തുടങ്ങിയതിന്റെ പ്രാരംഭലക്ഷണങ്ങള്‍ രാജ്യത്തു പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നതു പ്രതീക്ഷാനിര്‍ഭരമാണ്.
ഹിന്ദുത്വദേശീയതയെന്ന ആര്‍.എസ്.എസ് മുദ്രാവാക്യത്തിനപ്പുറത്താണു തങ്ങളുടെ സ്വത്വമെന്നും അത് അടയാളപ്പെടുത്തേണ്ടതുണ്ടെന്നുമുള്ള ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ സംഘടിക്കുകയാണിപ്പോള്‍ രാജ്യത്തെ ദലിത് വിഭാഗം. ഹിന്ദുത്വരാഷ്ട്രീയത്തിലെ ഈ ഉള്‍പ്പരിവുകള്‍ ജനാധിപത്യത്തെയും മതേതരത്വത്തെയും കൂടുതല്‍ ശക്തിപ്പെടുത്തുക തന്നെ ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."