വിപണിയില്‍ ത്രിവര്‍ണക്കൊടി നിറഞ്ഞു
ചെറുവത്തൂര്‍: സ്വാതന്ത്ര്യദിനം അരികിലെത്തിയതോടെ ആഘോഷം വര്‍ണാഭമാക്കുന്നതിനുള്ള ഒരുക്കങ്ങളാണ് എങ്ങും. ആഘോഷത്തിനു നിറം ചാര്‍ത്താന്‍ വിപണിയില്‍ ത്രിവര്‍ണ വൈവിധ്യങ്ങള്‍ നിറഞ്ഞു കഴിഞ്ഞു. ദേശീയ പതാകയുടെ നിറങ്ങള്‍ ചാലിച്ച നിരവധി ഇനങ്ങള്‍ ഇത്തവണ വിപണിയിലുണ്ട്. ദേശീയ പതാക പ്ലാസ്റ്റിക്കില്‍ നിര്‍മിക്കുന്നതും വില്‍ക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും കര്‍ശനമായി നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
ഈ പശ്ചാത്തലത്തില്‍ തുണിയിലും കടലാസിലും നിര്‍മിച്ച പതാകകളാണു വിപണിയില്‍ എത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ബാക്കി വന്ന പ്ലാസ്റ്റിക് നിര്‍മിത പതാക കഴിഞ്ഞ ദിവസങ്ങളില്‍ ചില കടകളില്‍ വില്‍പനയ്ക്കു വച്ചിരുന്നുവെങ്കിലും നിരോധന ഉത്തരവ് ശ്രദ്ധയില്‍ പെട്ടതോടെ വില്‍പന നിര്‍ത്തിവച്ചു.
തൊപ്പികള്‍, പെണ്‍കുട്ടികള്‍ക്കായുള്ള വളകള്‍, റിബണുകള്‍, ബാഡ്ജുകള്‍ എന്നിവയെല്ലാം വിപണിയിലുണ്ട്. തെര്‍മ്മോക്കോളില്‍ മുറിച്ചെടുത്ത സ്വാതന്ത്ര്യദിന സന്ദേശങ്ങള്‍ അടങ്ങിയ ബോര്‍ഡുകള്‍, ബലൂണുകള്‍ എന്നിവയെല്ലാം ഇഷ്ടം പോലെ വിറ്റുപോകുന്നുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ആവശ്യക്കാരില്‍ കൂടുതല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."