പഴയങ്ങാടിയില്‍ ബസ് തലകീഴായി മറിഞ്ഞു
പഴയങ്ങാടി: നിര്‍മാണം പുരോഗമിക്കുന്ന പിലാത്തറ-പഴയങ്ങാടി കെ.എസ്.ടി.പി റോഡിലെ അടുത്തില വളവില്‍ വച്ച് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞതിനെത്തുടര്‍ന്ന് 25 ഓളം പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ രാവിലെ എട്ടു മണിയോടെയാണ് പഴയങ്ങാടിയില്‍ നിന്നു പയ്യന്നൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് അപകടത്തില്‍പെട്ടത്. രാവിലെയുണ്ടായ കനത്ത മഴയില്‍ എതിരെ വരികയായിരുന്ന ബൈക്ക് യാത്രികനെ രക്ഷപെടുത്താനുള്ള ശ്രമത്തിനിടയില്‍ ബസ് നിയന്ത്രണം വിട്ട് വൈദ്യുത തൂണില്‍ തട്ടി റോഡരികിലേക്ക് തലകീഴായി മറിയുകയായിരുന്നു. വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. നാട്ടുകാരുടെ സമയോചിതമായ ഇടപെടലും അഗ്നിശമന സേന, ആംബുലന്‍സ് തുടങ്ങിയവരുടെ സേവനവും അപകടത്തില്‍പെട്ടവര്‍ക്ക് രക്ഷയായി. സാരമായി പരുക്കേറ്റ കൊട്ടില സ്വദേശിയായ ബസ് ഡ്രൈവര്‍ മനോജിനെ തീവ്രപരിചരണ വിഭാഗത്തിലും കണ്ടക്ടര്‍ ഏഴിലോട് സ്വദേശി റാനിഷ്, ക്ലീനര്‍ അടുത്തിലയിലെ പ്രകാശന്‍(38), ബസ് യാത്രക്കാരായ രാജമ്മ ചെറുകുന്ന്(47), കോഴി ബസാറിലെ ജുസൈല (19), പ്രനില ഏഴോം (26), സോഫി എരിപുരം(35), കൃഷ്ണന്‍ നിലേശ്വരം (42), സന്തോഷ് പളളികര്‍ (37), വേണുഗോപാലന്‍ വെള്ളോറ (45), കുഞ്ഞിപാത്തു മുട്ടം (52), മാളവിക ചെറുവത്തൂര്‍ (19), ബീന എരിപുരം (22), ശരണ്യ നീലേശ്വരം (18), മജീദ് എട്ടികുളം (38), ശിവദാസന്‍ വെങ്ങര, കിയ്യ ചാല്‍ (55) ഇതരസംസ്ഥാന തൊഴിലാളിയായ ജസ്വന്ത് കുമാര്‍ (31), ലെനിന്‍ വെങ്ങര (36) എന്നിവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിസാര പരുക്കേറ്റവരെ താലൂക്കാശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."